ad
Deshabhimani

ജിസിഡിഎ ഭൂമി വിട്ടുകൊടുക്കരുത്‌: 
കെ ചന്ദ്രൻപിള്ള ​

GCDA
വെബ് ഡെസ്ക്

Published on May 14, 2026, 01:43 AM | 1 min read

കളമശേരി


കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തോടുചേർന്ന് 88 സെന്റ്‌ ജിസിഡിഎ ഭൂമി ആൽബർട്സ് കോളേജിന് നൽകിയ റവന്യുവകുപ്പ് ഉത്തരവ് റദ്ദാക്കണമെന്ന് ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാർച്ച് 15നാണ് ജിഡിഡിഎയോട് ആലോചിക്കാതെ ഉത്തരവിറക്കിയത്. പുതുതായി അധികാരമേൽക്കുന്ന സർക്കാർ വിഷയം ഗൗരവപൂർവം പരിഗണിക്കണം. അതോടൊപ്പം നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


​1983ൽ റവന്യു ഉത്തരവുപ്രകാരം 1.8932 ഹെക്ടർ ഭൂമി പാട്ടത്തുക ഈടാക്കി കോളേജിന് സർക്കാർ നൽകിയിരുന്നതാണ്. ഈ സ്ഥലത്തോടുചേർന്ന 32 ഏക്കർ ഭൂമി പിന്നീട് ജിസിഡിഎ അന്താരാഷ്ട്ര സ്റ്റേഡിയം നിർമാണത്തിനായി ഏറ്റെടുത്തു. ഇതോടെ കോളേജിന്റെ ഭൂമി കളിസ്ഥലത്തിന് അനുയോജ്യമല്ലാത്ത രൂപത്തിലായി. കോളേജ് അധികാരികൾ അതോറിറ്റിക്ക്‌ സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ, കിഴക്കുഭാഗത്ത് അതോറിറ്റി പൊന്നുംവിലയ്ക്ക് എടുത്ത 1.35 ഏക്കർ ഭൂമി സൗജന്യമായി കോളേജിന് ഉപയോഗിക്കാനും ഗ്രൗണ്ടിന് തെക്കും പടിഞ്ഞാറും ഭാഗത്തുള്ള തുല്യ വിസ്തീർണമുള്ള സ്ഥലം ജിസിഡിഎയ്ക്ക് ഉപയോഗിക്കാനും ധാരണയായി.

കൊച്ചി മെട്രോ സ്റ്റേഷനുവേണ്ടി ഭൂമി ഏറ്റെടുത്തതിനെത്തുടർന്ന്, 2015ൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ കോളേജ് കൈവശംവച്ച പാട്ട ഭൂമിയിൽനിന്ന്‌ 88 സെന്റ് പകരം നൽകാൻ തീരുമാനിച്ചു. ഇതിനെതിരെ പൊതുപ്രവർത്തകൻ ചെഷയർ ടാർസൺ ഹൈക്കോടതിയിൽ പോകുകയും 88 സെന്റിൽ നിർമാണപ്രവർത്തനങ്ങൾ വിലക്കുകയും ചെയ്‌തു.


2016ൽ അധികാരത്തിലേറിയ മന്ത്രിസഭ സർക്കാർഭൂമി സൗജന്യമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനുവദിക്കേണ്ടതില്ല എന്ന നയത്തിന്റെ അടിസ്ഥാനത്തിൽ കോളേജിന് ഭൂമി അനുവദിക്കാനുള്ള ഉത്തരവ് മാറ്റിവച്ചു. കേരളത്തിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഏക ഫുട്ബോൾ സ്റ്റേഡിയം എന്നനിലയിൽ ഗ്രൗണ്ട് അഗ്നിശമന രക്ഷാപ്രവർത്തനത്തിനുള്ള തുറസ്സായ സ്ഥലം, പാർക്കിങ്‌ ഏരിയ എന്നിവയില്ലാതെ അപര്യാപ്തത നേരിടുകയാണ്.


ഈ അവസരത്തിലാണ് സർക്കാർ ഉത്തരവിലൂടെ പാട്ടക്കുടിശ്ശിക എഴുതിത്തള്ളുകയും 88 സെന്റ് ഭൂമി കോളേജിന് കൈമാറുകയും ചെയ്ത് ഉത്തരവിറക്കിയത്. ജിസിഡിഎയുമായി ആലോചിക്കാതെ സർക്കാർ നയത്തിന് വിരുദ്ധമായി ഇറക്കിയ ഉത്തരവ് റദ്ദാക്കണമെന്ന് ചന്ദ്രൻപിള്ള പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home