മുതിർന്ന സിപിഐ എം നേതാവ് ബി കെ കാദർ അന്തരിച്ചു

ഇരിട്ടി : മുതിർന്ന സിപിഐ എം നേതാവും സിഐടിയു സംഘാടകനും ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റുമായിരുന്ന ബാണത്തുംകണ്ടി ബി കെ കാദർ അന്തരിച്ചു. 80 വയസായിരുന്നു.
കർഷക തൊഴിലാളി യൂണിയൻ നേതാവ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു. അവിഭക്ത കൂത്തുപറമ്പ് താലൂക്ക് കമ്മിറ്റിക്ക് കീഴിൽ കെഎസ് വൈഎഫ് പായം വില്ലേജ് കമ്മിറ്റി അംഗമായി പ്രവർത്തനമാരംഭിച്ചു. മാടത്തിൽ ടൗണിൽ ആദ്യ കാല ചുമട്ട്തൊഴിലാളിയായിരുന്നു. സിപിഐ എം പായം ലോക്കൽ കമ്മിറ്റി അംഗം, അവിഭക്ത മട്ടന്നൂർ ഏരിയാ കമ്മിറ്റി അംഗം, ഇരിട്ടി ഏരിയാ കമ്മിറ്റി അംഗം, അവിഭക്ത പായം ലോക്കൽ കമ്മിറ്റി സെക്രട്ടറി, ദീർഘകാലം കെഎസ്കെടിയു ജില്ലാ കമ്മിറ്റി അംഗം, മട്ടന്നൂർ, ഇരിട്ടി ഏരിയാ സെക്രട്ടറി, ചുമട്ട് തൊഴിലാളി യൂനിയൻ (സിഐടിയു) സ്ഥാപക നേതാവ്, ദീർഘകാലം ചുമട്ടു യൂനിയൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
അടിയന്തരാവസ്ഥക്കെതിരെ കലക്ട്രേറ്റ് പടിക്കൽ നടത്തിയ സമരത്തിൽ പൊലീസ് ലാത്തിച്ചാർജ് അടക്കം പലവട്ടം പൊലീസ് മർദ്ദനമേറ്റു. 1970 ൽ ഐക്യമുന്നണി സർക്കാർ ചുമത്തിയ കള്ളക്കേസിൽ കോടതി ജീവപര്യന്തം ശിക്ഷിച്ചു. കണ്ണൂർ സെൻട്രൽ ജയിലിൽ തുടർച്ചയായി ഭീകരമർദ്ദനമേറ്റു. കേസ് വിചാരണ ഘട്ടത്തിൽ എകെജി ഇടപെട്ട് മഹാരാഷ്ട്രയിലെ പ്രഗൽഭനായ അഡ്വ. കോടിവാലയെ എത്തിച്ചു. അഡ്വ. കുഞ്ഞിരാമമേനോൻ, അഡ്വ. എം കെ ദാമോദരൻ, അഡ്വ, വിജയലക്ഷ്മണൻ, അഡ്വ. കുഞ്ഞനന്തൻ നമ്പ്യാർ എന്നിവർ നടത്തിയ വിചാരണയിൽ കാദർ ഉൾപ്പെടെയുള്ള 23 സിപിഐ എം പ്രവർത്തകരെ ഹൈക്കോടതി കുറ്റക്കാരല്ലെന്ന് വിധിച്ചു.
ആദ്യ ഇരിട്ടി ബ്ലോക്ക് ഡവലപ്പ്മെന്റ് കൗൺസിൽ ചെയർമാൻ, തുടർന്ന് ആദ്യ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഗ്രാമീണ വികസന ആസൂത്രണത്തിൽ മികവോടെ പ്രവർത്തിച്ചു. നിലവിൽ സിപിഐ എം പുന്നാട് ബ്രാഞ്ചംഗമായിരുന്നു. ഭാര്യ: ടി കെ സക്കീന. മക്കൾ: സീനത്ത്( ഇരിട്ടി കാർഷിക വികസന ബാങ്ക്), മുനീറ, പരേതനായ അബ്ദുൾ ജലീൽ (ലത്തീഫ്). മരുമക്കൾ: അബൂബക്കർ, അഷറഫ്, ആയിഷ ( ഗൾഫ് )
സിപിഐ എം ഏരിയാ കമ്മിറ്റി ഓഫീസിൽ പൊതു ദർശനത്തിന് വച്ച മൃതദേഹത്തിൽ നൂറു കണക്കിനാളുകൾ അന്തിമാഞ്ജലിയർപ്പിച്ചു. കല്ലുമുട്ടിയിലെ വീട്ടിലെത്തിച്ച ശേഷം വൈകിട്ട് മാടത്തിൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, ഡോ. വി ശിവദാസൻ എംപി എന്നിവർ അനുശോചിച്ചു.









0 comments