ad
Deshabhimani

സെൻസസ് 2027

ജൂലൈ ഒന്നുമുതൽ വിവരശേഖരണം; 6538 എന്യുമറേറ്റർമാർ

enumerators
വെബ് ഡെസ്ക്

Published on Jun 12, 2026, 12:46 AM | 1 min read

കൊച്ചി

ദേശീയ സെൻസസ് 2027ൽ ജൂലൈ ഒന്നിന് വീടുകളുടെ കണക്കെടുപ്പ് ആരംഭിക്കും. ജില്ലയിലാകെ വിവരശേഖരണത്തിന് 6538 എന്യുമറേറ്റർമാരാണ്‌ ഉണ്ടാകുക. 1117 സൂപ്പർവൈസർമാരും എന്യുമറേറ്റർമാരുടെ ഏകോപന ചുമതലയ്‌ക്കുണ്ട്‌. എന്യുമറേറ്റർമാരിലും സൂപ്പർവൈസർമാരിലും പത്തുശതമാനം റിസർവ് ഉദ്യോഗസ്ഥരാണ്. ഇവർക്കുള്ള പരിശീലനം പുരോഗമിക്കുകയാണ്‌.


ഗ്രാമീണമേഖലകളിൽ എഴും കൊച്ചി കോർപറേഷൻ പരിധിയിൽ മൂന്നും ഉൾപ്പെടെ 23 മേഖലകളായി തിരിച്ചാണ് ജില്ലയിൽ സെൻസസ് പ്രവർത്തനം. ജനങ്ങൾ കൃത്യമായ വിവരങ്ങൾ നൽകണമെന്ന്‌ കലക്ടർ ജി പ്രിയങ്ക പറഞ്ഞു. താലൂക്കുകളിൽ തഹസിൽദാർമാരും നഗരസഭകളിൽ മുനിസിപ്പൽ സെക്രട്ടറിമാരും കോർപറേഷനിൽ അഡീഷണൽ പ്രിൻസിപ്പൽ സെൻസസ് ഓഫീസറായ സെക്രട്ടറിക്ക് കീഴിൽ നിയോഗിച്ച ചാർജ് ഓഫീസർമാരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.


ഓരോ സൂപ്പർവൈസർക്ക് കീഴിലും കുറഞ്ഞത് ആറ് എന്യുമറേറ്റർമാർ ഉണ്ടാകും. എന്യുമറേറ്റർമാർ ശേഖരിക്കുന്ന വിവരങ്ങൾ സൂപ്പർവൈസറും അതിനുശേഷം മേഖലകളുടെ ചുമതലയുള്ള തഹസിൽദാർമാരും മുനിസിപ്പിൽ സെക്രട്ടറിമാരും ചാർജ് ഓഫീസർമാരും പരിശോധിച്ച് ഉറപ്പുവരുത്തി അംഗീകാരം നൽകിയശേഷമെ സെൻസസ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യൂ.​

​അധ്യാപകരെയും മറ്റു സർക്കാർ ഉദ്യോഗസ്ഥരെയുമാണ് എന്യുമറേഷന്‌ നിയോഗിച്ചിട്ടുള്ളത്. ഒരു എന്യുമറേറ്റർക്ക് 150 മുതൽ -200 വരെ വീടുകളുടെ വിവരങ്ങളാണ് ശേഖരിക്കേണ്ടിവരിക.


ജൂലൈ ഒന്നിന് വീടുകളുടെ പട്ടികപ്പെടുത്തലും കണക്കെടുപ്പും ആരംഭിക്കും. വീടുകളിലെത്തുന്ന എന്യുമറേറ്റർമാർ ഭവനഘടന, സൗകര്യങ്ങൾ, ആസ്തി എന്നിവ ഉൾക്കൊള്ളുന്ന 34 ചോദ്യങ്ങൾക്ക്‌ ഉത്തരം തേടും. ഫെബ്രുവരിയിൽ വിവരശേഖരണത്തിന്റെ രണ്ടാംഘട്ടമായി ജനസംഖ്യാ കണക്കെടുപ്പ്‌ നടത്തും. ഓരോരുത്തരുടെയും വ്യക്തിഗതവിവരങ്ങളാണ് ശേഖരിക്കുക. വയസ്സ്‌, ലിംഗം, വിദ്യാഭ്യാസം, തൊഴിൽ, മതം, ഭാഷ, വിവാഹസ്ഥിതി, കുടിയേറ്റം തുടങ്ങിയ വിവരങ്ങളൊക്കെ ഇതിന്റെ ഭാഗമായി അന്വേഷിക്കും.


​സെൻസസിന് മൊബൈൽ ആപ്പുകളും പോർട്ടലുകളുമാണ് ഉപയോഗിക്കുന്നത്. വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. വ്യക്തികൾക്ക് സ്വയം വിവരങ്ങൾ ഓൺലൈനായി നൽകാൻ സൗകര്യമൊരുക്കുന്ന സെൽഫ് എന്യുമറേഷൻ 16ന് ആരംഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home