ad
Deshabhimani

എച്ച്എംടി ഭൂമി വിൽപ്പനയിലെ പണം കളമശേരി
യൂണിറ്റിന്‌ ലഭ്യമാക്കണം: കെ ചന്ദ്രൻപിള്ള

H M T

കെ ചന്ദ്രൻപിള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Feb 14, 2026, 01:54 AM | 1 min read

കളമശേരി


കളമശേരിയിലെ എച്ച്എംടിയുടെ ഭൂമി വിറ്റുകിട്ടുന്ന പണം പൂർണമായും കളമശേരി യൂണിറ്റ് പുനരുദ്ധാരണത്തിന് ലഭ്യമാക്കണമെന്ന്‌ സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റും എച്ച്എംടി എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറിയുമായ കെ ചന്ദ്രൻപിള്ള വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മുൻകാലങ്ങളിൽ കന്പനി വക സ്ഥലം വിൽപ്പന നടത്തിയെങ്കിലും ഒരുരൂപപോലും കളമശേരി യൂണിറ്റിനായി ചെലവാക്കിയില്ലെന്നും ചന്ദ്രൻപിള്ള പറഞ്ഞു.


കടബാധ്യത ഒഴിവാക്കി പ്രവർത്തന മൂലധനം അനുവദിച്ചാൽ കമ്പനിക്ക് അവസരങ്ങളേറെയുണ്ട്. കളമശേരിയിലെ എച്ച്എംടി യൂണിറ്റ്‌, വിദഗ്‌ധ തൊഴിലാളികൾ ഇല്ലാതായതിനാൽ പൂട്ടിപ്പോകുന്ന ആദ്യ കമ്പനിയായിമാറും. പിരിഞ്ഞുപോകുന്ന ജീവനക്കാർക്ക് പകരം നിയമനം നടത്താത്തതിനാലാണിത്‌. രാജ്യത്തെ 18 എച്ച്എംടി യൂണിറ്റുകളിലായി 2000 വരെ 32,000 ജീവനക്കാരുണ്ടായിരുന്നു. പല യൂണിറ്റുകളും അടച്ചു. നിലവിൽ ആറ് യൂണിറ്റുകളിലായി 515 ജീവനക്കാരാണുള്ളത്. കളമശേരിയിലാണ് കൂടുതൽപേരുളളത്. 116 പേർ. രണ്ടുവർഷംമുമ്പുവരെ ലാഭത്തിൽ പ്രവർത്തിച്ചിരുന്ന ഏക യൂണിറ്റും കളമശേരിയിലേതാണ്. ​


എച്ച്എംടിയുടെ ദുരവസ്ഥയ്ക്ക് ബിജെപിയെപ്പോലെ കേന്ദ്രം ഭരിച്ച കോൺഗ്രസ് സർക്കാരും ഉത്തരവാദിയാണ്. ഇറക്കുമതിയും അനുഭവസമ്പന്നരായ തൊഴിലാളികളെ വിആർഎസ് നൽകി പിരിച്ചുവിട്ടതും സ്ഥാപനത്തിന്റെ നാശത്തിനിടയാക്കി. ശമ്പളം മുടങ്ങിയിട്ട് മൂന്ന് മാസമായി. പിരിഞ്ഞുപോകുന്നവർക്ക് ആനുകൂല്യങ്ങളുമില്ല. അടിയന്തരമായി വേതന ഘടന പരിഷ്കരിക്കണം.


ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കമ്പനി സന്ദർശിച്ച് സംസ്ഥാന സർക്കാരിനെ കറ്റപ്പെടുത്തിയത് ധാരണയില്ലാതെയാണ്. ബിജെപി ഭരിക്കുന്ന രാജസ്ഥാനിലെയും ഹരിയാനയിലെയും യൂണിറ്റുകൾ കളമശേരി യൂണിറ്റിനെക്കാൾ പരിതാപകരമായ നിലയിലാണ്. കളമശേരി യൂണിറ്റ് സംസ്ഥാന സർക്കാരിനെ ഏൽപ്പിച്ചാൽ ലാഭകരമായി പ്രവർത്തിപ്പിക്കാമെന്ന് വ്യവസായമന്ത്രി പി രാജീവ് വ്യക്തമാക്കിയിട്ടുണ്ട്‌. ഘന വ്യവസായമന്ത്രി എച്ച് ഡി കുമാരസ്വാമി പ്രഖ്യാപിച്ച പാക്കേജ് നടപ്പാക്കണമെന്നാണ് മൊത്തം ജീവനക്കാരും ആഗ്രഹിക്കുന്നതെന്നും ചന്ദ്രൻപിള്ള പറഞ്ഞു. യൂണിയൻ സെക്രട്ടറി പി കൃഷ്ണദാസ്, സിഐടിയു കളമശേരി ഏരിയ സെക്രട്ടറി പി എം മുജീബ് റഹ്മാൻ, എസ് ഷിബു എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home