യൂറോപ്പിൽ കാട്ടുതീ നിയന്ത്രണാതീതം; മൂന്ന് ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു, സ്പെയിനിൽ ഒരാൾ മരിച്ചു

Photo: EFA
പാരിസ്/മാഡ്രിഡ് : ഫ്രാൻസിലും സ്പെയിനിലും കാട്ടുതീ പടർന്നുപിടിക്കുന്നു. ശക്തമായ കാറ്റും ഉയർന്ന താപനിലയും കാരണം തീ നിയന്ത്രണവിധേയമാക്കാൻ സാധിക്കുന്നില്ല. മുൻകരുതലിന്റെ ഭാഗമായി ഇരുരാജ്യങ്ങളിൽ നിന്നുമായി മൂന്ന് ലക്ഷത്തിലധികം ആളുകളെ ഒഴിപ്പിച്ചു. ഫ്രഞ്ച് നഗരമായ ബോർഡോയിലേക്ക് തീയും കനത്ത പുകയും വേഗത്തിൽ പടരുകയാണ്. ഫ്രാൻസിലെ ജിറോൺഡെ, ലാന്റസ് മേഖലകളിൽ നിന്ന് രണ്ടര ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു.
സ്ഥിതി വിലയിരുത്താൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അടിയന്തര യോഗം വിളിച്ചു. അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്ക് സേനയെ നിയോഗിച്ചതോടെ ഞായറാഴ്ച നടക്കേണ്ട ടൂർ ഡെ ഫ്രാൻസിന്റെ അവസാന ഘട്ടം 133 കിലോമീറ്ററിൽ നിന്ന് 89 കിലോമീറ്ററായി ചുരുക്കി. സ്പെയിനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വലെൻസിയയിൽ കാറിനുള്ളിൽ എഴുപതുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. മാഡ്രിഡ് ഉൾപ്പെടെയുള്ള മേഖലകളിൽ നിന്ന് 60,000ത്തോളം പേരെയാണ് സ്പെയിൻ ഒഴിപ്പിച്ചത്.
ഇതുവരെ സ്പെയിനിൽ 1,30,000 ഹെക്ടറും ഫ്രാൻസിൽ 98,000 ഹെക്ടറും വനം കത്തിനശിച്ചു. ഇറ്റലിയിലെ സിസിലിയിലും സ്കോട്ട്‌ലൻഡിലും കാട്ടുതീ പടരുന്നുണ്ട്. ക്രോയേഷ്യ, പോർച്ചുഗൽ, ചെക്ക് റിപ്പബ്ലിക് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് യൂറോപ്യൻ യൂണിയന്റെ പ്രത്യേക അഗ്നിശമന വിമാനങ്ങളും ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിനായി എത്തി.








0 comments