ശ്രേയസ് അയ്യറുടെ ലക്ഷ്യം സമ്പൂർണ ആധിപത്യം; സിംബാബ്‌വെയ്‌ക്കെതിരെ ഇന്ന് യുവതാരങ്ങൾക്ക് അവസരം ലഭിച്ചേക്കും

Photo Credit:BCCI
ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കിയ ഇന്ത്യ മൂന്നാം മത്സരത്തിൽ വൈറ്റ്‌വാഷ് ലക്ഷ്യമിടുന്നു. ഇന്ന് നടക്കുന്ന അവസാന മത്സരത്തിൽ ടീമിൽ ചില മാറ്റങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന.
പേസർ പ്രിൻസ് യാദവിന് ഏറ്റ ഹാംസ്ട്രിംഗ് പരിക്കിനെ തുടർന്ന് ഇന്ത്യ പ്ലേയിങ് ഇലവനിൽ മാറ്റം വരുത്താൻ സാധ്യതയുണ്ട്. ഇതോടെ വിക്കറ്റ് കീപ്പർ-ബാറ്റർ പ്രഭ്സിമ്രൻ സിങ്ങിനും ഓൾറൗണ്ടർ സൂര്യാൻഷ് ഷെഡ്ഗെയ്ക്കും ട്വന്റി 20 അരങ്ങേറ്റത്തിന് അവസരം ലഭിച്ചേക്കും. ഇടംകൈയ്യൻ പേസർ അശോക് ശർമ്മയും തിരിച്ചെത്താൻ സാധ്യതയുള്ള താരമാണ്.
രണ്ടാം ട്വന്റി 20 യിൽ 90 റൺസിന്റെ തകർപ്പൻ ജയത്തിന് പിന്നാലെ സംസാരിച്ച ക്യാപ്റ്റൻ ശ്രേയസ് അയ്യർ, പരിക്ക് കാരണം ടീമിൽ ഒന്നോ രണ്ടോ മാറ്റങ്ങൾ ഉണ്ടായേക്കാമെന്ന് വ്യക്തമാക്കി. പരമ്പര വൈറ്റ്‌വാഷ് ചെയ്യുന്നതിനൊപ്പം യുവതാരങ്ങൾക്ക് അവസരം നൽകുന്നതും ടീമിന്റെ ലക്ഷ്യമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.
അതേസമയം, സിക്കന്ദർ റാസയുടെ നേതൃത്വത്തിലുള്ള സിംബാബ്‌വെ ആശ്വാസജയം തേടിയാണ് അവസാന മത്സരത്തിനിറങ്ങുന്നത്. പരമ്പര കൈവിട്ടെങ്കിലും സ്വന്തം മണ്ണിൽ മികച്ച പ്രകടനത്തോടെ പരമ്പര അവസാനിപ്പിക്കാനാണ് ആതിഥേയരുടെ ശ്രമം. ഹരാരെയിൽ ഇന്ന് ഇന്ത്യൻ സമയം വൈകുന്നേരം 4.30 ന് ആണ് മത്സരം








0 comments