മലയാറ്റൂർക്ക് വാ... ‘ഹെലികോപ്‌ടറി’ൽ കയറാം

ജോയ് ജോസ് ഹെലികോപ്ടറിനരികെ

ശ്രീരാജ് ഓണക്കൂർ
Published on Nov 12, 2026, 04:23 AM | 1 min read
കൊച്ചി
ഹെലികോപ്‌ടറിൽ ഒന്നു കയറിയാലോ? അതും കേരളത്തെ പിടിച്ചുകുലുക്കിയ മഹാപ്രളയത്തെ ആസ്‌പദമാക്കി പുറത്തിറങ്ങിയ ‘2018’ സിനിമാ ചിത്രീകരണത്തിനായി നിർമിച്ച ഹെലികോപ്‌ടറിൽ. മലയാറ്റൂരിലാണ് ഒറിജിനലിനെ വെല്ലുന്ന ഇൗ ഹെലികോപ്ടർ ലാൻഡ് ചെയ്‌തിരിക്കുന്നത്. തെർമോക്കോളിലും മൾട്ടിവുഡിലും നിർമിച്ച ഹെലികോപ്‌ടർ ഇന്ന് പുതിയ രൂപത്തിലാണ്.
ഇരുന്പുഷീറ്റുകൾകൊണ്ട് പുതുക്കിപ്പണിത ഹെലികോപ്‌ടറിന്റെ പുതിയ ശിൽപ്പി മലയാറ്റൂർ മഞ്ഞളിയിൽ വീട്ടിൽ ജോയി ജോസാണ്. മലയാറ്റൂർ അടിവാരത്തെ മംഗലത്ത് റിസോർട്ട് ഉടമകൾ സിനിമാപ്രവർത്തകരുടെ കൈയിൽനിന്ന് ഹെലികോപ്‌ടർ വാങ്ങിയശേഷം ആറ് ലക്ഷത്തോളം രൂപ മുടക്കി പുനർനിർമിക്കുകയായിരുന്നു. മൂന്ന് മാസംകൊണ്ടാണ് ഹെലികോപ്‌ടർ പുനർനിർമിച്ചതെന്ന് ജോയി ജോസ് പറയുന്നു.
ഇലക്‌ട്രിക്കൽ ജോലികൾ അടക്കം പൂർത്തിയാക്കി എയർകണ്ടീഷൻ ചെയ്‌തിട്ടുണ്ട്. യഥാർഥ ഹെലികോപ്‌ടറിന്റേതുപോലെ ഇന്റീരിയർ വർക്കുകളാണ് ഇതിനുള്ളിൽ ചെയ്‌തിരിക്കുന്നത്. അകത്ത് മേശയും കട്ടിലുമടക്കം സജ്ജമാക്കി സഞ്ചാരികൾക്ക് താമസിക്കാനുള്ള സൗകര്യവുമൊരുക്കുന്നുണ്ട്. നാവികസേനയുടെ ‘കമോവ്’ ഹെലികോപ്‌ടർ ഡീകമീഷൻ ചെയ്‌ത് പഠനാവശ്യത്തിനായി മാറ്റിയപ്പോൾ അതിലെ ഇലക്‌ട്രിക് ജോലികളും മറ്റു അറ്റകുറ്റപ്പണികളും നടത്തിയവരിൽ ഒരാളായിരുന്നു ജോയി ജോസ്. ഇത്തരത്തിലാണ് ഹെലികോപ്‌ടറിന്റെ രൂപഘടനയെക്കുറിച്ചും അതിനുള്ളിലെ ഇലക്‌ട്രിക്കൽ സംവിധാനങ്ങളെക്കുറിച്ചും മനസ്സിലാക്കിയതെന്നും ജോയി ജോസ് പറയുന്നു.








0 comments