ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്
ഒരുനാൾ അകലെ കലയുടെ കടലിമ്പം

കൊച്ചി
സാംസ്‌കാരിക വൈവിധ്യങ്ങളുടെ പോറ്റില്ലമായ കൊച്ചി നാളിതുവരെ കണ്ടിട്ടില്ലാത്ത സാംസ്‌കാരിക മഹാസംഗമത്തിനാണ് 20 മുതൽ 22 വരെ നടക്കുന്ന ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഐസിസി) വേദിയൊരുക്കുന്നത്. സുഭാഷ് പാർക്കും രാജേന്ദ്ര മൈതാനവും ബോട്ട് ജെട്ടി പരിസരവും ദർബാർഹാൾ മൈതാനവുമുൾപ്പെടെ ആതിഥ്യമേകും. മൃദംഗ വിദ്വാൻ ഉമയാൾപുരം ശിവരാമൻമുതൽ കഥകളിയിലെ ഇതിഹാസം കലാമണ്ഡലം ഗോപിയാശാനും അഭ്രപാളിയിലെ സൂപ്പർതാരം മമ്മൂട്ടിയും വരെയുള്ളവരുടെ സാന്നിധ്യം വേദികളെ സന്പന്നമാക്കും. പരന്പരാഗത കലകളും ക്ലാസിക്കൽ നൃത്താവിഷ്‌കാരവും മുതൽ മിമിക്‌സ് മെഗാ ഷോയും സർക്കസും വരെയുള്ള അവതരണങ്ങൾ കാഴ്‌ചവിരുന്നൊരുക്കും. 20-ന് പകൽ 11ന് രാജേന്ദ്ര മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ കൾച്ചറൽ കോൺഗ്രസ് ഉദ്ഘാടനം ചെയ്യും.
മഹാരാജാസ് കോളേജ് വിദ്യാർഥികൾ അവതരിപ്പിക്കുന്ന സംഗീതപരിപാടിയോടെ 20ന് രാവിലെ 8.30ന് രാജേന്ദ്ര മൈതാനത്തെ ഉദ്‌ഘാടനവേദി ഉണരും. തുടർന്ന് ഉമയാൾപുരം ശിവരാമനും മേള ചക്രവർത്തി മട്ടന്നൂർ ശങ്കരൻകുട്ടിയും 51 കലാകാരസംഘവും ചേർന്നൊരുക്കുന്ന വാദ്യ സമന്വയം. ഹരിനാരായണൻ രചിച്ച് ബിജിപാൽ സംഗീതം നൽകിയ മുദ്രാഗാനത്തിന് സെന്റ് തേരേസാസ് കോളേജ് വിദ്യാർഥിനികളുടെ ദൃശ്യാവിഷ്‌കാരം.
ദർബാർഹാൾ മൈതാനത്തെ വേദി വൈകിട്ട് 5.30ന് ഹരിനാരായണന്റെ സോപാനസംഗീതാവതരണത്തോടെ ഉണരും. സുഭാഷ് ബോസ് പാർക്കിലെ അഞ്ചുവേദികളിൽ രാവിലെമുതൽ സെമിനാറുകൾ. വൈകിട്ട് അഞ്ചുമുതൽ ഫോക്‌ലോർ അക്കാദമി, ഗുരു ഗോപിനാഥ് നടനഗ്രാമം, കേരള കലാമണ്ഡലം, ഭാരത്‌ഭവൻ എന്നിവ അവതരിപ്പിക്കുന്ന വിവിധ പരിപാടികൾ. ടി കെ രാമകൃഷ്‌ൺ സാംസ്‌കാരിക കേന്ദ്രത്തിൽ സർക്കസ് മുതൽ റെക്കോഡ് ഡാൻസ് വരെയുള്ളവ കാണാം. മഹാരാജാസ് കോളേജിലെ എം കെ സാനു സമുച്ചയത്തിലാണ് വിവിധ സംഗീതപരിപാടികൾ. ചാവറ കൾച്ചറൽ സെന്ററിലെ തിയറ്ററിൽ സിനിമാപ്രദർശനവും പപ്പറ്റ് ഷോയും. ദർബാർഹാൾ ഗാലറിയിൽ പ്രമുഖരുമായുള്ള മുഖാമുഖവും സംവാദങ്ങളും നടക്കും.









0 comments