ad
Deshabhimani

ഭക്ഷണം കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്ത്‌

ഇന്ദിര കാന്റീൻ നടത്തിപ്പ്‌ 
സമൃദ്ധിയുടെ ചെലവിൽ

indira canteen

സമൃദ്ധി കിച്ചണിൽനിന്ന്‌ ഇന്ദിര കാന്റീനിലേക്ക്‌ ഭക്ഷണം കൊണ്ടുപോകാൻ വാഹനത്തിൽ കയറ്റുന്നു

വെബ് ഡെസ്ക്

Published on Apr 24, 2026, 03:18 AM | 1 min read

കൊച്ചി


കൊച്ചി കോർപറേഷൻ യുഡിഎഫ്‌ ഭരണസമിതി ഇടപ്പള്ളിയിൽ തുടങ്ങിയ ഇന്ദിര കാന്റീൻ മുന്നോട്ടുപോകുന്നത്‌ എൽഡിഎഫ്‌ ഭരണസമിതി കൊണ്ടുവന്ന ‘സമൃദ്ധി’യുടെ ബലത്തിൽ. എറണാകുളം നോർത്തിലെ സമൃദ്ധി@കൊച്ചി ജനകീയ ഹോട്ടലിൽനിന്ന്‌ ഇന്ദിര കാന്റീനിലേക്ക്‌ ഭക്ഷണം കൊണ്ടുപോകുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചയായി.


കോർപറേഷൻ എൽഡിഎഫ്‌ പാർലമെന്ററി പാർടി നേതാവ്‌ വി എ ശ്രീജിത്താണ്‌ ഫെയ്‌സ്‌ബുക്കിൽ ദൃശ്യങ്ങൾ പങ്കുവച്ചത്‌. ‘‘നമ്മുടെ സ്വന്തം സമൃദ്ധി ഹോട്ടലിൽനിന്ന്‌ ഭക്ഷണം ഇതാ ഇന്ദിര കാന്റീനിലേക്ക് എത്തിക്കുന്നു. പ്രതിപക്ഷനേതാവ് വി ഡി സതീശൻ അടിപൊളി ഭക്ഷണമാണെന്ന് കേരളീയരോട് പറഞ്ഞ ഭക്ഷണം നമ്മുടെ സമൃദ്ധി ഹോട്ടലിലേതാണ്‌.


സമൃദ്ധിയുടെ ചെലവിൽ അങ്ങനെ ഇന്ദിര കാന്റീൻ വളരുകയാണ്‌’ –ദൃശ്യങ്ങൾക്കൊപ്പം ശ്രീജിത് കുറിച്ചു. ഇതോടെ ഇന്ദിര കാന്റീൻ ആരംഭിച്ചതിന്‌ പിന്നിലെ യുഡിഎഫ്‌ ഭരണസമിതിയുടെ ഗ‍ൂഢലക്ഷ്യങ്ങളുൾപ്പെടെ ചർച്ചയായി. സമൃദ്ധിയെ തകർക്കുകയാണ്‌ യുഡിഎഫിന്റെ ലക്ഷ്യമെന്നാണ്‌ വിമർശം. കുറഞ്ഞവിലയ്‌ക്ക്‌ ഭക്ഷണം നൽകുകയാണ്‌ ലക്ഷ്യമെങ്കിൽ എന്തുകൊണ്ട്‌ അത്‌ സമൃദ്ധിയിൽത്തന്നെയായിക്കൂടെയെന്ന ചോദ്യവും ഉയരുന്നു.


അഴിമതികൂടി ലക്ഷ്യമിട്ടാണ്‌ യുഡിഎഫ്‌ ഭരണസമിതി ഇന്ദിര കാന്റീൻ ആരംഭിച്ചതെന്ന്‌ നേരത്തേ ആരോപണമുയർന്നിരുന്നു. ഇന്ദിര കാന്റീൻ നിർമാണപ്രവൃത്തി നടത്തിയത്‌ ടെൻഡറോ, ക്വട്ടേഷനോ ക്ഷണിക്കാതെയാണ്‌. കാന്റീന്‌ പുറത്ത്‌ ടൈൽ പാകിയതടക്കമുള്ള പ്രവൃത്തികളും ടെൻഡർ ക്ഷണിക്കാതെയാണ്‌ നടത്തിയത്‌. സമൃദ്ധിയുടെ അക്ക‍ൗണ്ടിലെ തുക ഉപയോഗിച്ചാണ്‌ ഇന്ദിര കാന്റീൻ പ്രവർത്തിക്കുന്നതുതന്നെ. ജനങ്ങൾക്ക്‌ കുറഞ്ഞനിരക്കിൽ ഭക്ഷണം നൽകുന്നതിന്‌ എതിരല്ലെന്നും ഇന്ദിര കാന്റീനിന്റെ പേരിൽനടത്തുന്ന തെറ്റായ നടപടികളെ എതിർക്കുമെന്നും എൽഡിഎഫ്‌ ക‍ൗൺസിലർമാർ നേരത്തേ വ്യക്തമാക്കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home