ad
Deshabhimani

ഒഴിയാതെ 
വളം പ്രതിസന്ധി; 
നോക്കുകുത്തിയായി ഫാക്ട്.. 

ഭാഗം 3

ഉൽപ്പാദനം ശേഷിയുടെ മൂന്നിൽ ഒന്ന് മാത്രം

Fact Udyogamandal

ഫാക്ട് ഉദ്യോഗമണ്ഡൽ ഡിവിഷൻ

avatar
കെ പി വേണു

Published on Feb 07, 2026, 02:59 AM | 2 min read


കളമശേരി

രാസവളത്തിന് രാജ്യത്താകെ കടുത്ത ക്ഷാമം നേരിടുന്ന ഘട്ടത്തിലും എഫ്എസിടിയിൽ ഉൽപ്പാദന നിയന്ത്രണം നിലനിൽക്കുകയാണ്. ഫാക്ടംഫോസ്, അമോണിയം സൾഫേറ്റ്, അഞ്ച് ഇനം ഓർഗാനിക് വളങ്ങൾ, സൾഫ്യൂറിക് ആസിഡ്, ഫോസ്‌ഫോറിക് ആസിഡ് തുടങ്ങിയവ കമ്പനി ഉൽപ്പാദിപ്പിക്കുന്നുണ്ട്. കൂടാതെ ഫോസ്‌ഫോറിക് ആസിഡിന്റെ ഉപോൽപ്പന്നമായ ജിപ്സം, ഇറക്കുമതി ചെയ്ത മ്യൂറിലേറ്റഡ് പൊട്ടാഷും എൻപികെ വളവും ഫാക്ട് ബാഗിൽ മാർക്കറ്റിലെത്തിക്കുന്നുണ്ട്.


ഉദ്യോഗമണ്ഡൽ ഡിവിഷനിൽ 900 ടൺ ദിവസ ഉൽപ്പാദനശേഷിയുള്ള അമോണിയം പ്ലാന്റുണ്ട്. 76,050 ടൺ ശേഷിയുള്ള നൈട്രജൻ, 29,700 ടൺ അമോണിയം ഫോസ്‌ഫേറ്റ്, 2, 25,000 ടണ്ണിന്റെ അമോണിയം സൾഫേറ്റ് പ്ലാന്റുകളുമുണ്ട്. എന്നാൽ, ശേഷിയുടെ പകുതിയിൽ താഴെയാണ് ഉൽപ്പാദനം. ജനപ്രിയ വളമായ ഫാക്ടംഫോസ് ഉൽപ്പാദനത്തിന് 300 ടൺ, 150 ടൺവീതം ദിവസശേഷിയുള്ള രണ്ടു പ്ലാന്റുണ്ട്. ഇവയിൽ 150 ടൺ പ്ലാന്റുമാത്രമാണ് പ്രവർത്തിക്കുന്നത്. കൊച്ചിൻ ഡിവിഷനിൽ രണ്ടു പ്ലാന്റുകളിലായി 3000 ടൺ ഉൽപ്പാദനശേഷിയുണ്ട്. എന്നാൽ, 1000 ടൺമാത്രമാണ് ഉൽപ്പാദനം.


ഫാക്ട് കൊച്ചി ഡിവിഷനിൽ 1973ൽ സ്ഥാപിച്ച രണ്ട് യൂറിയ നിർമാണ പ്ലാന്റ്‌ ദിവസം 500 ടൺവീതം ഉൽപ്പാദനശേഷിയുള്ളതായിരുന്നു. ബോയ്‌ലർ ചോർച്ചയെന്ന കാരണംപറഞ്ഞ് 2003ൽ അവ അടച്ചു. പിന്നീട് യൂറിയ ഇറക്കുമതി ചെയ്ത് ഫാക്ടിന്റെ ബാഗുകളിൽ വിപണിയിലെത്തിക്കുകയായിരുന്നു. എന്നാൽ, പൊതുമേഖലാ സ്ഥാപനത്തിനുമേൽ ഏർപ്പെടുത്തിയ ഇറക്കുമതി നിയന്ത്രണം കന്പനിയെ പ്രതിസന്ധിയിലാക്കി. അടുത്തിടെയാണ് കോയമ്പത്തൂരിലെ സ്വകാര്യ സ്ഥാപനത്തിൽനിന്ന് എസ്എസ്‌പി വളം വാങ്ങി ഫാക്ടിന്റെ ബാഗിൽ വിൽപ്പനയാരംഭിച്ചത്.


ഉദ്യോഗമണ്ഡൽ ഡിവിഷനിൽ 900 ടൺ ദിവസ ഉൽപ്പാദനശേഷിയുള്ള അമോണിയ പ്ലാന്റിൽനിന്ന്‌ പുറന്തള്ളുന്ന കാർബൺ ഡൈ ഓക്സൈഡ്‌ ഉപയോഗിച്ച്‌ യൂറിയ ഉൽപ്പാദനത്തിന് അനുയോജ്യമായ സാഹചര്യമുണ്ട്. പ്ലാന്റ്‌ സ്ഥാപിക്കാൻ വിശദമായ രൂപരേഖ സമർപ്പിച്ച് കേന്ദ്ര ക്യാബിനറ്റ് അംഗീകാരം കാത്തിരിക്കുകയാണ് കമ്പനി. അനുകൂല തീരുമാനം വന്നാൽത്തന്നെ രണ്ടുവർഷത്തിലേറെ വേണം ഉൽപ്പാദനഘട്ടത്തിലെത്താൻ. ജനപ്രിയ വളമായ ഫാക്ടംഫോസിന്റെ പുതിയ പ്ലാന്റ്‌ അടുത്ത സാമ്പത്തികവർഷം പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്ന പ്രതിക്ഷയിലാണ് മാനേജ്മെന്റ്‌.


പൊതുമേഖലയെ വിലക്കിക്കൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ ഇറക്കുമതി നയമാണ് മറ്റൊരു വില്ലൻ. ചൈനയിൽനിന്ന് കുറഞ്ഞവിലയിൽ രാജ്യത്തെ എല്ലാ സ്വകാര്യസ്ഥാപനങ്ങൾക്കും വളവും അസംസ്കൃതസാധനങ്ങളും യഥേഷ്ടം ഇറക്കുമതി ചെയ്യുന്നതിൽ ഒരു നിയന്ത്രണവുമില്ല. എന്നാൽ, പൊതുമേഖലാ വ്യവസായങ്ങൾക്ക് വിലക്ക് നിലനിൽക്കുന്നതിനാൽ സ്വകാര്യമേഖലയിൽനിന്ന് കൂടിയ വിലയ്ക്ക് അസംസ്കൃതസാധനങ്ങളും ഗുണനിലവാരം കുറഞ്ഞ വളങ്ങളും വാങ്ങേണ്ട അവസ്ഥയിലാണ് ഫാക്ട്. വിപുലമായ പ്ലാന്റ്‌ സൗകര്യവും അടിസ്ഥാനസൗകര്യങ്ങളുമുള്ള സ്ഥാപനത്തിനാണ്‌ ഇ‍ൗ ദുർഗതി.


2022-–23ൽ 613 കോടി രൂപ ലാഭം കൈവരിച്ച ഫാക്ട് 2023–24ൽ നേടിയത് വെറും 40 കോടി രൂപ മാത്രം. ഒമ്പത് വർഷത്തിനുശേഷം തുറന്നുപ്രവർത്തിപ്പിച്ച കാപ്രോലാക്റ്റം പ്ലാന്റ് വീണ്ടും അടച്ചുപൂട്ടേണ്ടിവന്നു. അസംസ്‌കൃതവസ്തുക്കളുടെ വിലവർധനയും ഇറക്കുമതി തീരുവ കുറയ്ക്കാത്തതുമാണ്‌ കാരണം. ഫാക്ടിന്റെ വിറ്റുവരവ് 33 ശതമാനം ഇടിയാനും ഇതിടയാക്കി.


ആവശ്യത്തിന് അസംസ്കൃതവസ്തുക്കൾ ലഭ്യമാക്കിയാൽ നിലവിലെ പ്രതിസന്ധി മറികടക്കാം. പുതിയ യൂറിയ പ്ലാന്റും ഫോസ്ഫോറിക് ആസിഡ് പ്ലാന്റും സ്ഥാപിക്കാൻ കമ്പനി സമർപ്പിച്ച രൂപരേഖയ്‌ക്ക് കേന്ദ്ര ക്യാബിനറ്റ് അനുമതി ലഭിച്ചാൽ വളത്തിന്റെ സ്ഥിരമായ ആഭ്യന്തര വിതരണം ഉറപ്പാക്കാം. ഇങ്ങനെ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും വളം ഉൽപ്പാദനത്തിൽ സ്വാശ്രയത്വം കൈവരിക്കാനുമാകും. കേന്ദ്രസർക്കാർ നയം മാറ്റിയില്ലെങ്കിൽ ഫാക്ടിന്റെ ഭാവി വീണ്ടും തുലാസിലാകും. കർഷകർ കൂടുതൽ ദുരിതത്തിലാകും.


(അവസാനിച്ചു)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home