ഇന്ന് വായനദിനം
ഗ്രന്ഥശാലാ പ്രവർത്തനങ്ങളിൽ മുഴുകി അശീതി പിന്നിട്ട ഏലൂരിന്റെ ഗുരുക്കന്മാർ

ഡി ഗോപിനാഥൻനായർ, കെ ആർ മാധവൻകുട്ടി
കെ പി വേണു
Published on Jun 19, 2026, 02:14 AM | 1 min read
കളമശേരി
ഒരേദിവസം ജോലിയിൽ പ്രവേശിച്ച്, ഒരേകാലത്ത് വിരമിച്ച് ഏലൂരിന്റെ സാമൂഹ്യ -സാംസ്കാരിക -രാഷട്രീയമേഖലകളിലാകെ നിറഞ്ഞുനിൽക്കുന്ന, തലമുറകളുടെ ഗുരുക്കന്മാർ അശീതി പിന്നിട്ട കാലത്തും ഗ്രന്ഥശാലാ പ്രവർത്തനങ്ങളുടെ തിരക്കിലാണ്. 1966ൽ 21–-ാംവയസ്സിലാണ് കായംകുളം മുതുകുളം സ്വദേശി ഡി ഗോപിനാഥൻനായരും പാലാ രാമപുരം സ്വദേശി കെ ആർ മാധവൻകുട്ടിയും ഏലൂരിലേക്ക് ഫാക്ട് സ്കൂൾ അധ്യാപകരായെത്തിത്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെയും ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെയും പ്രചാരകരും പ്രവർത്തകരുമായി സമർപ്പിതജീവിതം. ഇരുവരുടെയും ഔദ്യോഗികജീവിതവും സാമൂഹ്യജീവിതവും ഏറെ സാമ്യമുള്ളതാണ്. മുഴുവൻസമയ ഗ്രന്ഥശാലാ പ്രവർത്തകരാണ് ഇവരിപ്പോൾ.
സർക്കാർ ജോലി ഉപേക്ഷിച്ചാണ് ഫാക്ട് സ്‌കൂൾ അധ്യാപകരായെത്തിയത്. പ്രധാനാധ്യാപകരായാണ് 2003ൽ ഇവർ വിരമിച്ചത്. ഗോപിനാഥൻനായർ മഞ്ഞുമ്മൽ ഗ്രാമീണ വായനശാല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു. ഫാക്ട് റിട്ടയേർഡ് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറിയും ജില്ലാ ലൈബ്രറി കൗൺസിൽ അംഗവുമാണ്. കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: ദേവയാനി (റിട്ട. അധ്യാപിക, ഫാക്ട് സ്കൂൾ). മക്കൾ: സഞ്ജയ് (മാത്ത്സ് ഇന്ത്യ മാർക്കറ്റിങ് ഹെഡ്), അരുൺ (ഫ്ലോറിഡ യൂണിവേഴ്സിറ്റി മെഡിക്കൽ കോളേജ്).
കെ ആർ മാധവൻകുട്ടി അറിയപ്പെടുന്ന സാഹിത്യകാരനാണ്. അഞ്ച് കൃതികളിൽ "അമൃതം തേടി' നോവലാണ് പുതിയ കൃതി. തുല്യതാപഠനക്ലാസിലും ഓൺലൈനിലും അധ്യാപകനാണ്. 1971 മുതൽ സിപിഐ എം അംഗമാണ്. ഉദ്യോഗമണ്ഡൽ ലോക്കൽ സെക്രട്ടറി, പുരോഗമന കലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ബാലസംഘം രക്ഷാധികാരി പദവികൾ വഹിച്ചു. ഏലൂർ മുനിസിപ്പൽ ലൈബ്രറി കൺവീനറാണ്. ഭാര്യ: വിജയലക്ഷ്മി (റിട്ട. ഷിപ്‌യാർഡ്). മക്കൾ: പ്രശാന്ത് (എൻജിനിയർ, ട്രാവൻകൂർ ടൈറ്റാനിയം), മീര (എച്ച്ഡിഎഫ്സി ബാങ്ക്).











0 comments