ഒഴിയാതെ വളം പ്രതിസന്ധി ; നോക്കുകുത്തിയായി ഫാക്ട്

കെ പി വേണു
Published on Feb 05, 2026, 03:00 AM | 2 min read
കടുത്ത ഭക്ഷ്യക്ഷാമത്തെ തുടർന്ന് സംഘടിപ്പിച്ച കാർഷിക വിപ്ലവമാണ് രാസവളങ്ങളെ ആശ്രയിച്ചുള്ള കാർഷികവൃത്തിയിലേക്ക് കർഷകരെ എത്തിച്ചത്. ദക്ഷിണേന്ത്യയിലെ കർഷകർക്ക് ആവശ്യത്തിന് രാസവളം ലഭ്യമാക്കുന്നതിലൂടെ കാർഷികരംഗത്ത് വൻകുതിപ്പുണ്ടാക്കാൻ ചരിത്രപരമായ ഇടപെടലിലൂടെ പൊതുമേഖലയിലെ വൻകിട വളം നിർമാതാക്കളായ ഫാക്‌ടിന് കഴിഞ്ഞു. എന്നാലിപ്പോൾ അതല്ല അവസ്ഥ. മാറി മാറി വന്ന കേന്ദ്രസർക്കാരുകൾ കൈക്കൊണ്ട സ്വകാര്യവൽക്കരണ, കുത്തക പ്രീണന നയങ്ങൾ പൊതുമേഖലാ രാസവള വ്യവസായത്തെ തളർത്തി. പൊതുമേഖലയിലെ വളം ഉൽപ്പാദന നിയന്ത്രണവും വിപണിയിലെ വിലക്കയറ്റവും കാർഷികരംഗത്ത് മുരടിപ്പിനും തകർച്ചയ്‌ക്കും വഴിയൊരുക്കി. പുതിയ കേന്ദ്ര ബജറ്റിൽപോലും ഫാക്ടിനു ആഭ്യന്തര സ്രോതസ്സില്‍നിന്ന് ആകെ 100 കോടി രൂപ മാത്രമാണ് നീക്കിവച്ചത്. കഴിഞ്ഞവര്‍ഷം 103 കോടി രൂപ വകയിരുത്തിയിരുന്നു. പുതിയ വികസനപദ്ധതികളും ഇത്തവണ നൽകിയില്ല. പ്രതിസന്ധികാലത്ത് ആശ്രയമാകേണ്ടിയിരുന്ന ഫാക്‌ട് പ്രതിസന്ധികൾക്ക് നടുവിൽ മുങ്ങിത്താഴുന്നു.
കളമശേരി
രാജ്യത്താകെ യൂറിയ ഉൾപ്പെടെ രാസവളങ്ങൾക്കുണ്ടായിട്ടുള്ള കടുത്തക്ഷാമം കാർഷിക മേഖലയെ പ്രതിസന്ധിയിലാക്കിയിട്ടും ഫലപ്രദമായി ഇടപെടാൻ ഫാക്‌ടിന് കഴിയുന്നില്ല. ദക്ഷിണേന്ത്യയിലെ വൻകിട കർഷകർമുതൽ കേരളത്തിലെ തെങ്ങ്, നെല്ല്, വാഴ, പച്ചക്കറി, കിഴങ്ങ് വിള കർഷകർവരെ ആവശ്യത്തിന് വളം കിട്ടാതെ വലയുകയാണ്. വിലക്കയറ്റവും രൂക്ഷം. ഇൗ അവസ്ഥയിൽ കർഷകസമൂഹമാകെ പരിഹാരത്തിനായി ഫാക്‌ടിനെ ഉറ്റുനോക്കുന്പോൾ വെറും കാഴ്‌ചക്കാരന്റെ റോളിലാണ് ഇൗ വ്യവസായശാല.
കടുത്ത ഭക്ഷ്യക്ഷാമത്തെ നേരിടാൻ രാജ്യത്ത് ആസൂത്രിതമായി സംഘടിപ്പിച്ച കാർഷിക വിപ്ലവമാണ് രാസവളങ്ങളെ ആശ്രയിച്ചുള്ള കാർഷികവൃത്തിയിലേക്ക് കർഷകരെ എത്തിച്ചത്. ഏലൂർ ഉദ്യോഗമണ്ഡലിൽ 1943ൽ ശേഷസായ് സഹോദരന്മാർ സ്ഥാപിച്ച വ്യവസായശാലയെ പൊതുമേഖലയിൽ കൊണ്ടുവരാനും ഇത് നിമിത്തമായി.
ദക്ഷിണേന്ത്യയിലെ കർഷകർക്ക് ആവശ്യത്തിന് രാസവളം ലഭ്യമാക്കുന്നതിലൂടെ കാർഷികരംഗത്ത് വൻകുതിപ്പുണ്ടാക്കാൻ ഫാക്‌ടിന് കഴിഞ്ഞു. എന്നാലിപ്പോൾ കഥമാറി. പൊതുമേഖലാ രാസവളം വ്യവസായത്തെ തകർക്കുംവിധം മാറി മാറി വന്ന കേന്ദ്ര സർക്കാരുകൾ കൈക്കൊണ്ട സ്വകാര്യവൽക്കരണ, കുത്തക പ്രീണന നയങ്ങളാണ് ഇന്ന് കാർഷികമേഖല നേരിടുന്ന പ്രതിസന്ധികളുടെ മൂലകാരണം.
ദക്ഷിണേന്ത്യയിൽ എക്കാലത്തും യൂറിയയ്ക്കും ഫാക്റ്റംഫോസിനും ആവശ്യമേറെയാണ്. ഫാക്ടിന് ഉൽപ്പാദനസംവിധാനങ്ങളും ശക്തമായ വിപണന ശൃംഖലയുമുണ്ട്. എന്നിട്ടും രാസവളത്തിന് രാജ്യത്താകെ കടുത്തക്ഷാമം നേരിടുന്ന ഘട്ടത്തിലും ഫാക്‌ടിൽ ഉൽപ്പാദന നിയന്ത്രണമാണ്.
അടിസ്ഥാന വളങ്ങളുടെ ക്ഷാമം, അടിക്കടിയുണ്ടാകുന്ന വിലക്കയറ്റം എന്നിവ രാസവളം ഉപയോഗത്തിൽനിന്നും കാർഷികവൃത്തിയിൽനിന്നുപോലും പിന്തിരിയാൻ കർഷകരെ പ്രേരിപ്പിക്കുന്നു. അയൽസംസ്ഥാനങ്ങളിലെ കർഷകർക്കിടയിൽപോലും ‘ആന വളം’എന്ന ഖ്യാതി നേടിയ ഫാക്ട് വളങ്ങൾ ഭാരതീയ ജൻ ഉർവരക് പരിയോജന എന്ന പേരിൽ മറ്റു കമ്പനി വളങ്ങൾക്കൊപ്പം ഒരേ ബാഗിൽ ഇറക്കാൻ തുടങ്ങിയത് കർഷകരിൽ ആശയക്കുഴപ്പുണ്ടാക്കി. ഇതു ഫാക്ടിന്റെ വളം വിപണിയെ പ്രതികൂലമായി ബാധിച്ചു. ഇതിന്റെയെല്ലാം ഭാഗമായി കാർഷികമേഖലയിൽ പ്രകടമായ ഉണർവില്ലായ്‌മ, കാർഷികോൽപ്പാദനത്തിൽ ഗണ്യമായ ഇടിവ്, കാർഷികോൽപ്പന്നങ്ങളുടെ വിലക്കയറ്റം എന്നിവ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്കാണ് വഴിതുറക്കുക. (തുടരും)










0 comments