പേഴ്സിന്‍ നെറ്റ് ബോട്ടുകൾ കാലി
വലയിൽ കയറാതെ മീനുകൾ രണ്ടാംദിനവും നിരാശ

മട്ടാഞ്ചേരി
മത്സ്യപ്രജനനകാലത്ത് ട്രോളിങ് നിരോധിച്ചെങ്കിലും അതിന്റെ ഫലമൊന്നും കടലില്‍ കാണാനില്ലെന്ന് തൊഴിലാളികള്‍. ട്രോളിങ് നിരോധനം കഴിഞ്ഞ് പ്രതീക്ഷയോടെ ഇറങ്ങിയ ബോട്ടുകള്‍ മീനില്ലാതെ മടങ്ങുകയാണ്. അതാതുദിവസം മത്സ്യബന്ധനത്തിന് പോയി മടങ്ങിവരുന്ന പേഴ്സിന്‍ നെറ്റ് ബോട്ടുകളാണ് മീൻ തീരെയില്ലാതെ മടങ്ങുന്നത്.
ഇന്ധനത്തിന് ചെലവാകുന്ന പണംപോലും ലഭിക്കാത്തതിനാൽ കൂടുതൽ സാമ്പത്തിക ബാധ്യതയിലേക്കാണ് നീങ്ങുന്നതെന്ന് ബോട്ടുടമകളും തൊഴിലാളികളും പറയുന്നു. സാധാരണ ട്രോളിങ് നിരോധനം കഴിഞ്ഞ് കടലില്‍ ഇറങ്ങുന്ന ബോട്ടുകള്‍ മടങ്ങുന്നത് നിറയെ മീനുമായിട്ടായിരിക്കും. ചാകരപ്രതീക്ഷയോടെ കടലില്‍ ഇറങ്ങിയ ബോട്ടുകള്‍ക്ക് ആദ്യദിനംതന്നെ നിരാശയായിരുന്നു ഫലം.
രണ്ടാംദിവസവും കാര്യമായ മീൻ ലഭിക്കാതെ മടങ്ങേണ്ടിവന്നു. നാൽപ്പത്തഞ്ചോളം പേഴ്സിന്‍ നെറ്റ് ബോട്ടുകളില്‍ രണ്ടോ മൂന്നോ എണ്ണത്തിനുമാത്രമാണ് ചെറിയ തോതിലെങ്കിലും മീൻ ലഭിച്ചത്. അയലയും ചെറിയ ചൂരയുമാണ് ലഭിച്ചത്. മറ്റ് ബോട്ടുകളെല്ലാം കാലിയായി കയറുന്ന അവസ്ഥയാണ്.
കാലാവസ്ഥ അനുകൂലമല്ലാത്തതും വിനയാകുന്നുവെന്ന് തൊഴിലാളികൾ പറയുന്നു. വൻ പലിശയ്ക്ക് പണമെടുത്താണ് ബോട്ടുകളുടെ അറ്റകുറ്റപ്പണികളും മറ്റും നടത്തിയത്. കുട്ടികളുടെ വിദ്യാഭ്യാസമുൾപ്പെടെയുള്ള കാര്യങ്ങൾക്ക് തൊഴിലാളികൾ വായ്പയെടുത്തതും ചാകര പ്രതീക്ഷിച്ചായിരുന്നു. കടലില്‍ പോയ ഗില്‍നെറ്റ് നെറ്റ്, ഫിഷിങ് നെറ്റ് ബോട്ടുകളൊന്നും മടങ്ങിയെത്തിയിട്ടില്ല. ഇത്തവണ വലിയരീതിയില്‍ മീൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണിവര്‍.








0 comments