10,000 കടന്ന് പനിച്ചൂട്

കൊച്ചി
ജില്ലയില്‍ വിവിധ പകര്‍ച്ചവ്യാധികള്‍മൂലം അതിഭീതിയിലായി ജനം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരുന്ന രണ്ടുപേരുടെ മരണത്തിനു കാരണം എച്ച് 1 എന്‍ 1 ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ പനി ബാധിച്ച് ഈ മാസം 10,442 പേര്‍ ചികിത്സ തേടി. ജൂണ്‍ പത്തിനാണ് ഏറ്റവും കൂടുതല്‍പേര്‍ ചികിത്സ തേടിയത് – 1075 പേര്‍. 2636പേര്‍ വയറിളക്കരോഗങ്ങളുമായി ഈ മാസം ചികിത്സതേടി.
എച്ച്1 എന്‍ 1 ബാധിച്ചോ ലക്ഷണങ്ങളുമായോ നിരവധി പേരാണ് ചികിത്സ തേടുന്നത്. 77കാരിയായ കുത്താപ്പാടി സ്വദേശി, 75കാരനായ ഗോതുരുത്ത് സ്വദേശി, 61കാരിയായ കടവന്ത്ര സ്വദേശി എന്നിവര്‍ രോഗബാധയാല്‍ മരിച്ചു. എച്ച് 1 എന്‍ 1 ലക്ഷണവുമായി 85 വയസുള്ള പെരുമ്പാവൂര്‍ സ്വദേശിനിയും മരിച്ചു.
വെസ്റ്റ്നൈല്‍ പനി ബാധിച്ച് 46കാരിയായ പറവൂര്‍ സ്വദേശി, 70കാരനായ കടുങ്ങല്ലൂര്‍ സ്വദേശി എന്നിവരും പനി ബാധിച്ച് 48കാരനായ വെങ്ങോല സ്വദേശിയും മരിച്ചു. വയറിളക്കം ബാധിച്ച് കടുങ്ങല്ലൂരുള്ള 4 വയസുകാരന്‍, ശ്വാസകോശ അണുബാധയാല്‍ 75കാരനായ നേര്യമംഗലം സ്വദേശി എന്നിവര്‍ മരിച്ചു. എലിപ്പനി ബാധിച്ച് 64കാരനായ കുമ്പളങ്ങി സ്വദേശിയും ഡെങ്കി ബാധിച്ച് 55കാരനായ മലേഷ്യന്‍ പൗരനും മരിച്ചു.
മൂക്കന്നൂർ ഷാപ്പുകവലയിൽ ശനി രാവിലെ 8.30ന് പനിബാധിതനായ 55കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. ചില പരിശോധനാഫലങ്ങള്‍ വൈറോളജി ലാബില്‍ നിന്ന് ലഭിക്കാനുണ്ട്. പകര്‍ച്ചവ്യാധികള്‍ മൂലം മരണനിരക്ക് ഉയരാനും സാധ്യത.
ആലങ്ങാട്, കളമശേരി, രായമംഗലം, തൃപ്പൂണിത്തുറ, വെങ്ങോല, ഏലൂര്‍, ആലുവ, അശമന്നൂര്‍, കീച്ചേരി, പാറക്കടവ്, പെരുമ്പാവൂര്‍, വേങ്ങൂര്‍, ചമ്പക്കര, ചേരാനെല്ലൂര്‍, ചൂര്‍ണിക്കര, ചൊവ്വര, കോതമംഗലം, വരാപ്പുഴ, കടവന്ത്ര, പൂതൃക്ക, വെണ്ണല, എരൂര്‍, മൂക്കന്നൂര്‍, ഇടപ്പള്ളി, കൂനമ്മാവ്, നെടുമ്പാശേരി, തൃക്കാക്കര, മഴുവന്നൂര്‍, മണീട്, പിറവം, അങ്കമാലി, കാലടി, ഉദയംപേരൂര്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും ഡെങ്കി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതു കൂടാതെ എലിപ്പനി, മലേറിയ മഞ്ഞപ്പിത്തം എന്നിവയ്ക്കും ജില്ലയുടെ പലഭാഗങ്ങളിലായി ആളുകള്‍ ചികിത്സതേടി.
ഡെങ്കി ലക്ഷണങ്ങളുമായി 286പേര്‍ ചികിത്സതേടിയതില്‍ 117 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 222 പേര്‍ 14 ദിവസത്തിനിടെ ഇന്‍ഫ്ലുവന്‍സ രോഗങ്ങളുമായി ചികിത്സ തേടി.










0 comments