Deshabhimani

കൃഷിയിടത്തിൽനിന്ന്‌ 
 തീൻമേശയിലേക്ക്‌

food stories
വെബ് ഡെസ്ക്

Published on Nov 12, 2026, 04:13 AM | 1 min read

കൊച്ചി


സ്വന്തം കൃഷിയിടത്തിൽ വിളയിക്കുന്ന പച്ചക്കറികളും കാർഷിക ഉൽപ്പന്നങ്ങളുമായി പ്രവർത്തിക്കുന്ന ഭക്ഷണശാല. പേരുപോലെ വ്യത്യസ്തമാണ്‌ ആയവന കടുംപിടിയിലെ ‘ചേമ്പും താളും' ഹോട്ടലിന്റെ വിശേഷങ്ങൾ. കൃഷിയിടത്തിൽനിന്ന്‌ വിളവെടുക്കുന്ന പച്ചക്കറികൾ ഉപയോഗിച്ച്‌ തയ്യാറാക്കുന്ന വിഭവങ്ങൾ നേരിട്ട്‌ തീൻമേശയിലേക്ക്‌ എത്തിക്കുന്ന ആശയമാണ് ഇവിടുത്തെ പ്രധാന ആകർഷണം. രണ്ടാറിലെ വീടിനോട്‌ ചേർന്നുള്ള നാല്‌ ഏക്കറിലാണ്‌ ഉടമ ദിവ്യ അനീഷിന്റെ കൃഷി. കാലാവസ്ഥക്ക്‌ അനുയോജ്യമായ ഒട്ടുമിക്ക പച്ചക്കറികളും ഇവിടെയുണ്ട്‌. പത്ത്‌ വർഷംമുന്പ്‌ വീട്ടാവശ്യത്തിനായി ചെറിയ രീതിയിൽ ആരംഭിച്ച കൃഷി വിപുലീകരിച്ച്‌ സംരംഭമാക്കി മാറ്റിയെടുക്കുകയായിരുന്നു. ജൈവരീതിയിൽ കൃഷിചെയ്യുന്ന പച്ചക്കറികളാണ്‌ ഈ ഭക്ഷണശാലയിലെ വിഭവങ്ങൾക്ക് മാറ്റുകൂട്ടുന്നത്. ദിവസവും വിളവെടുക്കുന്ന പച്ചക്കറികൾക്ക്‌ അനുസരിച്ച്‌ ഹോട്ടലിലെ മെനുവും മാറിക്കൊണ്ടിരിക്കുന്നു. ചീര അവിയൽ, താൾ തീയൽ, കപ്പങ്ങ തോരൻ, വാഴച്ചുണ്ട്‌ തോരൻ, എരിശേരി തുടങ്ങിയവയാണ്‌ വിഭവങ്ങളിൽ ഏറെയും. വളരെ കുറച്ച്‌ പച്ചക്കറികൾ മാത്രമാണ്‌ പുറത്തുനിന്ന്‌ വാങ്ങുന്നതെന്നും ദിവ്യ പറഞ്ഞു. നാടൻ വിഭവങ്ങൾക്കൊപ്പം മീൻ, ബീഫ്‌ വിഭവങ്ങളും കടയിലുണ്ട്‌. ഉ‍ൗണ്‌ മാത്രമുള്ള കടയുടെ പ്രവർത്തനം പകൽ 11.30 മുതൽ മൂന്നുവരെയാണ്‌. നാലായിരത്തഞ്ഞൂറോളം ബ്രോയിലർ കോഴികൾ, ലെയർ കോഴികൾ, ആടുകൾ എന്നിവയുൾപ്പെടുന്ന വൻകിട സംയോജിത ഫാമും ദിവ്യ പരിപാലിക്കുന്നുണ്ട്. ഇവിടെനിന്നുള്ള അവശിഷ്ടങ്ങളാണ്‌ പച്ചക്കറി കൃഷിക്ക് ജൈവവളമായി ഉപയോഗിക്കുന്നതും. ദിവസവും രാവിലെ ആറിന്‌ തോട്ടത്തിലിറങ്ങി കൃഷിപ്പണി. തുടർന്ന് ഹോട്ടലിലെ പാചകവും മേൽനോട്ടവും കഴിഞ്ഞ്‌ വൈകിട്ടും കൃഷിയിടത്തിലെത്തും. വിളകളുടെ നടീലും പരിപാലനവുമെല്ലാം നിർവഹിക്കുന്നത്‌ ദിവ്യയാണ്‌. കാർഷികവൃത്തിയിലെ മികവിന്‌ ആയവന പഞ്ചായത്തിന്റെ ജൈവകാർഷിക പുരസ്കാരവും ഓണത്തിന്‌ ഒരുമുറം പച്ചക്കറി പദ്ധതിയിൽ ജില്ലയിൽ ഒന്നാംസ്ഥാനവും ലഭിച്ചിട്ടുണ്ട്‌. കൊച്ചി മെട്രോയിലെ ലോക്കോപൈലറ്റായ ഭർത്താവ്‌ അനീഷ്‌ കുമാറും പിന്തുണയുമായി ഒപ്പമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home