ad
Deshabhimani

ഒരു മാസത്തിനിടെ എക്‌സൈസ്‌ പിടിച്ചത്‌ 225.94 ഗ്രാം

ഹെറോയിൻ വില്‍പ്പന വ്യാപകം: 
വരവ് ഉത്തരേന്ത്യയില്‍നിന്ന്

heroin
avatar
ശ്രീരാജ്‌ ഓണക്കൂർ

Published on Apr 29, 2026, 12:47 AM | 1 min read

കൊച്ചി

ഹെറോയിൻ വിൽപ്പന ജില്ലയിൽ വ്യാപകമാവുന്നതായി എക്‌സൈസ്‌ കണ്ടെത്തൽ. നാല്‌ മാസങ്ങളിലായാണ്‌ ഇ‍ൗ വർധനവ്‌ കണ്ടെത്തിയത്‌. എക്‌സൈസിന്റെ കണക്കനുസരിച്ച്‌ ഏപ്രില്‍ 1മുതൽ 27വരെ ജില്ലയിൽ പിടിച്ചത്‌ 225.94 ഗ്രാം ഹെറോയിനാണ്‌. പോപ്പിച്ചെടിയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന ഒപ്പിയത്തിൽ (കറുപ്പ്) നിന്ന്‌ വേർതിരിച്ചെടുക്കുന്ന ഹെറോയിൻ ഒരു ഗ്രാംവീതം കൊള്ളുന്ന ചെറിയ ഡപ്പിയിലാണ്‌ വിൽക്കുന്നത്‌. വളരെ എളുപ്പത്തിൽ കൊണ്ടു നടക്കാമെന്നതാണ്‌ മയക്കുമരുന്ന്‌ കച്ചവടക്കാരെ ഹെറോയിൻ വിൽപ്പനയിലേയ്‌ക്ക്‌ ആകർഷിക്കുന്നത്‌. കുറഞ്ഞ അളവിൽ കൂടുതൽ ലാഭം ലഭിക്കുന്നതും ഹെറോയിനിലേക്ക് തിരിയാൻ കച്ചവടക്കാരെ പ്രേരിപ്പിച്ചു എന്ന് എക്‌സൈസ്‌ വിലയിരുത്തുന്നു.


ഉത്തർപ്രദേശ്‌, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നാണ്‌ ഹെറോയിൻ പ്രധാനമായും കൊണ്ടുവരുന്നത്‌. അസം, പശ്‌ചിമ ബംഗാൾ സ്വദേശികളാണ്‌ പ്രധാന ഏജന്റുമാർ. ഒരു കിലോ ഹെറോയിന്‌ ഒരു കോടിയോളം രൂപ വില വരുമെന്നാണ് കണക്കാക്കുന്നത്. ഗ്രാമിന്‌ 2000–3000 വരെ രൂപയ്‌ക്കാണ്‌ ഹെറോയിൻ യുപി, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നിന്ന്‌ വാങ്ങുന്നത്‌. ഇത്‌ ഗ്രാമിന്‌ പതിനായിരം രൂപ വരെ വിലയ്‌ക്കാണ്‌ ഇവിടെ ആവശ്യക്കാർക്ക്‌ കൈമാറുന്നത്‌. തിങ്കളാഴ്ച മാത്രം ജില്ലയിൽ എക്‌സൈസ്‌ മൂന്ന്‌ ഹെറോയിൻ കേസുകളാണ്‌ പിടിച്ചത്‌.


അങ്കമാലിയിൽ നിന്ന്‌ 150 ഗ്രാമും ആലുവയിൽ നിന്ന്‌ 51.82 ഗ്രാമും കോതമംഗലത്തുനിന്ന്‌ 6.66 ഗ്രാമും ഹെറോയിൻ പിടിച്ചു. അറസ്‌റ്റിലായവർ അസം സ്വദേശികളാണ്‌. ട്രെയിന്‍ വഴിയാണ് ഹെറോയിൻ ഇവിടേക്ക് കടത്തുന്നത്. ട്രെയിൻ സീറ്റുകൾക്ക് അടിയിൽ ലഹരിമരുന്ന് വച്ച ശേഷം അതെടുക്കാൻ ആളുകളെ നിയോഗിക്കുകയാണ് പതിവ്.

എക്‌സൈസ്‌ ഇ‍ൗ മാസം 19.91 കിലോ കഞ്ചാവ്, 151.02 ഗ്രാം എംഡിഎംഎ, 10.57 ഗ്രാം മെത്താഫെറ്റമിന്‍, 8.79 ഗ്രാം ഹാഷീഷ്‌ ഓയില്‍ എന്നിവ പിടിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home