സൗഹൃദപ്പായ വിടർത്തി സുദർശിനി

കൊച്ചി
ഇന്ത്യയുടെ സമുദ്രപൈതൃകത്തിന്റെ പ്രതീകമായ, നാവികസേനയുടെ പരിശീലന പായ്‌ക്കപ്പൽ ഐഎൻഎസ് സുദർശിനി പത്തുമാസംനീളുന്ന ‘ലോകയാന്‍ 26’ ലോകപര്യടനത്തിന് യാത്രതിരിച്ചു. കൊച്ചി ദക്ഷിണ നാവിക ആസ്ഥാനത്ത് ഫ്ലാഗ് ഓഫീസർ കമാൻഡിങ് ഇൻ ചീഫ് വൈസ് അഡ്മിറൽ സമീർ സക്‌സേന ഫ്ലാഗ്ഓഫ് ചെയ്തു. ‘ലോകയാൻ 26' ഫലകവും അനാവരണംചെയ്തു.
22,000 നോട്ടിക്കൽ മൈൽ ദൈർഘ്യമുള്ള ആഗോള സമുദ്രയാത്രയിൽ 13 ലോകരാജ്യങ്ങളും ഇരുപതോളം തുറമുഖങ്ങളും സന്ദർശിക്കും. സലാലയിലാണ് ആദ്യമെത്തുക. അറബ്, കരീബിയൻ, ആഫ്രിക്കൻ, യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിച്ചശേഷം അമേരിക്കയിലെത്തും.
സമുദ്ര നയതന്ത്രദൗത്യം
ലോകരാജ്യങ്ങളുമായുള്ള സൗഹൃദം ശക്തിപ്പെടുത്തുക, ‘ലോകം ഒന്നാണ്’ എന്ന സന്ദേശം പ്രചരിപ്പിക്കുക, ‘മഹാസാഗർ’ എന്ന ആശയം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളാണ് ദൗത്യത്തിന് പിന്നിലുള്ളതെന്ന് കമാൻഡിങ് ഓഫീസറും വിശാഖപട്ടണം സ്വദേശിയുമായ എൻ രവികാന്ത് പറഞ്ഞു. സുദർശിനി ഇന്ത്യയുടെ ‘സഞ്ചരിക്കുന്ന അംബാസഡർ' ആയിരിക്കുമെന്ന് സമീർ സക്‌സേന പറഞ്ഞു. 40 നാവികരുൾപ്പെടെ 80 പേരാണ് ദൗത്യത്തിലുള്ളത്. കൂടാതെ നാവിക, തീരരക്ഷാ സേനകളിലെ 265 ട്രെയ്‌നി ഓഫീസർമാരും ദൗത്യത്തിന്റെ ഭാഗമാകും.
ലോകസഞ്ചാരത്തിനിടെ ഫ്രാൻസിലെ ടോൾഷിപ്പ് റേസ് ‘എസ്‌കലേ സെതേ’, അമേരിക്കയുടെ 250–ാം സ്വാതന്ത്ര്യദിനാഘോഷം എന്നീ പരിപാടികളിലും സുദർശിനി പങ്കെടുക്കും.
സുസജ്ജം സുദർശിനി
ഗോവ കപ്പൽശാലയിൽ നിർമിച്ച സുദർശിനി 2012ലാണ് കമീഷൻ ചെയ്‌തത്. മൂന്ന് വലിയ പായകളുള്ള കപ്പലിന് 54 മീറ്റർ നീളവും 513 ടൺ ഭാരവുമുണ്ട്. 2012ൽ ഒന്പത് ഏഷ്യൻ രാജ്യങ്ങളിലൂടെ 12,000 മൈൽ പിന്നിട്ടാണ് സമുദ്രസഞ്ചാരം ആരംഭിച്ചത്.










0 comments