ഒഴിയാതെ വളം പ്രതിസന്ധി ; നോക്കുകുത്തിയായി ഫാക്ട്
കർഷകരിൽനിന്ന് രാസവളം അകലുന്നോ...?

എഫ്എസിടി ഉദ്യോഗമണ്ഡല്‍ ഡിവിഷന്‍ ഓഫീസ്
കെ പി വേണു
Published on Feb 06, 2026, 03:00 AM | 2 min read
കളമശേരി
ദേശീയതലത്തിൽ ലഭ്യതയുള്ളപ്പോൾപോലും കേരളത്തിൽ, വളപ്രയോഗസമയത്ത് (ജൂൺമുതൽ) വളം ക്ഷാമം രൂക്ഷമാകുന്നത് പതിവാണ്. യൂറിയ, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്, എൻപികെ, കോംപ്ലക്സ് വളങ്ങൾ എന്നിവ കർഷകർക്ക് കിട്ടാക്കനിയാകും. കിലോയ്ക്ക് 49.53 രൂപ വിലയുള്ള യൂറിയ സബ്സിഡി കഴിഞ്ഞ് ആറ് രൂപയ്ക്കാണ് ഫാക്ട് ഡിപ്പോയിൽനിന്ന് ലഭിക്കുക. എന്നാൽ, ക്ഷാമകാലത്ത് മാർക്കറ്റിൽ 120 രൂപവരെ കൊടുക്കേണ്ടിവരുന്നതായി കർഷകർ പറഞ്ഞു. കമ്പനിയിൽനിന്ന് അഞ്ച് ടൺ വളം ലഭിച്ചിരുന്ന ഡിപ്പോയിൽ കഴിഞ്ഞ സീസണിൽ എത്തിയത് 1800 കിലോ മാത്രം. ഈ അവസ്ഥയിൽ വില കുതിച്ചുകയറും. യൂറിയ എന്ന പേരിൽ മറ്റു പലതും വിൽപ്പനയ്ക്കെത്തും. കർഷകൻ വഞ്ചിക്കപ്പെടും. മറ്റു വളങ്ങളുടെയും സ്ഥിതി ഇതുതന്നെ.
വിതരണസംവിധാനത്തിലെ പോരായ്മകളും ഓരോ ജില്ലയ്ക്കുമുള്ള അളവ് (ക്വാട്ട) നിശ്ചയിക്കുന്നതിലെ വീഴ്ചയും വിലക്കയറ്റവും പ്രതിസന്ധിക്ക് കാരണമാണ്. കേന്ദ്ര സബ്സിഡിയോടൊപ്പം സംസ്ഥാനവും വളത്തിന് സബ്സിഡി നൽകുന്നുണ്ട്. ഇത് കർഷകർക്ക് ആശ്വാസവുമാണ്. എന്നാൽ, അടിക്കടിയുണ്ടാകുന്ന വിലവർധനയും വളം ലഭ്യത കുറവും ചെലവേറിയ മറ്റു വള പ്രയോഗങ്ങളിലേക്ക് കർഷകരെ തള്ളിവിടുന്നു. വളമെന്ന പേരിൽ ലഭിക്കുന്ന മറ്റു പലതും വാങ്ങി വിളകൾക്ക് ഇടുന്നു. സംസ്ഥാനത്ത് വ്യാപകമായുള്ള ഏത്തവാഴക്കൃഷിയിൽ പ്രധാനമായി ആശ്രയിക്കുന്നത് രാസവളത്തെയാണ്. വാഴയൊന്നിന് ആറുതവണയെങ്കിലും വളമിടണം. ജൈവവളമാണെങ്കിൽ 250 രൂപ വാഴയൊന്നിന് ചെലവാകും. 230-–240 രൂപയാണ് കുലയ്‌ക്ക് ലഭിക്കുക. രാസവളപ്രയോഗമാണെങ്കിൽ മുന്പ് 170 രൂപ ചെലവിട്ടാൽ മതിയാകുമായിരുന്നു, വിലകൂടിയതോടെ 225 രൂപ വരെയായി. വിപണിയുടെ ചാഞ്ചാട്ടം, പ്രകൃതിക്ഷോഭം, കീടബാധ എന്നിവകൂടി പരിഗണിക്കുമ്പോൾ വാഴക്കൃഷി തീരെ ആകർഷകമല്ലാതായതായി കർഷകർ സാക്ഷ്യപ്പെടുത്തുന്നു. കൃഷി ഉപേക്ഷിച്ച് മറ്റു മാർഗങ്ങൾ അന്വേഷിക്കാൻ കർഷകർ നിർബന്ധിതരാകുന്നു. കേരള കാർഷിക സർവകലാശാല ആവിഷ്കരിച്ച നെൽക്കൃഷിയുടെ പ്രോട്ടോകോൾ അനുസരിച്ച് ഒരേക്കറിൽ യൂറിയ, ഫാക്ടംഫോസ്, പൊട്ടാഷ് എന്നിവ നാലുഘട്ടങ്ങളിലായി 175 കിലോയോളം പ്രയോഗിക്കണം.
കേരളത്തിൽ 2022–23ൽ എൻപികെ വളങ്ങളുടെ വാർഷിക ഉപഭോഗം 1,88,164 മെട്രിക് ടണ്ണായിരുന്നത് 2023–24ൽ 1,59,797 മെട്രിക് ടണ്ണായി കുറഞ്ഞതായി കണക്കുകൾ സൂചിപ്പിക്കുന്നു. വിതരണനിയന്ത്രണം, വിലയിലെ അസ്ഥിരത, ഇവമൂലുണ്ടാകുന്ന കൃഷിരീതികളിലെ മാറ്റങ്ങൾ എന്നിവയാണ് ഈ പ്രവണതയിൽ പ്രതിഫലിപ്പിക്കുന്നത്. മറ്റു സംസ്ഥാനങ്ങൾ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ ഹെക്ടറിന് 130 കിലോവരെ ഉപയോഗിക്കുമ്പോൾ കേരളത്തിന്റെ ഉപയോഗം കഴിഞ്ഞവർഷം 58 കിലോയിലേക്ക് ഇടിഞ്ഞു. കർഷകർ രാസവളം കൈയൊഴിയുകയാണെന്ന് ഇതെല്ലാം വ്യക്തമാക്കുന്നു. (തുടരും)










0 comments