കൂവപ്പടിയിൽ കീടശല്യം വ്യാപകം ; കൃഷിക്ക് വെല്ലുവിളി

കൂവപ്പടി പഞ്ചായത്തിൽ കുമിൾബാധയേറ്റ് ഉണങ്ങിയ ജാതിമരം
പെരുമ്പാവൂർ
കൂവപ്പടി പഞ്ചായത്തില്‍ കീടബാധയും കുമിൾരോഗവും ബാധിച്ച് കൃഷിനാശം വ്യാപകം. നേന്ത്രക്കായയുടെ വിലയിടിവും കർഷകരെ ബാധിച്ചിട്ടുണ്ട്. ചേരാനല്ലൂര്‍, മങ്കുഴി, തോട്ടുവ, കോടനാട്, ഐമുറി, കൂവപ്പടി, ആയത്തുപടി മേഖലയില്‍ തെങ്ങ്, കവുങ്ങ്, വാഴ എന്നിവയെയാണ് കീടശല്യം ബാധിച്ചത്. ജാതിമരത്തില്‍ കുമിള്‍രോഗം പ്രതിരോധിക്കാന്‍ ബോര്‍ഡോ മിശ്രിതം തളിക്കുന്നുണ്ടെങ്കിലും പ്രയോജനം ലഭിക്കുന്നില്ലെന്ന് കർഷകർ പറയുന്നു.
നേന്ത്രവാഴക്കൃഷിയില്‍ കീടബാധയ്ക്കുപുറമെ വിലയിടിവും കർഷകരെ വലയ്ക്കുന്നു. വാഴക്കണ്ണ്, വളം, ഊന്ന് എന്നിവ അടക്കം ഒരു വാഴയ്ക്ക് 200 രൂപയില്‍ കൂടുതല്‍ ചെലവ് വരുന്നുണ്ട്. ഒരു കിലോ നേന്ത്രക്കായക്ക് 18 മുതല്‍ 25 രൂപവരെയാണ് വില ലഭിക്കുന്നത്. ചേരാനല്ലൂരിൽ ശനിയാഴ്ച പഞ്ചായത്ത് നടത്തുന്ന കാർഷിക സെമിനാറിൽ കൃഷിനാശം, നീർത്തട പദ്ധതി, തരിശുകിടക്കുന്ന പാടങ്ങളുടെ വിനിയോഗം തുടങ്ങിയ വിഷയങ്ങൾ ഉന്നയിക്കുമെന്ന് കർഷകസംഘം കോടനാട് വില്ലേജ് പ്രസിഡന്റ് സി എസ് ശ്രീധരൻപിള്ളയും സെക്രട്ടറി വിപിൻ കോട്ടക്കുടിയും അറിയിച്ചു.










0 comments