ad
Deshabhimani

നൃത്തവൈവിധ്യം, 
സംഗീത സന്ധ്യാമഴ... ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്‌ വേദികൾ ഒരുങ്ങി

Indian Cultural Congress

സാംസ്കാരിക മഹാസംഗമത്തെ വരവേൽക്കാനൊരുങ്ങി നഗരം. സാംസ്കാരികവകുപ്പു സംഘടിപ്പിക്കുന്ന ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന് ഇന്ന് അരങ്ങുണരും. 
വേദികളിൽ ഒന്നായ എറണാകുളം മഹാരാജാസ് കോളേജിലെ കമാനത്തിന് മുന്നിൽനിന്ന് സെൽഫിയെടുക്കുന്നവർ

വെബ് ഡെസ്ക്

Published on Dec 20, 2025, 03:00 AM | 2 min read

കൊച്ചി

ബഹുസ്വരതയുടെ ആഘോഷമായ ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന് അരങ്ങ് സജ്ജം. ഇനി മൂന്നുനാൾ നഗരഹൃദയം സാംസ്‌കാരികചർച്ചകൾക്കും സംവാദങ്ങൾക്കും വേദിയാകും.

കൊച്ചിയുടെ സായഹ്നങ്ങൾ നൃത്ത, സംഗീതസാന്ദ്രമാകും. രാജേന്ദ്രമൈതാനം (ടാഗോർ വേദി), സുഭാഷ്‌ പാർക്ക്‌ (പിക്കാസോ വേദി), ടി കെ രാമകൃഷ്ണൻ സാംസ്കാരിക കേന്ദ്രം (വൈക്കം മുഹമ്മദ്‌ ബഷീർ വേദി), മഹാരാജാസ്‌ കോളേജ്‌ (പ്രൊഫ. എം കെ സാനു മാസ്റ്റർ സമുച്ചയം), ദർബാർഹാൾ മൈതാനം (കേക), കേരള ലളിതകലാ അക്കാദമി (ഷേക്‌സ്‌പിയർ സ്‌ക്വയർ), കേരള ഫൈൻ ആർട്‌സ്‌ സൊസൈറ്റി ഹാൾ (കാളിദാസ രംഗവേദി), ചാവറ കൾച്ചറൽ സെന്റർ (ജെ സി ഡാനിയേൽ തിയറ്റർ വേദി) എന്നീ എട്ടുവേദികളിലാണ്‌ പരിപാടികൾ നടക്കുന്നത്‌. വേദികളിലെ ഒരുക്കങ്ങൾ പൂർത്തിയായി.


ആദ്യദിനംതന്നെ വൈവിധ്യമാർന്ന കലാവതരണങ്ങളാണ്‌ ആസ്വാദകരെ കാത്തിരിക്കുന്നത്‌. കപ്‌ടാ നൃത്തം, ഫുഗ്‌ ഡേ നൃത്തം, ചാക്യാർകൂത്ത്‌, മിഴാവിൽ തായമ്പക, പൂരക്കളി, "ചണ്ഡാലഭിക്ഷുകി' കേരളനടനം തുടങ്ങിയവ നടക്കും. ദർബാർ ഹാൾ മൈതാനത്ത്‌ (കേക) പണ്ഡിറ്റ്‌ രമേഷ്‌ നാരായണനും മധുശ്രീയും മധുവന്തിയും വേദിയിലെത്തുന്ന മേഘ മൽഹാർ സംഗീതസന്ധ്യാമഴ അരങ്ങേറും. കേരള ഫൈൻ ആർട്‌സ്‌ സൊസൈറ്റി ഹാളിൽ (കാളിദാസ രംഗവേദി) ഡൽഹി ജനനാട്യമഞ്ചിന്റെ മല്ലിക തനേജ സംവിധാനം ചെയ്ത "കഭി നാ ഖദം ഹോത്താ കാം' നാടകാവതരണമുണ്ടാകും. സുഭാഷ്‌ പാർക്ക്‌– പിക്കാസോ വേദിയിൽ വൈകിട്ട്‌ കുരുത്തോല കൈവേല ശിൽപ്പശാല, "ഇസയുടെ തുളസിക്കൊടി' കഥാപ്രസംഗം, ചാവറ കൾച്ചറൽ സെന്ററിൽ ചെമ്മീൻ, ബാറ്റിൽഷിപ്പ്‌ പൊട്ടംകിൻ തുടങ്ങിയ ചിത്രങ്ങളുടെ പ്രദർശനം എന്നിവ നടക്കും. ലോകനാടകവേദിയെക്കുറിച്ചും നവകേരളത്തെക്കുറിച്ചുമെല്ലാം സംസാരിക്കുന്ന മുഖാമുഖങ്ങളും ചർച്ചകളും പകൽ രണ്ടുമുതൽ സുഭാഷ്‌ പാർക്കിൽ ആരംഭിക്കും.


പുസ്തകോത്സവത്തിന്‌ തുടക്കം

ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിനോടനുബന്ധിച്ച്‌ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന്‌ മഹാരാജാസ്‌ കോളേജ്‌ ക്യാമ്പസിൽ തുടക്കം. പ്രൊഫ. എം കെ സാനുവിന്റെ സ്മരണയുണർത്തുന്ന വേദിയിൽ ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു. മഹാരാജാസ്‌ കോളേജ്‌ ഗവേണിങ് ബോഡി അംഗം ഡോ. എം എസ്‌ മുരളി, പുസ്തകോത്സവസമിതി കൺവീനർ പി ആർ റെനീഷ്‌, ഭാരത്‌ ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ്‌ പയ്യന്നൂർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌ അസിസ്റ്റന്റ്‌ ഡയറക്ടർ എൻ ജയകൃഷ്‌ണൻ, മഹാരാജാസ്‌ കോളേജ്‌ യൂണിയൻ ചെയർമാൻ മുഹമ്മദ്‌ അഫ്രീദ്‌ എന്നിവർ സംസാരിച്ചു.


ചടങ്ങിൽ വിദ്യാർഥികൾ വയലാറിന്റെ "മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു', "സാരേ ജഹാംസേ അച്ഛാ' എന്നീ ഗാനങ്ങൾ ആലപിച്ചു. ഇതേസമയം അഞ്ച്‌ കലാപ്രവർത്തകർ മതനിരപേക്ഷതയുടെ സന്ദേശം ഉൾക്കൊള്ളുന്ന ചിത്രങ്ങൾ വരച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ്‌ പുസ്തകോത്സവത്തിന്റെ സംഘാടകർ. 65 സ്റ്റാളുകളുകളിലായി അറുപതിലധികം പ്രസാധകരുടെ പുസ്തകങ്ങളുണ്ടാകും.


Indian Cultural Congress
ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ ഭാഗമായി എറണാകുളം മഹാരാജാസ് കോളേജിൽ ആരംഭിച്ച പുസ്തകോത്സവം 
ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള ഉദ്‌ഘാടനം ചെയ്യുന്നു



സൂസി താരു പങ്കെടുക്കും

ഇന്ത്യയിലെ സ്ത്രീപക്ഷപഠനങ്ങളെയും സാംസ്കാരിക ഗവേഷണങ്ങളെയും ആധുനികവൽക്കരിച്ച പ്രമുഖ അക്കാദമിക് പണ്ഡിത സൂസി താരു ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ ഭാഗമാകും. ഹൈദരാബാദിലെ ഇഎഫ്‌എൽ യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസറായിരുന്ന അവർ, കെ ലളിതയോടൊപ്പം ചേർന്ന് എഡിറ്റ് ചെയ്ത ‘വുമൺ റൈറ്റിങ് ഇൻ ഇന്ത്യ' എന്ന പുസ്തകത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. രണ്ടായിരത്തിലധികം വർഷത്തെ ഇന്ത്യൻസ്ത്രീകളുടെ രചനകൾ സമാഹരിച്ച ഈ കൃതി സാഹിത്യചരിത്രത്തിലെ നാഴികക്കല്ലാണ്. സ്ത്രീവാദം, ദളിത് രാഷ്ട്രീയം, മെഡിക്കൽ, ഹ്യൂമാനിറ്റീസ് മേഖലകളിൽ ഇടപെടുന്ന അവർ, സിദ്ധാന്തങ്ങളെ സാമൂഹിക പോരാട്ടങ്ങളുമായി ബന്ധിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home