ആലുവ മാർക്കറ്റ് റോഡിലെ അനധികൃത പാർക്കിങ്
ഡ്രമ്മുകളും റിബണും സ്ഥാപിച്ച് നാട്ടുകാർ

ആലുവ മാർക്കറ്റ് റോഡിലെ അനധികൃത വാഹന പാർക്കിങ്ങിനെതിരെ നാട്ടുകാർ ഡ്രമ്മുകളും റിബണും സ്ഥാപിക്കുന്നു
ആലുവ
ആലുവ മാർക്കറ്റ് റോഡിലെ അനധികൃത വാഹന പാർക്കിങ്ങിനെതിരെ അധികാരികൾ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാരുടെ നേതൃത്വത്തിൽ റോഡിൽ ഡ്രമ്മുകളും റിബണും സ്ഥാപിച്ച് പ്രതിഷേധിച്ചു.
മാർക്കറ്റിനുസമീപമുള്ള സർവീസ് റോഡിൽനിന്ന് ഉളിയന്നൂർ, കുഞ്ഞുണ്ണിക്കര ഭാഗങ്ങളിലേക്ക് പോകുന്ന പ്രധാനപാതയിലെ രൂക്ഷമായ അനധികൃത പാർക്കിങ്ങും വീതിയില്ലായ്മയുമാണ് യാത്രക്കാരെ വലയ്ക്കുന്നത്. ഇടുങ്ങിയ വഴിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുകാരണം കുഞ്ഞുണ്ണിക്കര, ഉളിയന്നൂർ, ഏലൂക്കര, മുപ്പത്തടം ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾക്ക് യാത്രചെയ്യാൻ കഴിയാത്ത സാഹചര്യമാണ്.
മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് പതിവായിട്ടും അധികാരികൾ നടപടി എടുക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. കഴിഞ്ഞദിവസം ഇവിടെ സ്‌കൂട്ടർ യാത്രികയായ അമ്മയ്ക്കും കുഞ്ഞിനും സ്വകാര്യബസിടിച്ച് പരിക്കേറ്റിരുന്നു. റോഡരികിലെ മണ്ണ് നീക്കംചെയ്ത് വീതികൂട്ടി പ്രദേശത്തെ ഗതാഗതതടസ്സം പരിഹരിക്കണമെന്നും, അനധികൃത പാർക്കിങ് നിരോധിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ നിരന്തരം അധികാരികളെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
ഇതിൽ പ്രതിഷേധിച്ചാണ് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. നൂറുകണക്കിനുപേരും സ്കൂൾ വിദ്യാർഥികളും രോഗികളും സഞ്ചരിക്കുന്ന പ്രധാനറോഡിലെ അനധികൃത പാർക്കിങ്ങിന് ശാശ്വതപരിഹാരം കാണാൻ അധികാരികൾ അടിയന്തരമായി ഇടപെടണമെന്നും, നോ-പാർക്കിങ് ബോർഡുകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനം.









0 comments