പ്രത്യേക പാക്കേജ് വേണം ; അലയടിച്ച് മത്സ്യത്തൊഴിലാളി പ്രതിഷേധം

കൊച്ചി
തുടർച്ചയായ കപ്പലപകടങ്ങളെ തുടർന്ന് ദുരിതത്തിലായ മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക സാമ്പത്തികസഹായ പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ പ്രതിഷേധം സംഘടിപ്പിച്ചു. ചെല്ലാനം ഫിഷിങ് ഹാർബർ, തോപ്പുംപടി ബിഎസ്‌എൻഎൽ ഓഫീസ്, വൈപ്പിൻ മാണി ബസാർ എന്നിവിടങ്ങളിലാണ് മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ പ്രതിഷേധപ്രകടനവും ധർണയും സംഘടിപ്പിച്ചത്.
കപ്പലപകടങ്ങളിൽ തുടർനടപടി സ്വീകരിക്കാതെയും മത്സ്യത്തൊഴിലാളികൾക്ക് സഹായം നൽകാതെയും കേന്ദ്രസർക്കാർ മൗനംപാലിക്കുകയാണ്. മീൻപിടിത്തത്തിന് നേരിട്ട തടസ്സം നീക്കാനും മത്സ്യത്തൊഴിലാളികളുടെ തൊഴിൽനഷ്ടത്തിന് പരിഹാരം കാണാനും താൽക്കാലിക ആശ്വാസമായി സംസ്ഥാന സർക്കാർ, പ്രശ്നബാധിത മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സഹായം നൽകി. ആയിരം രൂപയും ആറുകിലോ അരിവീതം സൗജന്യ റേഷനും അനുവദിച്ചു. കപ്പലപകടം പ്രത്യേക സംസ്ഥാനദുരന്തമായി പ്രഖ്യാപിക്കുകയും ചെയ്‌തു.
എന്നാൽ, ദുരിതത്തിലായ മത്സ്യത്തൊഴിലാളികളെ സഹായിക്കാൻ കേന്ദ്രസർക്കാർ ഒരു നടപടിയും സ്വീകരിക്കാത്തതിനെ തുടർന്നാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്. മുനമ്പം മാണി ബസാറിൽ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ശർമ ഉദ്‌ഘാടനം ചെയ്‌തു. എ കെ ഗിരീഷ് അധ്യക്ഷനായി. എ കെ ശശി, ഇ സി ശിവദാസ്, എ എ പ്രതാപൻ, കെ ഡി മിഷ എന്നിവർ സംസാരിച്ചു.
തോപ്പുംപടി ബിഎസ്എൻഎൽ ഓഫീസിനുമുന്നിലെ ധർണ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ ജെ മാക്സി എംഎൽഎ ഉദ്ഘാടനം ചെയ്തു. പി സി റോളണ്ട് അധ്യക്ഷനായി. കെ ജെ ആന്റണി, കെ എം റിയാദ്, പി ജെ ദാസൻ, എൻ എൻ നദീഷ് എന്നിവർ സംസാരിച്ചു.
ചെല്ലാനം ഫിഷിങ് ഹാർബറിൽ യൂണിയൻ ജില്ലാ സെക്രട്ടറി യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. കെ ഡി പ്രസാദ് അധ്യക്ഷനായി. പി ബി ദാളോ, എൻ ടി സുനിൽ, എ എം ഷാജി, പി ആർ ഷാജികുമാർ, കെ എ ബാസ്റ്റിൻ എന്നിവർ സംസാരിച്ചു.










0 comments