Deshabhimani

ഫോർട്ട്‌കൊച്ചി–വൈപ്പിൻ കടൽ തുരങ്കപാത ; തുടർനടപടികളുമായി കെ റെയിൽ

fortkochi vypin tunnel
വെബ് ഡെസ്ക്

Published on Jan 05, 2026, 02:45 AM | 1 min read


കൊച്ചി

തീരദേശഹൈവേയുടെ ഭാഗമായി ഫോർട്ട്‌കൊച്ചിയെയും വൈപ്പിനെയും കടലിനടിയിലൂടെ ബന്ധിപ്പിക്കുന്ന നിർദിഷ്ട ഇരട്ട തുരങ്കപാത നിർമാണത്തിനുള്ള നടപടികളുമായി കെ– റെയിൽ മുന്നോട്ട്‌. ധനവകുപ്പിന്റെ അനുമതികൂടി ലഭിച്ചാൽ ഉടൻ താൽപ്പര്യപത്രം ക്ഷണിക്കുമെന്ന്‌ കെ–റെയിൽ വ്യക്തമാക്കി.


പൊതുസ്വഭാവത്തിലുള്ള താൽപ്പര്യപത്രമാകും ക്ഷണിക്കുക. പദ്ധതി നടപ്പാക്കാൻ ശേഷിയും താൽപ്പര്യവുമുള്ള ഇ‍ൗ രംഗത്തെ ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവയുടെ പ്രതികരണം, ഇതിനായുള്ള സാങ്കേതികവിദ്യകൾ, സാന്പത്തികസ്രോതസ്സുകൾ, വരുമാനം, പഠനങ്ങൾ എന്നിവ മനസ്സിലാക്കാൻകൂടി ലക്ഷ്യമിട്ടാണ്‌ ഇ‍ൗ താൽപ്പര്യപത്രം. ഇതിനുശേഷം നിർമാണത്തിനുള്ള ടെൻഡർ നടപടികളിലേക്ക്‌ കടക്കും. ആഗോള ടെൻഡറാകും വിളിക്കുക. പദ്ധതിനിർവഹണ ഏജൻസിയായി കെ–റെയിലിനെ നിയമിക്കണമെന്നും സർക്കാരിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. അനുമതി ലഭിക്കുന്നമുറയ്‌ക്ക്‌ ഇ‍ൗ മേഖലയിലെ വിഗദ്‌ധരെക്കൂടി കെ–റെയിൽ സംഘത്തിൽ ഉൾപ്പെടുത്തും.


നേരത്തേ, കെ–റെയിൽ സമർപ്പിച്ച സാധ്യതാപഠന റിപ്പോർട്ട്‌ സർക്കാരിന്‌ സമർപ്പിച്ചിരുന്നു. 2672.25 കോടി രൂപ ചെലവ്‌ കണക്കാക്കുന്ന പദ്ധതി, ഡിസൈൻ–ബിൽഡ്‌–ഫിനാൻസ്‌–ഓപ്പറേറ്റ്‌ ട്രാൻസ്‌ഫർ (ഡിബിഎഫ്‌ഒടി) മാതൃകയിൽ സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാനാണ്‌ നിർദേശം.


ഒന്പത്‌ ജില്ലകളിലൂടെ കടന്നുപോകുന്ന തീരദേശഹൈവേ എറണാകുളത്ത്‌ ചെല്ലാനംമുതൽ മുനന്പംവരെ 48 കിലോമീറ്ററാണുള്ളത്‌. തീരദേശഹൈവേയെ റോഡ്‌ മാർഗം ബന്ധിപ്പിക്കുന്പോൾ 16 കിലോമീറ്റർ ദൈർഘ്യം വരും. എന്നാൽ, തുരങ്കപാതയിലൂടെ മൂന്നുകിലോമീറ്റർമാത്രം ദൂരത്തിൽ ബന്ധിപ്പിക്കാനാകുമെന്ന്‌ കെ–റെയിൽ സാധ്യതാപഠനത്തിൽ പറയുന്നു. ഇരട്ട ടണലുകളിൽ മൂന്നരമീറ്റർ വീതിയുള്ള സർവീസ്‌ റോഡും നാലരമീറ്റർ വീതിയിൽ ഹൈവേയുമാണ്‌ നിർദേശിക്കുന്നത്‌. പുറത്തെ നാലുവരി അപ്രോച്ച്‌ റോഡുകളിലേക്കാണ്‌ ഇവ തുറക്കുക. ഓരോ 250 മീറ്ററിലും എമർജൻസി സ്‌റ്റോപ്പ്‌ ബേ, 500 മീറ്ററിലും യാത്രക്കാർക്കുള്ള വെന്റിലേഷനോടുകൂടിയ എമർജൻസി എക്‌സിറ്റ്‌ എന്നിവയുണ്ടാകും. കപ്പൽച്ചാലിന്‌ കുറുകെ നിർമിക്കുന്ന തുരങ്കം കടലിൽ 35 മീറ്റർ ആഴത്തിലായിരിക്കും. 10 മുതൽ 13 മീറ്റർ വരെയാണ്‌ കപ്പൽച്ചാലിന്റെ ആഴം.

സ്ഥലമെറ്റെടുത്താൽ പദ്ധതി പൂർത്തിയാക്കാൻ രണ്ടരവർഷമാണ്‌ കണക്കാക്കുന്നത്‌. രണ്ട്‌ അലൈൻമെന്റുകളും നിർദേശിച്ചിട്ടുണ്ട്‌. ഫോർട്ട്‌കൊച്ചി റോ–റോ ബോട്ട്‌ ജെട്ടിക്കുസമീപം കെ വി ജേക്കബ്‌ റോഡിനെയും വൈപ്പിനെയും ബന്ധിപ്പിച്ചും കെ വി ജേക്കബ്‌ റോഡിനെയും വൈപ്പിന്റെ പടിഞ്ഞാറ്‌ ഭാഗത്തെയും ബന്ധിപ്പിച്ചുമാണിത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home