ad
Deshabhimani

പകര്‍ച്ചവ്യാധികള്‍ വലയ്‌ക്കുന്നു

20 ദിവസം 16 മരണം

fever
വെബ് ഡെസ്ക്

Published on Jun 21, 2026, 03:43 AM | 1 min read

കൊച്ചി


ആരോഗ്യവകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും വീഴ്ചകൊണ്ട് പകര്‍ച്ചവ്യാധികള്‍ പെരുകിയതോടെ ഭീതിയിലായി ജില്ല. ഇരുപത് ദിവസത്തിനിടെ പകര്‍ച്ചവ്യാധികളും അനുബന്ധരോഗങ്ങളും ബാധിച്ച് 16 പേരാണ് മരിച്ചത്.


മരിച്ചവരില്‍ നാലുവയസുകാരന്‍ മുതല്‍ മലേഷ്യന്‍ പൗരന്‍വരെ ഉള്‍പ്പെടുന്നു. പനി, എച്ച്1 എന്‍1, വെസ്റ്റ്നൈല്‍ പനി, എലിപ്പനി, ഡെങ്കി, മസ്തിഷ്ക ജ്വരം, വയറിളക്കം എന്നിവയിലേതെങ്കിലുമാണ് പലമരണങ്ങള്‍ക്കും കാരണം. ഷിഗല്ല, മലേറിയ, മഞ്ഞപ്പിത്തം, റാബിസ് എന്നിവ ബാധിച്ചും രോഗികള്‍ എത്തുന്നുണ്ട്.


ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതും രോഗികളെ വലയ്‌ക്കുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങള്‍ പരിസര ശുചീകരണം നടത്താത്തത് രോഗവ്യാപനസാധ്യത ഇരട്ടിയാക്കുന്നു.


17,000 കടന്ന് പനി


ഈമാസം ജില്ലയിലെ പനി ബാധിതരുടെ എണ്ണം 17,638 ആയി. ശനിയാഴ്ച 968 പേര്‍ക്ക്‌ പനി ബാധിച്ചു. 15പേര്‍ക്ക് ഡെങ്കിയും മൂന്നുപേര്‍ക്ക് എലിപ്പനിയും നാലുപേര്‍ക്ക് ഹെപ്പറ്റൈറ്റിസും 49 പേര്‍ക്ക് ഇന്‍ഫ്ലുവന്‍സ രോഗങ്ങളും (എച്ച്1എന്‍1 ഉള്‍പ്പെടെ) സ്ഥിരീകരിച്ചു. മണീട്, അയ്യമ്പുഴ, കോതമംഗലം ഭാഗത്താണ് എലിപ്പനി.


അങ്കമാലി, കാക്കനാട്, കളമശേരി, കൂനമ്മാവ്, മണീട്, പാമ്പാക്കുട, പണ്ടപ്പിള്ളി, രായമംഗലം, വരാപ്പുഴ, വേങ്ങൂര്‍ പ്രദേശത്ത് പുതിയ ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 220 പേര്‍ക്ക് വയറിളക്കരോഗങ്ങളും പുതിയതായി ബാധിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home