13 വര്‍ഷമായി സ്പന്ദിക്കും "പുതുഹൃദയം'

13 വര്‍ഷംമുമ്പ് ഹൃദയം മാറ്റിവച്ച ശ്രുതി ലോക അവയവദാനദിനത്തില്‍ കേക്ക് മുറിക്കുന്നു. ഡോ.ജോസ് ചാക്കോ പെരിയപ്പുറം സമീപം
കൊച്ചി
ലോക അവയവദാന ദിനമായ ആഗസ്റ്റ് 13ന് പുതുഹൃദയവുമായി 13 വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷത്തിലാണ് ശ്രുതി. 2013 ഓഗസ്റ്റിലാണ് എറണാകുളം ലിസി ആശുപത്രിയില്‍ ഡോ.ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തില്‍ ശ്രുതിക്ക് ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയത്. അപകടത്തില്‍ മസ്‌തിഷ്‌കമരണം സംഭവിച്ച കോട്ടയം സ്വദേശി ലാലിച്ചന്റെ (ജോസഫ് മാത്യു) ഹൃദയമാണ് ശ്രുതിക്ക് മാറ്റിവെച്ചത്.
ആരക്കുന്നം സ്വദേശിയായ ശ്രുതിക്ക് ഹൃദയം ക്രമാതീതമായി വികസിക്കുന്ന ഡൈലേറ്റഡ് കാര്‍ഡിയോ മയോപ്പതിയായിരുന്നു. ജന്മനാ ഒരു കിഡ്നി മാത്രമുള്ളതിനാൽ രക്തധമനി ചുരുങ്ങുന്ന രോഗവും ഉണ്ടായിരുന്നു. ഈ രോഗമുള്ള വ്യക്തിയില്‍ ഏഷ്യയില്‍ ആദ്യമായി നടന്ന വിജയകരമായ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആയിരുന്നു ശ്രുതിയുടേത്. പിറവത്തെ സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകരാണ് അന്ന് ചികിത്സാധനം സമാഹരിച്ചത്. ഓണ്‍ലൈനായി വാങ്ങുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ആകര്‍ഷകമായ ആഭരണങ്ങള്‍ നിർമിക്കുന്ന ശ്രുതിക്ക് ഇത് വിപുലപ്പെടുത്തി സ്വന്തമായി സ്ഥാപനം ആരംഭിക്കുകയാണ് സ്വപ്നം.
ലോക അവയവദാന ദിനാഘോഷത്തിൽ ലിസി ആശുപത്രിയില്‍ നടന്ന പരിപാടിയിൽ മാനേജിങ് ഡയറക്ടര്‍ ഫാ.പോള്‍ കരേടന്റെ നേതൃത്വത്തില്‍ ശ്രുതി കേക്ക് മുറിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ഫാ.റോജന്‍ നങ്ങേലിമാലില്‍, ഫാ.റെജു കണ്ണമ്പുഴ, ജോയിന്റ് ഡയറക്ടര്‍ ഫാ.വര്‍ഗീസ് അമ്പലത്തിങ്കല്‍, ഡോ.റോണി മാത്യു, ഡോ.ജേക്കബ് എബ്രഹാം, ഡോ.ഭാസ്കര്‍ രംഗനാഥന്‍, ഡോ.ജോ ജോസഫ് എന്നിവര്‍ സംസാരിച്ചു.










0 comments