എറണാകുളത്തിനും പുതിയമുഖം

എറണാകുളം ഗവ. ജനറൽ ആശുപത്രി
കെ പി അനിൽകുമാർ
Published on Feb 09, 2026, 02:30 AM | 1 min read
വൈറ്റില
സമഗ്രവും സന്തുലിതവുമായ വികസനത്തിലൂടെ നഗരഹൃദയത്തിന് ഇപ്പോൾ പുതിയമുഖം. ടി ജെ വിനോദ് എംഎൽഎയുടെ നിസംഗതയ്ക്കിടയിലും സംസ്ഥാന സർക്കാർ നേരിട്ട് നടപ്പാക്കിയത് സമാനതകളില്ലാത്ത വികസന വിപ്ലവം. അടിസ്ഥാനസൗകര്യ വികസനത്തിലും ആരോഗ്യമേഖലയിലെ നൂതന പദ്ധതികളിലും മണ്ഡലം കൈവരിച്ച നേട്ടങ്ങൾ നഗരജീവിതത്തിന്റെ നിലവാരം മാറ്റി.
എറണാകുളം ജനറൽ ആശുപത്രിയെ സൂപ്പർ സ്പെഷ്യാലിറ്റി നിലവാരത്തിലേക്ക് ഉയർത്തിയത് എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയാണ്. ജില്ലാ ആശുപത്രിയിൽ രാജ്യത്തെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയയും വൃക്കമാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയും വിജയകരമാക്കിയത് ചരിത്രനേട്ടമായി. സാധാരണക്കാർക്കായി അത്യാധുനിക സൗകര്യങ്ങളോടെ പ്രത്യേക ക്യാൻസർ ചികിത്സാ മന്ദിരം സജ്ജമാക്കി.
നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ജലമെട്രോ സർവീസ് ആരംഭിച്ചതും ഹൈക്കോർട്ട് ജങ്‌ഷനിൽനിന്ന് വൈപ്പിനിലേക്കും മട്ടാഞ്ചേരിയിലേക്കും സർവീസ് നീട്ടിയതും സമാന്തര ഗതാഗതത്തിന് പുതുവേഗം പകർന്നു. മെട്രോ തൃപ്പൂണിത്തുറയിലേക്ക് നീട്ടുകയും, കാക്കനാട്ടേക്കുള്ള രണ്ടാംഘട്ടം അതിവേഗം പുരോഗമിക്കുകയും ചെയ്യുന്നു. വടുതല റെയിൽവേ മേൽപ്പാലത്തിനുള്ള ഭൂമിയേറ്റെടുത്ത് നിർമാണം തുടങ്ങി.
എറണാകുളം പൊതുമാർക്കറ്റിലെ അത്യാധുനിക കെട്ടിടം യാഥാർഥ്യമാക്കി. വെള്ളക്കെട്ടിന് പരിഹാരം കാണാൻ ആരംഭിച്ച ‘ഓപ്പറേഷൻ ബ്രേക്‌ത്രൂ’ വിജയകരമായി. കനാൽ നവീകരണത്തിന് മുഖ്യമന്ത്രിയുടെ പ്രത്യേക ഫണ്ടിൽനിന്ന് 3716 കോടി രൂപയുടെ ബൃഹദ്പദ്ധതിയും ആസൂത്രണം ചെയ്‌തിട്ടുണ്ട്. നിലവിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നവീകരണത്തിനൊപ്പം കാരിക്കാമുറിയിൽ അത്യാധുനിക സ്റ്റാൻഡ് സ്ഥാപിക്കാൻ 13 കോടിയുടെ എസ്റ്റിമേറ്റിന് ഭരണാനുമതിയായി.
തമ്മനം–പുല്ലേപ്പടി റോഡ്, പേരണ്ടൂർ–എളമക്കര പാലം നിർമാണം, തേവര–പണ്ഡിറ്റ് കറുപ്പൻ റോഡ് നവീകരണം, ടി പി കനാൽ നവീകരണം എന്നിവയ്ക്കും ഭരണാനുമതിയായി. ഗോശ്രീ പാലത്തിന് സമാന്തരമായുള്ള നിർദിഷ്‌ട പാലത്തിന്റെ നിർമാണവും നടപ്പാക്കാനുണ്ട്.









0 comments