ad
Deshabhimani

അക്ഷരമുറ്റത്ത് ഒരു നേപ്പാളിപ്പൂവ്

neppali

എറണാകുളം ഗവ. ഗേൾസ് സ്കൂളിൽ ഒന്നാംക്ലാസിലേക്കെത്തിയ നേപ്പാൾ സ്വദേശി അരുണ ഭൂപേന്ദ്രൻ

avatar
നിധിൻ രാജു

Published on Jun 02, 2026, 02:11 AM | 1 min read

കൊച്ചി


‘സ്‌കൂൾ ഇശ്‌ടാ’... നേപ്പാളിൽ വേരുകളുള്ള ആറുവയസ്സുകാരി അരുണ കുഞ്ഞിപ്പല്ലുകൾ കാട്ടി ആഹ്ലാദത്തോടെ ചിരിച്ചു. ആദ്യമായി അക്ഷരമുറ്റത്തേക്ക് കാലെടുത്തുവയ്‌ക്കുന്നതിന്റെ യാതൊരു പരിഭ്രമവും അരുണയുടെ മുഖത്തുണ്ടായിരുന്നില്ല. എറണാകുളം ഗവ. ഗേൾസ്‌ ഹയർ സെക്കൻഡറി സ്‌കൂളിൽ, ക്ലാസ്‌മുറിയുടെ പുതിയ ലോകത്തെത്തിയപ്പോൾ ‘ബഹുത്‌’ സന്തോഷം. അധ്യാപകർ നൽകിയ ലഡുവും നുണഞ്ഞ്‌ പുതിയ കൂട്ടുകാരുമായി കളിച്ചും ചിരിച്ചും ആദ്യദിനം ഉഷാർ. ഒന്നാംക്ലാസിലെ കുട്ടികൾക്കായി ഗുണപാഠ കഥകളുടെ കാർട്ടൂൺ സ്‌ക്രീനിൽ പ്രദർശിപ്പിച്ചപ്പോൾ കണ്ണിമവെട്ടാതെ നോക്കിയിരുന്നു.


നേപ്പാൾ സ്വദേശികളായ ഭൂപേന്ദ്രന്റെയും ലക്ഷ്‌മിയുടെയും മൂത്തമകൾ അരുണ ജനിച്ചതും വളർന്നതും കേരളത്തിലാണ്‌. മകൾ ജനിച്ചശേഷം ദമ്പതികൾ മാതൃനാട്ടിലേക്ക് മടങ്ങിപ്പോയിട്ടില്ല. അരുണയുടെ അമ്മ ‘മലയാളം തന്നെ’യെന്ന്‌ അച്ഛൻ നിറഞ്ഞ ചിരിയോടെ സാക്ഷ്യപ്പെടുത്തുന്നു. സ്വന്തം വേരുകൾ മറക്കാതിരിക്കാൻ മാതാപിതാക്കൾ വീട്ടിൽ ഹിന്ദിയാണ് സംസാരിക്കാറുള്ളത്. അതുകൊണ്ടുതന്നെ അരുണയ്ക്ക് കൂടുതൽ വഴങ്ങുന്നതും ഹിന്ദിയാണ്‌. മലയാളത്തിന്റെ അക്ഷരമുറ്റത്ത്‌ അവൾ നടന്നുതുടങ്ങുമ്പോൾ, കുഞ്ഞുനാവിലും കുഞ്ഞിക്കൈയിലും വൈകാതെതന്നെ മലയാളം വഴങ്ങുമെന്നാണ്‌ ഭൂപേന്ദ്രന്റെ പ്രതീക്ഷ.

കടവന്ത്ര കതൃക്കടവിൽ താമസിക്കുന്ന കുടുംബം 15 വർഷമായി കേരളത്തിലുണ്ട്‌. പത്തുവർഷമായി അഡ്വ. ഇ‍ൗശ്വരയ്യർ റോഡിലെ സ്വാമി ലോ ഹ‍ൗസ്‌ നിയമപുസ്‌തക വിൽപ്പനശാലയിലാണ്‌ ഭൂപേന്ദ്രൻ ജോലിചെയ്യുന്നത്‌. അരുണയുടെ സഹോദരൻ അരുണിന്‌ ഒരുവയസ്സുമാത്രം.


ജില്ലയിലുടനീളം ഝാര്‍ഖണ്ഡ്, അസം, പശ്ചിമബംഗാൾ, ബിഹാർ, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള നിരവധി അതിഥിത്തൊഴിലാളികളുടെ കുട്ടികൾ പ്രവേശനം നേടിയിട്ടുണ്ട്‌. ഇവരിൽ ഭൂരിപക്ഷവും പഠനഭാഷയായി തെരഞ്ഞെടുത്തിരിക്കുന്നത്‌ മലയാളമാണെന്നതും പ്രത്യേകതയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home