"ഹാലൂസിനേഷൻസ് ഓഫ് ആൻ ആർട്ട് ഫാക്ട്’
ചരിത്രം ചുവടുവയ്ക്കുന്ന ഇടം

പ്രസിദ്ധമായ 'ഡാൻസിംഗ് ഗേൾ' വെങ്കല പ്രതിമയെ ആസ്പദമാക്കി മട്ടാഞ്ചേരി ബസാർ റോഡിലെ എസ്എംഎസ് ഹാളിൽ നർത്തകനും കൊറിയോഗ്രാഫറുമായ മന്ദീപ് റെയ്‌ഖി ഒരുക്കിയ "ഹാലൂസിനേഷൻസ് ഓഫ് ആൻ ആർട്ടെഫാക്ട്' പ്രതിഷ്ഠാപനം
കൊച്ചി
ചരിത്രവും ആധുനിക സാങ്കേതികവിദ്യയും ചേർന്ന് ഒരു നൃത്തസന്ധി തീർക്കുകയാണ് ‘ഹാലൂസിനേഷൻസ് ഓഫ് ആൻ ആർട്ട് ഫാക്ട്’. സിന്ധുനദീതട സംസ്കാരത്തിന്റെ അടയാളമായ മോഹൻജൊ- ദാരോയിലെ ‘ഡാൻസിങ് ഗേൾ’ (നർത്തകി) വെങ്കല പ്രതിമ, നിർമിതബുദ്ധിയുടെ പ്രകാശത്തിൽ വീണ്ടും ശ്വാസമെടുക്കുകയാണ് കൊച്ചി- മുസിരിസ് ബിനാലെയിൽ. നർത്തകനും കൊറിയോഗ്രാഫറുമായ മന്ദീപ് റെയ്‌ഖിയാണ് ഈ പ്രതിഷ്ഠാപനത്തിനുപിന്നിൽ. മട്ടാഞ്ചേരി ബസാർ റോഡിലെ എസ്എംഎസ് ഹാളിലാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്.
കൊളോണിയൽ കാഴ്ചപ്പാടിലൂടെ രൂപപ്പെട്ട ചരിത്രബോധ്യങ്ങളെയും ക്ലാസിക്കൽ നൃത്തസങ്കൽപ്പങ്ങളെയും റെയ്‌ഖി വിമർശനാത്മകമായി സമീപിക്കുന്നു. നിർമിതബുദ്ധി ഉപയോഗിച്ച് 4500 വർഷം പഴക്കമുള്ള പുരാവസ്‌തുവിന് ജീവൻ നൽകിക്കൊണ്ടാണ് കാണികളെ പുതിയ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്. ‘നർത്തകി’യുടെ ചലനങ്ങളോട് സംവദിച്ച് ആകാംക്ഷ കുമാരി, മഞ്ജു ശർമ എന്നിവർക്കൊപ്പം റെയ്‌ഖിയും ചുവടുവയ്‌ക്കുന്നു. ഇവിടെ നൃത്തം വെറും ആംഗികവിന്യാസമല്ല, ചരിത്രത്തോടുള്ള സംഭാഷണമാണ്.
മ്യൂസിയത്തിലെ പീഠങ്ങളിൽനിന്ന് പുറത്തുവരുന്ന ‘നർത്തകി’ പിന്നീട് ഒരു പോരാളിയായും കുട്ടിയായും സുഹൃത്തായും മാറുന്നത് ചുവരുകളിൽ തെളിയുന്ന എഐ ദൃശ്യങ്ങളിലൂടെ കാണാം. നൃത്തം, യോഗ തുടങ്ങിയ ശാരീരിക ചലനങ്ങളിലൂടെ പ്രതിമയോടൊപ്പം കലാകാരന്മാരും സഞ്ചരിക്കുന്നു. ജോനാഥൻ ഒഹീറുമായിചേർന്ന് ഏകദേശം നാലുവർഷത്തെ പ്രയത്നത്തിലൂടെയാണ് എഐ ദൃശ്യങ്ങൾ റെയ്‌ഖി രൂപപ്പെടുത്തിയത്. കലാപ്രതിഷ്ഠയുടെ ഭാഗമായുള്ള പ്രകടനം ഫെബ്രുവരിയിൽ വീണ്ടും നടക്കും.










0 comments