ad
Deshabhimani

ഐഎസ്എൽ മത്സരങ്ങൾ
 ഡിസംബറിൽത്തന്നെ :
 ജിസിഡിഎ ; സ്‌റ്റേഡിയം നവീകരണം നടപടിക്രമം പാലിച്ച്‌

Kochi JNI Stadium
വെബ് ഡെസ്ക്

Published on Oct 28, 2025, 02:30 AM | 2 min read


കൊച്ചി

ഐഎസ്എൽ മത്സരങ്ങൾ ഡിസംബറിൽ കലൂർ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽത്തന്നെ നടക്കുമെന്ന്‌ ജിസിഡിഎ വാർത്താക്കുറിപ്പിൽ അറിയിച്ചു. 40 ദിവസത്തിൽതാഴെയാണ്‌ അർജന്റീനയുടെ അന്താരാഷ്ട്ര ഫുട്ബോൾ മത്സരത്തിന്റെ സജ്ജീകരണങ്ങൾക്കും സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്കുമായി ലഭ്യമായത്‌. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുന്നതിനിടെ, സ്റ്റേഡിയത്തിന് ഫിഫയുടെ അംഗീകാരം ലഭ്യമാകുന്നതിൽ കാലതാമസം നേരിട്ടതോടെയാണ്‌ കളി മാറ്റിവയ്‌ക്കേണ്ടിവന്നത്‌.


നവീകരണപ്രവർത്തനങ്ങൾ 30നകം പൂർത്തിയാക്കുമെന്ന് സ്‌പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്‌കാസ്‌റ്റിങ്‌ കന്പനി ജിസിഡിഎയെ അറിയിച്ചിട്ടുണ്ട്. 30നുശേഷം ഫിഫ വിൻഡോ ലഭ്യമാകുന്നമുറയ്ക്ക് അന്താരാഷ്ട്ര ഫുട്ബോൾ മത്സരം നടത്തുന്നതിന് ആവശ്യമായതെല്ലാം ജിസിഡിഎ സ്വീകരിക്കും. സംസ്ഥാന സർക്കാർ, അർജന്റീന ടീമിനെ സൗഹൃദ മത്സരത്തിനായി ക്ഷണിച്ചിരുന്നു. സ്പോൺസർമാരുടെ നേതൃത്വത്തിൽ മത്സരം സംഘടിപ്പിക്കാനുള്ള അനുമതി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ്‌ കമ്പനിക്ക് നൽകി ഉത്തരവുമിറക്കി. അടിസ്ഥാന സൗകര്യങ്ങൾ, സഹായങ്ങൾ എന്നിവയ്ക്കായുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിളായി സ്പോർട്സ് കേരള ഫൗണ്ടേഷനെ ചുമതലപ്പെടുത്തി. ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള, മുഖ്യമന്ത്രിക്ക്‌ നൽകിയ കത്തിൽ ഈ അന്താരാഷ്ട്ര സൗഹൃദ മത്സരത്തിന്റെ വേദിയായി സ്റ്റേഡിയത്തെ പരിഗണിക്കണമെന്ന് അഭ്യർഥിച്ചിരുന്നു.


മത്സരത്തിന്‌ സ്റ്റേഡിയം സജ്ജമാക്കുന്നതിന്‌ ജിസിഡിഎയുടെ സഹകരണം അഭ്യർഥിച്ച്‌ സെപ്‌തംബർ 19ന്‌ കായികമന്ത്രിയുടെ കത്തും ലഭിച്ചു. മത്സരം നവംബർ 10നും 18നുമിടയിലാണ് ഉദ്ദേശിക്കുന്നതെന്ന്‌ സെപ്‌തംബർ 24ന്‌ കായിക–യുവജനക്ഷേമ ഡയറക്ടറിൽനിന്ന്‌ കത്ത് ലഭിച്ചു. സ്‌റ്റേഡിയം സ്പോർട്സ് കേരള ഫൗണ്ടേഷന് കൈമാറാനും അറിയിച്ചു. ഇതിനുള്ള സമ്മതം അന്നുതന്നെ കായിക–യുവജനക്ഷേമ വകുപ്പിനെ അറിയിച്ചു.


സെപ്‌തംബർ 26 മുതൽ നവംബർ 30 വരെ ജിസിഡിഎയിൽനിന്ന്‌ ഫൗണ്ടേഷൻ ഏറ്റെടുത്തു. തുടർന്ന്‌ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ്‌ കമ്പനിക്ക്‌ കൈമാറിയതോടെ ടർഫ്‌ നവീകരണം ഉൾപ്പെടെ ആരംഭിച്ചു.


സ്പോർട്സ് കേരള ഫൗണ്ടേഷൻ എംഡി, ജിസിഡിഎ സെക്രട്ടറി, റിപ്പോർട്ടർ ബ്രോഡ്‌കാസ്‌റ്റിങ്‌ കമ്പനി ചെയർമാൻ ആന്റോ അഗസ്റ്റിൻ എന്നിവരടങ്ങുന്ന മോണിറ്ററിങ്‌ കമ്മിറ്റിയുടെ മേൽനോട്ടത്തിലായിരുന്നു നവീകരണ പ്രവർത്തനം. ഇതിനായി ഉത്തരവുമിറങ്ങി. ഒക്‌ടോബർ ഏഴിന്‌ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പുരോഗതി വിലയിരുത്തിയിരുന്നു.


മത്സരവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ ഏകോപനത്തിനായും സർക്കാർ ഉത്തരവിറക്കി. കലക്ടറുടെ നേതൃത്വത്തിൽ ജില്ലാ കമ്മിറ്റിയും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സംസ്ഥാന കമ്മിറ്റിയും രൂപീകരിച്ച്‌ സർക്കാർ ഉത്തരവിറക്കിയെന്നും ജിസിഡിഎ വാർത്താക്കുറിപ്പിൽ അറിയിച്ചു.


നവംബർ 30നകം സ്‌റ്റേഡിയം
തിരികെനൽകുമെന്ന്‌ സ്‌പോൺസർ

അര്‍ജന്റീന ടീം വന്നാലും ഇല്ലെങ്കിലും നവംബർ 30നകം നവീകരണം പൂർത്തിയാക്കി കൊച്ചി ജവാഹർലാൽ നെഹ്രു സ്‌റ്റേഡിയം ജിസിഡിഎക്ക്‌ കൈമാറുമെന്ന്‌ പരിപാടിയുടെ സ്‌പോൺസർ ആന്റോ അഗസ്റ്റിൻ. അര്‍ജന്റീനയുടെ മത്സരത്തിനായി സ്‌റ്റേഡിയം നവീകരിക്കാനുള്ള കരാര്‍കാലാവധി നവംബര്‍ 30വരെയാണ്. സ്പോർട്സ് ഫെഡറേഷൻ കേരളയുമായാണ് കരാർ. അർജന്റീന ടീം വന്നില്ലെങ്കിൽ മെസിയെമാത്രമായി കൊണ്ടുവരുന്ന കാര്യവും ആലോചിക്കുന്നുണ്ടെന്ന്‌ അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.


സ്‌റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട്‌ ഉയർന്ന ആരോപണങ്ങളിൽ കഴന്പില്ല. കരാർപ്രകാരം നിശ്ചിത തീയതിക്കകം നവീകരണം പൂർത്തിയാക്കി സ്‌റ്റേഡിയം ജിസിഡിഎക്ക്‌ നൽകും. തനിക്ക്‌ മറ്റൊരു അജൻഡയുമില്ല. ആരിൽനിന്നും പണം വാങ്ങിയിട്ടില്ല. ടിക്കറ്റുകളും വിറ്റിട്ടില്ല. മാർച്ചിൽ മത്സരം നടക്കുമെന്നാണ്‌ പ്രതീക്ഷ. അപ്പോൾ സ്‌റ്റേഡിയം ആവശ്യപ്പെടുമെന്നും സ‍ൗകര്യപ്പെടുമെങ്കിൽ വിട്ടുനൽകിയാൽ മതിയെന്നും ആന്റോ അഗസ്‌റ്റിൻ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home