2 മരണംകൂടി
15,000 കടന്ന് പനി: ഷിഗല്ലയും

കൊച്ചി
ആരോഗ്യവകുപ്പിന്റെ അലംഭാവംമൂലം നാട്ടില്‍ പകര്‍ച്ചവ്യാധികള്‍ അതിവേഗം പകരുന്നതിനിടെ രണ്ടു മരണംകൂടി. മസ്തിഷ്കജ്വരം ബാധിച്ച് ഏഴിക്കര സ്വദേശിയായ 66കാരനും പാണംകുഴി കുരിശിങ്കൽ നീരോലിക്കൻ വീട്ടിൽ ബിബിനുമാണ് (46) മരിച്ചത്.
ഇതോടെ ഈ മാസം പകര്‍ച്ചവ്യാധിയോ പനിയോ ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി.
വെസ്റ്റ്നൈല്‍ പനി ബാധിച്ച് രണ്ടുപേരും, ഡെങ്കി, എച്ച്1 എന്‍1 , എലിപ്പനി, പനി, വയറിളക്കം എന്നിവ ബാധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിലായാണ് മറ്റ് 14 പേരും മരിച്ചത്. വയറിളക്കം ബാധിച്ച് കടുങ്ങല്ലൂരില്‍ നാലുവയസുകാരനാണ് ജൂണ്‍ നാലിന് മരിച്ചത്. ഡെങ്കിപ്പനി ഭീതിജനകമാംവിധം പടരുന്നത് ആശങ്കയുളവാക്കുന്നു.
ജില്ലയില്‍ പനി ബാധിതരുടെ എണ്ണം 15679 ആയി. വയറിളക്കരോഗങ്ങളും വ്യാപകമായി പടരുന്നുണ്ട്. വ്യാഴാഴ്ച 300 പേര്‍ക്ക് രോഗം ബാധിച്ചു, ഇതോടെ ഈ മാസം ഇത്തരം രോഗബാധിതരുടെ എണ്ണം 3923 ആയി. 39പേര്‍ ഇന്‍ഫ്ലുവന്‍സ രോഗങ്ങള്‍ ബാധിച്ച് ചികിത്സയിലുണ്ട്, ഇതില്‍ എച്ച്1എന്‍1 രോഗികള്‍ ഉള്‍പ്പെടെയുണ്ട് എന്നാണ് സൂചന.
ജില്ലയില്‍ ഷിഗല്ല
കൊച്ചി
വിവിധ പകര്‍ച്ചവ്യാധികളുടെ വ്യാപനത്തിനിടെ ജില്ലയില്‍ ഒരാള്‍ക്ക് ഷിഗല്ല ബാധിച്ചതായി ആരോഗ്യവകുപ്പ്. മഴുവന്നൂര്‍ പഞ്ചായത്തിലെ 18 -ാം വാർഡ് തട്ടാംമുകളിലാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എറണാകുളത്ത് സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനായ യുവാവിനാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. ഒരാഴ്ചയിലധികമായി പനിയും വയറിളക്കവും ബാധിച്ച് കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു. ഷിഗല്ലയുടെ വരവോടെ ജനങ്ങള്‍ ഭീതിയിലാണ്.










0 comments