ജനറൽ ആശുപത്രിയിൽ ഇൗറ്ററി ഹബ്ബിന് കല്ലിട്ടു

കൊച്ചി
എറണാകുളം ജനറൽ ആശുപത്രിയിൽ ‘ഇൗറ്ററി ഹബ്’ സമുച്ചയത്തിന് ഹൈബി ഈഡൻ എംപി കല്ലിട്ടു. ടി ജെ വിനോദ് എംഎൽഎ അധ്യക്ഷനായി. നടി നിഖില വിമൽ മുഖ്യാതിഥിയായി. ഹൈബി ഈഡൻ എംപിയുടെ പ്രാദേശിക വികസനഫണ്ട്, കൊച്ചിൻ ഷിപ്‌യാർഡ്, ബിപിസിഎൽ എന്നീ സ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ട് എന്നിവ ഉൾപ്പെടെ മൂന്നുകോടി രൂപ ചെലവിലാണ് ന്യൂട്രീഷ്യൻ ആൻഡ് ഡയറ്റെറ്റിക്സ് ഡിപ്പാർട്‌മെന്റ് കെട്ടിടം നിർമിക്കുന്നത്. മൂന്ന് നിലകളിലായി ഫുഡ് കോർട്ടും ഉൗട്ടുപുരയുമുൾപ്പെടെയുള്ളവയുണ്ടാകും. ഒമ്പതുമാസത്തിനകം നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
ഒന്നാംനിലയിൽ ഒരേസമയം 75- ഓളം പേർക്ക് ഭക്ഷണം കഴിക്കാവുന്ന ഫുഡ് കോർട്ട്, ജീവനക്കാർക്ക് മാത്രമായി പ്രത്യേക ഡൈനിങ് സൗകര്യം, റിസപ്ഷൻ, ക്യാഷ് കൗണ്ടർ, അടുക്കള, കോൾഡ് സ്റ്റോറേജ് ഏരിയ തുടങ്ങിയവയാണ് ഉണ്ടാവുക.
രണ്ടാംനിലയിൽ ഡിപ്പാർട്‌മെന്റ് ഓഫ് ക്ലിനിക്കൽ ന്യൂട്രീഷ്യൻ ആൻഡ് ഡയറ്റെറ്റിക്‌സ് വിഭാഗം ഊട്ടുപുര. ഡയറ്റീഷന്റെ നിർദേശാനുസരണമുള്ള ഭക്ഷണം രോഗികൾക്ക് നാലുനേരവും എത്തിച്ചുനൽകും. 24 മണിക്കൂറും സേവനമുണ്ടാകും.
ആധുനികസജ്ജീകരണങ്ങളോടെയുള്ള അടുക്കള, സ്റ്റോർ, ഓഫീസ് എന്നിവ രണ്ടാംനിലയിൽ. ഊട്ടുപുര ജീവനക്കാർക്കുള്ള താമസസൗകര്യം മൂന്നാംനിലയിൽ.
യോഗത്തിൽ വാർഡ് കൗൺസിലർ പത്മജ എസ് മേനോൻ, ആശുപത്രി സൂപ്രണ്ട് ഡോ. ആർ ഷാഹിർഷാ, ഡോ. കെ അമീറ, ബിപിസിഎൽ പ്രതിനിധി വിനീത് എം വർഗീസ്, കൊച്ചിൻ ഷിപ്‌യാർഡ് പ്രതിനിധി പി എസ് ശശീന്ദ്രദാസ് തുടങ്ങിയവർ പങ്കെടുത്തു.










0 comments