പോസ്‌റ്റ് ഓഫീസുകൾക്കും പാസ്‌പോർട്ട് ഓഫീസുകൾക്കും വ്യാജബോംബ് ഭീഷണി

കൊച്ചി
നഗരത്തിലെ പോസ്‌റ്റ് ഓഫീസുകൾക്കും പാസ്‌പോർട്ട് ഓഫീസുകൾക്കും വ്യാജബോംബ് ഭീഷണി. ജില്ലാ പാസ്‌പോർട്ട് ഓഫീസിന്റെ ഇ–മെയിലിലേക്കാണ് തിങ്കൾ പുലർച്ചെ 12.45ന് ഭീഷണിസന്ദേശമെത്തിയത്. തിങ്കൾ പകൽ 11.50ന് നഗരത്തിലെയും സമീപസ്ഥലങ്ങളിലെയും പാസ്‌പോർട്ട് ഓഫീസുകളിലും പോസ്‌റ്റ് ഓഫീസുകളിലും ബോംബ് സ്‌ഫോടനമുണ്ടാകുമെന്നായിരുന്നു ഭീഷണി. പൊലീസും ബോംബ്–ഡോഗ് സ്‌ക്വാഡുകളും പരിശോധന നടത്തി.
സയനൈഡ് വിഷവാതകം നിറച്ച ആർഡിഎക്‌സ് ബോംബുകൾ പൊട്ടുമെന്നാണ് സന്ദേശത്തിലുണ്ടായിരുന്നത്. ഉദ്യോഗസ്ഥരെയും ജനങ്ങളെയും ഇൗ ഓഫീസുകളിൽനിന്ന് മാറ്റിനിർത്തണമെന്നും സന്ദേശത്തിലുണ്ട്. തമിഴ്‌നാട് പൊലീസിനെയും അവിടെയുള്ള രാഷ്‌ട്രീയപാർടികളെയും വിവരം അറിയിക്കുന്നതായി പറഞ്ഞുകൊണ്ടാണ് സന്ദേശം. പനന്പിള്ളിനഗറിലെ പാസ്‌പോർട്ട് ഓഫീസ് തിങ്കൾ രാവിലെ പ്രവർത്തനം ആരംഭിച്ചപ്പോൾ ശ്രദ്ധയിൽപ്പെട്ട സന്ദേശം പാസ്‌പോർട്ട് ഓഫീസർ കൊച്ചി സിറ്റി പൊലീസിനെ അറിയിച്ചു. സൗത്ത് പൊലീസ് രാവിലെ 9.30ന് പനന്പിള്ളിനഗറിലെ പാസ്‌പോർട്ട് ഓ-ഫീസിലും എറണാകുളം സെൻട്രൽ പൊലീസ് ഹെഡ് പോസ്‌റ്റ് ഓഫീസിൽ ബോംബ്–ഡോഗ് സ്‌ക്വാഡുകളുടെ സഹായത്തോടെ പരിശോധന നടത്തി.
ഹെഡ് പോസ്‌റ്റ് ഓഫീസിലെയും പാസ്‌പോർട്ട് ഓഫീസിലെയും ജീവനക്കാരെയും ഇടപാടുകാരെയും ഒഴിപ്പിച്ചശേഷമായിരുന്നു പരിശോധന. നഗരത്തിലെ മറ്റു പോസ്‌റ്റ് ഓഫീസുകളിലും പരിശോധന നടത്തി. ഇ–മെയിലിന്റെ ഉറവിടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇത്തരത്തിലുള്ള വ്യാജ ഇ–മെയിൽ ഭീഷണികൾ നിരന്തരം വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം ഉൗർജിതമാക്കിയതായും ഡിസിപി അശ്വതി ജിജി പറഞ്ഞു.










0 comments