എച്ച്എംടിയുടെ വൈദ്യുതി കുടിശ്ശിക: പരിഹാരത്തിലേക്ക്

സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ ചന്ദ്രൻപിള്ളയെ എച്ച്എംടി ചെയർമാൻ രാജേഷ് കോഹ്ലി പൊന്നാടയണിയിക്കുന്നു
കളമശേരി
കുടിശ്ശികയെ തുടർന്ന് എച്ച്എംടി കമ്പനിയിലേക്കുള്ള വൈദ്യുതി കെഎസ്ഇബി വിഛേദിച്ച സംഭവത്തിൽ ഇരുസ്ഥാപനങ്ങളുടെയും ചെയർമാൻമാരുടെ നേതൃത്വത്തിൽ ചർച്ച നടന്നു. ഡിസംബർ 23ന് 2007 മുതലുള്ള 30.2 കോടി രൂപയുടെ കുടിശ്ശിക അടച്ചില്ലെന്ന കാരണത്താലാണ് കമ്പനിയിലേക്കുള്ള വൈദ്യുതി വിഛേദിച്ചത്. തുടർന്ന് മന്ത്രി പി രാജീവ് ഇടപെട്ടാണ് പിറ്റേദിവസം വൈദ്യുതി പുനഃസ്ഥാപിച്ചത്.
എച്ച്എംടി ചെയർമാൻ രാജേഷ് കോഹ്ലി, കെഎസ്ഇബി ചെയർമാൻ മിൻഹാജ് ആലം, കെഎസ്ഇബി ഫിനാൻസ് ഡയറക്ടർ ആർ ബിജു എന്നിവർ ബുധനാഴ്ച തിരുവനന്തപുരത്ത് ചർച്ച നടത്തി പ്രശ്നപരിഹാരനടപടികൾ ആരംഭിച്ചു.
എച്ച്എംടിയുടെ കൈവശമുള്ള അഞ്ച് ഏക്കർ ഭൂമി കെഎസ്ഇബിക്ക് നൽകുന്നത് സംബന്ധിച്ചുള്ള മുൻധാരണ നടപ്പാക്കാൻ കഴിയുമെന്നാണ് മാനേജ്മെന്റ് നിലപാട്. ഇതുസംബന്ധിച്ച ഭൂമി പരിശോധനയ്‌ക്കായി കെഎസ്ഇബി ഉദ്യോഗസ്ഥർ, ചെയർമാൻ രാജേഷ് കോഹ്ലി, യൂണിറ്റ് ജിഎം മോഹൻകുമാർ, ഡിജിഎം ശ്രീകുമാർ, എസ്റ്റേറ്റ് മാനേജർ എം കാർത്തിക് എന്നിവരെത്തി. തർക്കപരിഹാരത്തിനായി ചർച്ച തുടരുമെന്ന് അധികൃതർ പറഞ്ഞു.
ട്രേഡ് യൂണിയനുമായി ചർച്ച നടത്തി
എച്ച്എംടി ചെയർമാൻ രാജേഷ് കോഹ്ലി യൂണിറ്റ് സന്ദർശിച്ച് ട്രേഡ് യൂണിയൻ പ്രതിനിധികളുമായി ചർച്ച നടത്തി. കെഎസ്ഇബി പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ചെയർമാർ പറഞ്ഞു. പ്രശ്നപരിഹാരത്തിനായി ഇടപെട്ട വ്യവസായമന്ത്രി പി രാജീവ്, വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടി എന്നിവരോട് ചെയർമാൻ പ്രത്യേകം നന്ദി രേഖപ്പെടുത്തി.
കമ്പനിയുടെ പുനരുദ്ധാരണ പാക്കേജ് വേഗത്തിൽ നടപ്പാക്കാൻ സമ്മർദം ചെലുത്തുന്നുണ്ടെന്നും ഡൽഹിയിൽ നടന്ന മന്ത്രിതല ചർച്ചയിൽ എംപിമാരായ ജോൺ ബ്രിട്ടാസ്, ഹൈബി ഈഡൻ എന്നിവർ വലിയ പിന്തുണയാണ് നൽകിയതെന്നും ചെയർമാൻ പറഞ്ഞു.
കമ്പനി നേരിടുന്ന പ്രതിസന്ധികളും പുനരുദ്ധാരണത്തിനുള്ള മാർഗവും സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ ചന്ദ്രൻപിള്ളയുമായി ചെയർമാൻ പ്രത്യേകം ചർച്ച ചെയ്തു. നാഷണൽ കോൺഫെഡറേഷൻ ഓഫ് എച്ച്എംടി യൂണിയൻസ് പ്രസിഡന്റ് എന്ന നിലയിൽ കമ്പനിയുടെ നിലനിൽപ്പിനായി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾക്ക് ചെയർമാൻ നന്ദി രേഖപ്പെടുത്തി. തുടർന്ന് കെ ചന്ദ്രൻപിള്ളയെ ചെയർമാൻ പൊന്നാടയണിയിച്ച് ആദരിച്ചു.










0 comments