ad
Deshabhimani

ഇൻഫോപാർക്ക്‌ വേറെലെവലാകും ; തിളങ്ങും സൈബർ വാലി

infopark
വെബ് ഡെസ്ക്

Published on Jan 30, 2026, 03:54 AM | 1 min read


കൊച്ചി

കേരളത്തിന്റെ ഐടി രംഗത്തെ മാറ്റിമറിക്കാൻ ഒരുങ്ങുകയാണ്‌ ഇൻഫോപാർക്ക് മൂന്നാംഘട്ടത്തിൽ 300 ഏക്കറിൽ ഒരുങ്ങുന്ന സൈബർ വാലി. ഐടി, ഐടി അധിഷ്ഠിത സേവനങ്ങൾ, നിർമിത ബുദ്ധി, മറ്റു പുതിയ സാങ്കേതികവിദ്യകൾ എന്നിവയുടെ കേന്ദ്ര ഹബ്ബായി സൈബർ വാലി പ്രവർത്തിക്കുന്നതോടെ ഇൻഫോപാർക്കും കേരളവും കുതിക്കുമെന്ന്‌ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. പിപിപി മാതൃകയിൽ ആസൂത്രണം ചെയ്യുന്ന പദ്ധതിക്കായി 30 കോടി രൂപയാണ്‌ ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്‌. ഇതിനുപുറമെ ഇൻഫോപാർക്കിന്റെ പ്രവർത്തനങ്ങൾക്കായി 21.60 കോടി രൂപയും അനുവദിച്ചിട്ടുണ്ട്‌.

ഇൻഫോപാർക്കിൽ ജോലിചെയ്യുന്ന വനിതകൾക്ക് സുരക്ഷിതവും നിലവാരമുള്ളതുമായ താമസസൗകര്യം ലഭ്യമാക്കുന്നതിനായി ഹോസ്റ്റലുകൾ നിർമിക്കുന്നത്‌ തുടക്കക്കാർക്ക്‌ ഗുണകരമാകും. ഇത്തരം ഹോസ്‌റ്റലുകൾക്കായി ഇൻഫോപാർക്കിനും ടെക്‌നോപാർക്കിനുമായി അഞ്ചു കോടി രൂപയാണ്‌ ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്‌.


ഉയരും ഐടി ട‍ൗൺഷിപ്പ്‌

ഐടി പദ്ധതിക്കപ്പുറം കേരളത്തിന്റെ ആദ്യ നിർമിത ബുദ്ധി (എഐ) ടൗൺഷിപ്പായാണ്‌ ഇൻഫോപാർക്ക്‌ മൂന്നാംഘട്ടം വിഭാവനം ചെയ്‌തിരിക്കുന്നത്‌. നഗരപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന കേന്ദ്രീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം ഉപയോഗിച്ച് തത്സമയ ഡാറ്റാ വിശകലനത്തിലൂടെ പ്രശ്നങ്ങളെ മുൻകൂട്ടിക്കണ്ട് പരിഹരിക്കും. തലച്ചോറുള്ള ഒരു നഗരത്തിന്‌ സമാനം. ഇതിനായി സ്‌മാർട്ട്‌ ഇൻഫ്രാസ്‌ട്രക്‌ചർ സംവിധാനമാണുള്ളത്‌. മാലിന്യസംസ്‌കരണം, ഗതാഗതസംവിധാനം എന്നിവയിലടക്കം എല്ലായിടത്തും സെൻസറുകൾവച്ച്‌ ഡാറ്റ ശേഖരിച്ചാണ്‌ പ്രവർത്തനം.


പ്രധാന ജിസിസി കേന്ദ്രമാകും

ഇൻഫോപാർക്ക്‌ മൂന്നാംഘട്ടം യാഥാർഥ്യമാകുന്പോൾ കൊച്ചി പ്രധാന ആഗോളശേഷി കേന്ദ്രം (ഗ്ലോബൽ കേപ്പബിലിറ്റി സെന്റർ) ആയി മാറും. ആഗോള കമ്പനികൾ അവരുടെ ആസ്ഥാനത്തിന്റെ അതേ മാതൃകയിൽ ഒരുക്കുന്ന കേന്ദ്രങ്ങളാണ്‌ ജിസിസികൾ. ആഗോള കമ്പനികളുടെ ഗവേഷണ–വികസന, മാനവ വിഭവശേഷി, മാനേജ്‌മെന്റ്‌ വിഭാഗങ്ങൾ ഉൾപ്പെടുന്ന ചെറുമാതൃകകളാണ്‌ ജിസിസികൾ. ആയിരത്തിയെണ്ണൂറോളം ജിസിസികൾ ഇന്ത്യയിലുണ്ട്‌.


ജിസിസികൾ ഇവിടെ കൂടുതൽ വരണമെങ്കിൽ അതിനുള്ള പ്രതിഭാസന്പത്ത്‌ ഉണ്ടാകണം. അടിസ്ഥാനസ‍ൗകര്യ വികസനവും വേണം. ഇൻഫോപാർക്ക്‌ മൂന്നാംഘട്ടംപോലെയുള്ള അടിസ്ഥാനസ‍ൗകര്യ വികസനം കൊച്ചി നഗരത്തിലേക്ക്‌ കൂടുതൽ പ്രതിഭകളെ ആകർഷിക്കും. ഇത്തരത്തിൽ കൂടുതൽ ജിസിസികൾ ഇവിടേക്ക്‌ വരുമെന്ന്‌ വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home