വേമ്പനാട്ട് കായൽ 8 ഏക്കർ വളച്ചുകെട്ടിയതായി പരാതി

തൃപ്പൂണിത്തുറ
മീൻകൃഷിയുടെ മറവിൽ വേമ്പനാട്ടുകായലിൽ വ്യക്തി കായൽ വളച്ചുകെട്ടിയതായി പരാതി. വളന്തകാടിന് കിഴക്ക് കൊക്കുതുരുത്ത് പ്രദേശത്താണ് എട്ട് ഏക്കറിലധികം കായൽ വളച്ചുകെട്ടുന്നത്.
സംസ്ഥാന സർക്കാരിന്റെ തടയണ മീൻകൃഷി പദ്ധതി എന്ന വ്യാജേനയാണ് കായലിൽ കോൺക്രീറ്റ് കുറ്റികളും ഇരുന്പുപൈപ്പുകളും താഴ്ത്തി വളച്ചുകെട്ടുന്നത്. പൈപ്പുകൾ താഴ്‌ത്തിയശേഷം വല ഉപയോഗിച്ച് വളച്ചുകെട്ടി. കായലിൽ പൈപ്പ് ഉപയോഗിച്ച് തട്ട് തയ്യാറാക്കിയശേഷം അതിൽ ഇരുന്പുഷീറ്റ് ഉപയോഗിച്ച് ഷെഡും നിർമിച്ചിട്ടുണ്ട്. ഇവിടെ ചെല്ലാനം മത്സ്യഭവന്റെ തടയണ മത്സ്യകൃഷി എന്ന ബോർഡും സ്ഥാപിച്ചിട്ടുണ്ട്. കായലിൽ തടയണ മത്സ്യകൃഷി നടത്താൻ ഫിഷറീസ് വകുപ്പ് ലൈസൻസ് നൽകിയിട്ടില്ലെന്ന് ചെല്ലാനം മത്സ്യഭവൻ അധികൃതർ അറിയിച്ചു. വേമ്പനാട്ടുകായലിൽ ‘ചെല്ലാനം മത്സ്യഭവന്റെ തടയണ മീൻകൃഷി’ എന്ന പേരിൽ കായൽ വളച്ചുകെട്ടിയതിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം.










0 comments