ഐഐഎം കൊച്ചി കേന്ദ്രത്തിന് കെഎംആർഎൽ കെട്ടിടം ; ഉദ്ഘാടനം മാർച്ചിൽ

കളമശേരി
കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിന്റെ കൊച്ചി കേന്ദ്രത്തിനായി ബഹുനില കെട്ടിടം നിർമിച്ച് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ). മെട്രോ ആവശ്യത്തിനല്ലാതെ കെഎംആർഎൽ നിർമിക്കുന്ന ആദ്യകെട്ടിടമെന്ന പ്രത്യേകതയും ഇതിനുണ്ട്. കെഎംആർഎൽ ചീഫ് എൻജിനീയർ വിനു കോശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിർമാണം നടത്തിയത്. മാർച്ചിൽ ഇവിടെ ക്ലാസുകൾ ആരംഭിക്കുമെന്ന് ഐഐഎം കോഴിക്കോട് ഡയറക്ടർ ദേബാഷിഷ് ചാറ്റർജി പറഞ്ഞു.
കുസാറ്റ് മെട്രോ സ്റ്റേഷന്റെ പാർക്കിങ് ഗ്രൗണ്ടായി ഉപയോഗിച്ചിരുന്ന 45 സെന്റിലാണ് മന്ദിരം നിർമിച്ചത്. കെഎംആർഎല്ലും ഐഐഎമ്മും തമ്മിലുള്ള ധാരണപത്രപ്രകാരം ബിൽഡ്- ടു- സ്യൂട്ട് മാതൃകയിലാണ് സെന്റർ സ്ഥാപിച്ചത്. ഏഴുനിലകളിലായി 62,000 ചതുരശ്രയടി വിസ്തീർണത്തിൽ പ്രീ–എൻജിനീയറിങ് സ്റ്റീൽ ഘടനയിലാണ് നിർമാണം. കെട്ടിടത്തിനകത്ത് പ്രകൃതിദത്ത വെളിച്ചം ലഭിക്കാൻ എല്ലാ നിലകളിലും കെട്ടിടത്തിനുചുറ്റും 1800 ചതുരശ്രയടി ഗ്ലാസ് ഭിത്തി നൽകിയിട്ടുണ്ട്. എല്ലാ ആധുനിക സംവിധാനങ്ങളുമുള്ള ഏഴ് ഹൈടെക് ക്ലാസ്‌മുറികളും ഓഫീസ്, അനുബന്ധ സംവിധാനങ്ങളുമുണ്ട്. 72 പേർക്ക് ഇരിക്കാവുന്നവയാണ് ക്ലാസ്‌മുറികൾ. കെട്ടിടത്തെ കുസാറ്റ് മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഫർണിച്ചർ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെയാണ് കെട്ടിടം കൈമാറുന്നത്. ഐഐഎം കോഴിക്കോടിന്റെ ആദ്യ ഉപകേന്ദ്രമാണ് കളമശേരിയിൽ ഒരുങ്ങിയത്.
ഐഐഎം അടുത്തിടെ ആരംഭിച്ച നാലുവർഷ ബിരുദ പ്രോഗ്രാം കളമശേരി സെന്ററിലാണ് നടക്കുക. നിലവിൽ ഇവയും എക്സിക്യൂട്ടീവ് എംബിഎ പ്രോഗ്രാമുകളും ഇൻഫോപാർക്കിലാണ് നടത്തുന്നത്. മുഴുവൻസമയ ബാച്ചിലർ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് (ഓണേഴ്സ് വിത്ത് റിസർച്ച്) ആണ് കൊച്ചി കേന്ദ്രത്തിലെ പ്രധാന കോഴ്സ്.
സാമ്പത്തികശാസ്ത്രം, പബ്ലിക് പോളിസി, നിർമിതബുദ്ധി, മെഷീൻ ലേണിങ്, സൈക്കോളജി, ബിഗ് ഡാറ്റ തുടങ്ങിയ ഉപ വിഷയങ്ങളും തെരഞ്ഞെടുക്കാം. എക്സ്ചേഞ്ച് സെമസ്റ്ററുകൾ, ഗവേഷണ അവസരങ്ങൾ, ഇന്റേൺഷിപ്പുകൾ എന്നിവയും പാഠ്യപദ്ധതിയുടെ ഭാഗമാണെന്ന് ഡയറക്ടർ പറഞ്ഞു.









0 comments