വടുതല–കുറുങ്കോട്ട കടത്ത് സർവീസ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യം

കൊച്ചി
ചേരാനല്ലൂർ പഞ്ചായത്തിലെ വടുതല–-കുറുങ്കോട്ട കടത്ത് സർവീസ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം കുറുങ്കോട്ട ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നാട്ടുകാർ സായാഹ്നധർണയും ഒപ്പുശേഖരണവും നടത്തി. കടത്ത് സർവീസ് നിർത്തലാക്കിയിട്ട് ഒരാഴ്ച കഴിഞ്ഞു. ദിവസവും 15 മണിക്കൂറിലധികം ജോലി ചെയ്യുന്ന കടത്തുകാരന് മാസവേതനമായി പഞ്ചായത്ത് നൽകുന്നത് 9000 രൂപയാണ്.
തുച്ഛവേതനത്തില്‍ ജോലി ചെയ്യാൻ ആരും തയ്യാറാകാത്തതാണ് കടത്ത് നിലയ്‌ക്കാൻ കാരണം. വിദ്യാർഥികളും സ്ത്രീകളും ഉൾപ്പെടെ നൂറുകണക്കിന് ദ്വീപുനിവാസികൾ ചെറിയ വഞ്ചിയിൽ ജീവൻ പണയംവച്ചാണ് നിലവിൽ യാത്ര ചെയ്യുന്നത്.
വേതനം വർധിപ്പിച്ച്, പുതിയ കടത്തുകാരനെ സർവീസ് ഏൽപ്പിക്കാൻ പഞ്ചായത്ത് അധികൃതര്‍ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് ചേർന്ന ധർണ സിപിഐ എം വടുതല ലോക്കൽ സെക്രട്ടറി എം എം ജീനീഷ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി കെ എസ് രാജേഷ് അധ്യക്ഷനായി. കെ എസ് സുധീഷ്, എസ് എം ജോഷി എന്നിവർ സംസാരിച്ചു.









0 comments