വാടകയ്ക്കെടുത്ത ഫ്ലാറ്റുകൾ പണയത്തിന് നൽകി തട്ടിപ്പ് ; ഒരാൾ അറസ്റ്റിൽ

കാക്കനാട്
വാടകയ്ക്ക് എടുത്ത ഫ്ലാറ്റുകൾ ഉടമ അറിയാതെ പണയത്തിന് നൽകി പലരിൽനിന്ന് ലക്ഷങ്ങൾ തട്ടിയ സംഘത്തിലെ പ്രധാനി അറസ്റ്റിൽ. വാഴക്കാലയിൽ താമസിക്കുന്ന മിന്റു കെ മണിയെയാണ് (39) തൃക്കാക്കര പൊലീസ് പിടികൂടിയത്. ഇയാളുടെ കൂട്ടുപ്രതിയായ വനിത ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. 20 പേരിൽനിന്നായി 50 ലക്ഷം രൂപ തട്ടിയെന്നാണ് കരുതുന്നത്. തൃക്കാക്കര സ്റ്റേഷനിൽ മൂന്നും ഇൻഫോപാർക്ക് സ്റ്റേഷനിൽ രണ്ടും കേസുകൾ രജിസ്റ്റർ ചെയ്തു. നൂറോളംപേർ ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് വിവരം.
ഫ്ലാറ്റ് വാടകയ്ക്ക് നൽകാനുണ്ടെന്ന് സമൂഹമാധ്യമങ്ങൾ വഴിയും ഒഎൽഎക്സ് ആപ്പുകൾ വഴിയും പരസ്യം നൽകിയാണ് തട്ടിപ്പ് നടത്തിയത്. എട്ടുമുതൽ 10 ലക്ഷം രൂപ നിരക്കിൽ 11 മാസത്തേക്ക് കരാർ എഴുതിയാണ് പണയത്തിന് നൽകുന്നത്. കരാർ കാലാവധി തീരുമ്പോൾ നിലവിലെ താമസക്കാരന് പണയതുകയുടെ ഒരുവിഹിതം മടക്കി നൽകി ബാക്കി പിന്നെ നൽകാമെന്ന് പറഞ്ഞ് ഫ്ലാറ്റ് മാറാൻ ആവശ്യപ്പെടും. ഇതിനിടെ ഇതേ ഫ്ലാറ്റ് കാണിച്ച് മറ്റുപലരിൽനിന്ന് ലക്ഷങ്ങൾ വാങ്ങിക്കും. പണയത്തുക മുഴുവൻ ലഭിക്കാത്തവരും പണം നൽകിയിട്ടും ഫ്ലാറ്റ് ലഭിക്കാത്തവരുമായി നിരവധിപേരുണ്ട്. മാധ്യമപ്രവർത്തകനും ചലച്ചിത്രതാരത്തിനും ഇത്തരത്തിൽ പണം നഷ്ടമായിട്ടുണ്ട്.
കാക്കനാട് മാണിക്കുളങ്ങര റോഡിലുള്ള ഗ്ലോബൽ വില്ലേജ് അപ്പാർട്ട്മെന്റിൽ ഫ്ലാറ്റ് നൽകാമെന്ന് പറഞ്ഞ് ഒരാളിൽനിന്ന് എട്ട് ലക്ഷവും മറ്റൊരാളിൽനിന്ന് 6.5 ലക്ഷം രൂപയും തട്ടിയെടുത്തതിനെ തുടർന്നാണ് പൊലീസിൽ പരാതി ലഭിക്കുന്നത്. അന്വേഷണം ആരംഭിച്ചതോടെ കൂടുതൽപേർ രംഗത്തുവന്നു. വാഴക്കാല, ഇൻഫോപാർക്ക് തുടങ്ങിയ സ്ഥലങ്ങളിലെ ഫ്ലാറ്റുകളിലും സമാന തട്ടിപ്പ് നടന്നു. വിശദമായ അന്വേഷണം ആരംഭിച്ചതായി തൃക്കാക്കര എസിപി പി എസ് ഷിജു പറഞ്ഞു.










0 comments