ad
Deshabhimani

ഫോർട്ട്‌ കൊച്ചിയിൽ മരം വീണ് 9 കടകൾ തകർന്നു

fortkochi

ഫോര്‍ട്ട്‌ കൊച്ചി ഫുഡ്കോര്‍ട്ടിനുസമീപം കൂറ്റന്‍ മരം കടപുഴകി വീണപ്പോള്‍

വെബ് ഡെസ്ക്

Published on Jun 09, 2026, 02:19 AM | 1 min read

ഫോർട്ട്‌കൊച്ചി/തൃക്കാക്കര


ഫോർട്ട്‌കൊച്ചിയിൽ മരം വീണ് ഒന്പതുകടകൾക്ക് നാശനഷ്ടം. മൂന്നുകടകൾ പൂർണമായും തകർന്നു. ശക്തമായ കാറ്റിലും മഴയിലും ഫോർട്ട്‌കൊച്ചി പിഡബ്ല്യുഡി റസ്റ്റ് ഹൗസിനുസമീപത്തെ വലിയ മരമാണ്‌ തിങ്കൾ പുലർച്ചെ ഒന്നിന്‌ കടപുഴകിയത്‌. 20 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി വ്യാപാരികൾ പറഞ്ഞു. പുലര്‍ച്ചെയായതിനാല്‍ വന്‍ ദുരന്തമാണ്‌ ഒഴിവായത്‌. പി യു ഷക്കീര്‍, ഖയസ്, ജാഫര്‍ എന്നിവരുടെ കടകളാണ്‌ പൂര്‍ണമായി തകര്‍ന്നത്‌. ജയപ്രകാശ്, പ്രഭു, ലത്തീഫ്, സുധീര്‍, സാജി, സുബൈര്‍, ഷഹബാസ് എന്നിവരുടെ കടകള്‍ ഭാഗികമായും തകര്‍ന്നു.


കൊച്ചി ഹെറിറ്റേജ് കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള കടകള്‍ ഇവര്‍ വാടകയ്ക്ക് എടുത്ത് നടത്തുകയായിരുന്നു. മൂന്നുകടകള്‍ വസ്ത്രവില്‍പ്പനശാലയായും ബാക്കി ശീതളപാനീയ വില്‍പ്പനശാലയുമാണ്. മരം ഫുഡ് കോർട്ടിനുമുകളിൽ പതിച്ചതോടെ കടകളുടെ മേൽക്കൂരകളും ഉപകരണങ്ങളും ഫർണിച്ചറുകളും തകർന്നു. സമീപത്തുണ്ടായിരുന്ന വൈദ്യുതിത്തൂൺ ഒടിഞ്ഞുവീണ്‌ പ്രദേശത്ത് വൈദ്യുതിവിതരണവും തടസ്സപ്പെട്ടു.


വൈദ്യുതി നിലച്ചതോടെ സമീപത്തെ കച്ചവടക്കാരുടെ ഐസ്ക്രീം ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ നശിച്ചു. അടിവശം ദ്രവിച്ച മരം വെട്ടിനീക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കച്ചവടക്കാര്‍ ഹെറിറ്റേജ് കണ്‍സര്‍വേഷന്‍ സൊസൈറ്റി അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. സൊസൈറ്റി അധികൃതര്‍തന്നെയാണ് വീണ മരം വെട്ടിമാറ്റിയത്. കൂറ്റന്‍മരങ്ങള്‍ വീഴുമ്പോള്‍ ഇത് നീക്കംചെയ്യാന്‍ അഗ്നിരക്ഷാസേനയ്ക്ക് ഉപകരണങ്ങള്‍ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.


കനത്ത മഴയെ തുടർന്ന് കാക്കനാട്ടെ പ്രധാന റോഡുകളിലും ജങ്‌ഷനുകളിലും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഇൻഫോപാർക്ക് എക്സ്പ്രസ് ഹൈവേയിൽ രൂപപ്പെട്ട വെള്ളക്കെട്ടാണ്‌ ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയത്‌.


സീപോർട്ട്–എയർപോർട്ട് റോഡിലെ വള്ളത്തോൾ ജങ്‌ഷൻമുതൽ ഭാരതമാത ജങ്‌ഷൻ, ഓലിമുകൾ ജങ്‌ഷൻ, കലക്ടറേറ്റ് സിഗ്നൽ ജങ്‌ഷൻ, ടിവി സെന്റർ ജങ്‌ഷൻ, ചിറ്റേത്തുകര ജങ്‌ഷൻ, ഇൻഫോപാർക്ക് എക്സ്പ്രസ് ഹൈവേയുടെ തുടക്കഭാഗം, പടമുകൾ കുന്നുംപുറം, വാഴക്കാല എന്നിവിടങ്ങളിൽ രാവിലെമുതൽ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. ജില്ലാ പഞ്ചായത്ത്, കുഴിക്കാട്ടുമൂല ജങ്‌ഷനുകളിലും ഗതാഗതം മണിക്കൂറുകളോളം മന്ദഗതിയിലായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home