Deshabhimani

ഉജ്വല ബാല്യം; 4 പേർക്ക്‌ പുരസ്‌കാരം

A Brilliant Childhood

അർണവ് ആനന്ദ്, പി ടി ജോയൽ, എഡ്വിൻ പോൾ സിബിൻ, ആന്റണി റയാൻ സിൽവാരി

വെബ് ഡെസ്ക്

Published on Nov 12, 2026, 04:28 AM | 2 min read

കൊച്ചി

വനിതാ–ശിശു വികസനവകുപ്പിന്റെ 2025ലെ ‘ഉജ്വല ബാല്യം’ പുരസ്‌കാരം ജില്ലയിൽനിന്ന് നാല്‌ വിദ്യാർഥികൾക്ക്‌ ലഭിച്ചു. ആറുമുതൽ 11 വയസ്സ്‌ പൊതുവിഭാഗത്തിൽ അർണവ് ആനന്ദ്, ഭിന്നശേഷി വിഭാഗത്തിൽ പി ടി ജോയൽ, 12 മുതൽ 18വരെ പൊതുവിഭാഗത്തിൽ എഡ്വിൻ പോൾ സിബിൻ, ഭിന്നശേഷി വിഭാഗത്തിൽ ആന്റണി റയാൻ സിൽവാരി എന്നിവരാണ് പുരസ്കാര ജേതാക്കൾ. 25000 രൂപയും പ്രശസ്തിപത്രവും ഫലകവും ഉൾപ്പെടുന്നതാണ് പുരസ്കാരം. വ്യത്യസ്ത മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് പുരസ്കാരം. ​


ചെസ്സിലെ 
മികവുമായി അർണവ്


പഠനത്തോടൊപ്പം ചെസ് മത്സരങ്ങളിലും കഴിവ് തെളിയിച്ച അർണവ് ആനന്ദ് കലൂർ ഗ്രീറ്റ്സ് പബ്ലിക് സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥിയാണ്. 2025 ഗുവാഹത്തിയിൽ ഓൾ ഇൻഡ്യ ചെസ് ഫെഡറേഷൻ നടത്തിയ ദേശീയ സ്‌കൂൾ ചെസ് ചാമ്പ്യൻഷിപ്പിൽ മൂന്നാംസ്ഥാനം കരസ്ഥമാക്കി. ജില്ലാ–സംസ്ഥാന തലത്തിലും നിരവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിട്ടുണ്ട്. കലൂർ എസ്ആർഎം റോഡിലുള്ള ജൂവൽ വൈറ്റ്ഫീൽഡിൽ ആനന്ദ് സുകുമാരൻ നായരുടെയും വിനീത എസ് നായരുടെയും മകനാണ്. ​


അഭിമാനമായി ജോയൽ


ഭിന്നശേഷി കുട്ടികളുടെ വിഭാഗത്തിൽ ദൈർഘ്യമേറിയ ശിങ്കാരിമേളം നടത്തിയതിന് ബെസ്റ്റ് ഇന്ത്യ വേൾഡ് റെക്കോർഡ് കരസ്ഥമാക്കിയ പി ടി ജോയൽ തൃശൂർ പോപ് പോൾ മേഴ്സി ഹോം സ്പെഷ്യൽ സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിയാണ്.


2025ലെ സ്കൂ‌ൾ കലോത്സവത്തില്‍ നാടോടിനൃത്തം, ദേശഭക്തി ഗാനം എന്നിവയിൽ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഒക്കൽ ചേലാമറ്റം പള്ളിക്കരക്കാരൻ വീട്ടിൽ ടിജോ ഫ്രാൻസിസിന്റെ മകനാണ്. ​


മിന്നും താരമായി എഡ്വിൻ


ബാങ്കോക്കിൽ നടന്ന ഏഷ്യൻ മെൻസ് വോളിബോളിൽ അണ്ടർ 16 കാറ്റഗറിയിൽ വെങ്കലം കരസ്ഥമാക്കിയ ഇലഞ്ഞി കിഴക്കേകൈപ്പോറ്റിയിൽ എഡ്വിൻ പോൾ സിബിൻ കോട്ടയം ഗിരിദീപം ബഥനി ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. സ്റ്റേറ്റ് സ്‌കൂൾ വോളിബോൾ ചാമ്പ്യൻഷിപ്പിൽ അണ്ടർ 17 കാറ്റഗറിയിൽ ഒന്നാംസ്ഥാനവും ജൂനിയർ സ്റ്റേറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാംസ്ഥാനവും കരസ്ഥമാക്കി. ​


കരാട്ടെ കരുത്തില്‍ ആന്റണി


പോണ്ടിച്ചേരിയിൽനടന്ന നാഷണൽ ലെവൽ ഓപ്പൺ കരാട്ടെയിൽ സ്വർണം നേടിയ ആന്റണി റയാൻ സിൽവാരി എറണാകുളം സൗത്ത് ചിറ്റൂർ സെന്റ് മേരീസ് യുപി സ്കൂലെ ആറാം ക്ലാസ് വിദ്യാർഥിയാണ്. ഇടുക്കിയിൽ നടന്ന മാർഷൽ ഇന്റർ സ്‌കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ പാര കരാട്ടെയിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഷിന്റെ സ്കൂൾ ഓഫ് കരാട്ടെയിൽനിന്ന് പർപ്പിൾ, ബ്ലൂ ബെൽറ്റുകൾ കരസ്ഥമാക്കി. വടുതല കന്നിപ്പറമ്പിൽ വീട്ടിൽ സിൽവാരി ജോസിന്റെയും അനീന പീറ്ററുടെയും മകനാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home