ഇരുന്പനം നെടുങ്ങാപ്പുഴയിൽ മീനുകൾ ചത്തുപൊങ്ങുന്നു

കൊച്ചി
കോണോത്ത് പുഴയുടെ ഭാഗമായ ഇരുന്പനം നെടുങ്ങാപ്പുഴയിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു. അടുത്തിടെ യന്ത്രമുപയോഗിച്ച് വൻതോതിൽ ചെളി കോരിനീക്കിയതിനെത്തുടർന്ന് എരൂർ വെട്ടുവേലിച്ചിറവരെ ഭാഗത്ത് വെള്ളം കലങ്ങി കറുത്തനിറത്തിലാണ്. രണ്ടു ദിവസംമുന്പാണ് മീനുകൾ ചത്തുപൊങ്ങാൻ തുടങ്ങിയത്. പൂർണവളർച്ചയെത്തിയ തിലാപ്പിയ മീനുകളാണ് ചത്തുപൊങ്ങുന്നതിൽ കൂടുതലും.
ഞായർ രാവിലെമുതലാണ് മീൻ ചത്തുപൊങ്ങുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പുഴയിലിട്ടിരുന്ന വലകളിൽ കുരുങ്ങിയ മീനുകളും ചത്തു. വലിയ മീനുകളാണ് ചത്തുപൊങ്ങുന്നതിൽ കൂടുതലും. ചെമ്മീനുൾപ്പെടെ ചെറുമീനുകൾ കൂട്ടമായി ജലപ്പരപ്പിലേക്ക് പൊങ്ങിനിൽക്കുകയാണ്. രണ്ടുദിവസമായി വലിയ മീനുകളും കൂട്ടത്തോടെ ജലപ്പരപ്പിലേക്ക് പൊങ്ങിനിൽക്കാൻ തുടങ്ങിയതോടെ ചൂണ്ടയും കോരുവലയും മറ്റു ഉപകരണങ്ങളും ഉപയോഗിച്ച് അവയെ പിടിക്കാനും ആളുകളുടെ തിരക്കേറി. കിലോക്കണക്കിന് മീനാണ് ഇങ്ങനെ പിടിച്ചെടുത്തത്. ഒഴുക്കില്ലാത്തതിനാൽ മീനുകൾ ജലപ്പരപ്പിൽക്കിടന്ന് ചീഞ്ഞ് പ്രദേശത്താകെ കടുത്ത ദുർഗന്ധമാണ്.
പുഴയിൽ ചെളി കോരിയശേഷം വെള്ളം കലങ്ങി അഴുക്കായതാണ് മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങാൻ കാരണമെന്ന് മീൻപിടിത്തക്കാർ പറഞ്ഞു. എരൂർ വെട്ടുവേലി ഭാഗത്ത് ഓരുവെള്ളം കയറാതിരിക്കാൻ ചിറയിട്ടതിനാൽ ഒഴുക്ക് നിലച്ചതും കാരണമായി. മറ്റുഭാഗങ്ങളിലൊന്നും മീനുകൾ ചത്തിട്ടില്ല. നഗരസഭാ ആരോഗ്യവിഭാഗത്തെയും ജലവിഭവവകുപ്പിനെയും അറിയിച്ചതായി വാർഡ് കൗൺസിലർ കെ ടി അഖിൽദാസ് പറഞ്ഞു. മീനവശിഷ്‌ടം നീക്കാനും ജനങ്ങൾക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടതായി അഖിൽദാസ് പറഞ്ഞു.









0 comments