‘നിഴൽ യാത്രികന്’ ഫോക്‌ലോർ അക്കാദമി അവാർഡ്

കളമശേരി
കേരള ഫോക്‌ലോർ അക്കാദമി ഡോക്യുമെന്ററി അവാർഡ് സഹീർ അലി സംവിധാനം ചെയ്ത ‘നിഴൽ യാത്രികൻ’ ഹ്രസ്വചിത്രത്തിന് ലഭിച്ചു. തോൽപ്പാവക്കൂത്ത് എന്ന ക്ഷേത്രകലയെ ക്ഷേത്രമതിൽക്കെട്ടിന് പുറത്തെത്തിച്ച് നവീകരിക്കാനും ജനകീയമാക്കാനും ജീവിതം ഉഴിഞ്ഞുവച്ച കലാകാരൻ രാമചന്ദ്ര പുലവരുടെ ജീവിതമാണ് നിഴൽ യാത്രികന്റെ ഇതിവൃത്തം.
കൊളംബിയയിൽ ഏഷ്യൻ സ്റ്റഡീസ് ഫിലിം ഫെസ്റ്റിവലിൽ നിഴൽ യാത്രികൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഏഷ്യൻ സ്റ്റഡീസ് ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയിൽനിന്ന് പങ്കെടുത്ത പരമ്പരാഗത കലയെക്കുറിച്ചുള്ള ആദ്യ ഡോക്യുമെന്ററിയാണിത്. രാഹുൽ കെ പുലവർ നിർമാണവും സഹീർ അലിയുടെ മകളും ഗവേഷക വിദ്യാർഥിയുമായ ഫാബി സഹീർ രചനയും നിർവഹിച്ചു. കാമറ സാബു ഏഴിക്കരയും രജീഷ് അനാമികയുമാണ്. സനൽ പോറ്റിയുടേതാണ് ശബ്ദവിവരണം.
കേന്ദ്ര സർക്കാരിന്റെ നാടകഗവേഷണത്തിനുള്ള സീനിയർ ഫെലോഷിപ്പും കേരള സംഗീതനാടക അക്കാദമി അവാർഡും നേടിയ സഹീർ അലി കേരള സംഗീതനാടക അക്കാദമി എക്സിക്യൂട്ടീവ് അംഗമായും വൈലോപ്പിള്ളി സംസ്കൃതിഭവൻ ഭരണസമിതി അംഗമായും പ്രവർത്തിക്കുന്നു. സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ഡോക്യുമെന്ററി പാനൽ അംഗവും പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കൗൺസിൽ അംഗവുമാണ്.









0 comments