ആലുവയ്‌ക്ക് ആശകൾ ആയിരം

നിധിൻ രാജു
Published on Mar 11, 2026, 12:11 AM | 2 min read
ആലുവ
ആലുവയുടെ ഭൂമിശാസ്ത്രം എഴുതപ്പെടുന്നത് പെരിയാറിന്റെ കൈപ്പടയിലാണ്. ആലുവാപ്പുഴയുടെ ഇരുകരകളിലുമായി പടർന്നുകിടക്കുന്ന മണ്ഡലത്തിന് പൗരാണികതയുടെ പെരുമയും സാംസ്‌കാരികമുന്നേറ്റത്തിന്റെ ചരിത്രവുമുണ്ട്. ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തിൽ 1924ൽ അദ്വൈതാശ്രമത്തിൽ നടന്ന സർവമതസമ്മേളനം നവോത്ഥാന ചരിത്രത്തിലെ ഉജ്വല അധ്യായം. ആയിരങ്ങൾ ബലിതർപ്പണത്തിനെത്തുന്ന മണപ്പുറത്തെ മഹാശിവരാത്രി പ്രസിദ്ധം.
പ്രൗഢിയുടെ അടയാളമായി ആലുവ കൊട്ടാരം, നൂറ്റാണ്ട് പിന്നിട്ട യുസി കോളേജ്, നഗരത്തിന്റെ പൗരാണികതയും ആധുനികതയും ബന്ധിപ്പിച്ച് മാർത്താണ്ഡവർമ പാലം. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം മണ്ഡലത്തിലാണ്. മെട്രോ റെയിലിന്റെ വരവോടെ കൊച്ചിയുടെ ഉപഗ്രഹ നഗരമെന്ന നിലയിലും കുതിപ്പ്.
ആലുവ നഗരസഭ, എടത്തല, ചൂർണിക്കര, കീഴ്‌മാട്, ചെങ്ങമനാട്, നെടുമ്പാശേരി, ശ്രീമൂലനഗരം, കാഞ്ഞൂർ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് ആലുവ നിയമസഭാമണ്ഡലം. ഇതുവരെയുള്ള 16 തെരഞ്ഞെടുപ്പുകളിൽ 13 തവണയും യുഡിഎഫിനൊപ്പമായിരുന്നു. 1957-ലെ ആദ്യ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ടി ഒ ബാവ നിയമസഭയിലെത്തി. 1960ലും ടി ഒ ബാവ തുടർന്നു.
1965ൽ കോൺഗ്രസിന്റെ വി പി മരയ്ക്കാർ. 1967ൽ ഇടത് സ്വതന്ത്രനായി മത്സരിച്ച എം കെ എ ഹമീദിന് ജയം. 1970ൽ കോൺഗ്രസ് -എ എ കൊച്ചുണ്ണിയിലൂടെ തിരിച്ചുപിടിച്ച് 1977ൽ- ടി എച്ച് മുസ്‌തഫയിലൂടെ നിലനിർത്തി. 1980ൽ സിപിഐ എമ്മിന്റെ പിന്തുണയോടെ കെ മുഹമ്മദാലി ടി എച്ച് മുസ്‌തഫയെ വീഴ്‌ത്തി. പിന്നീട് യുഡിഎഫിന്റെ ഭാഗമായി തുടർച്ചയായി 26 വർഷം എംഎൽഎയായിരുന്ന കെ മുഹമ്മദാലിയാണ് കൂടുതൽ കാലം ആലുവയെ പ്രതിനിധാനംചെയ്‌തത്. 2006ൽ സിപിഐ എമ്മിന്റെ എ എം യൂസഫ്, മുഹമ്മദാലിയെ പരാജയപ്പെടുത്തി. 2011ൽ കോൺഗ്രസിലെ അൻവർ സാദത്തിലൂടെ യുഡിഎഫ് തിരികെ പിടിച്ച മണ്ഡലം 2016ലും 2021ലും മാറ്റമില്ലാതെ തുടർന്നു.
അതിവേഗം വളരുന്ന നഗരമെന്ന നിലയിൽ, സംസ്ഥാന സര്‍ക്കാരിന്റെ ഇച്ഛാശക്തിയിൽ നടപ്പാക്കിയ പദ്ധതികൾ മാറ്റിനിർത്തിയാൽ എംഎൽഎയുടെ ഇടപെടൽ ശുഷ്‌കം. ട്രാൻസ്‌ഗ്രിഡ് 2.0 കൊച്ചി ലൈൻസ് പാക്കേജ്, ആലുവ ജില്ലാ ആശുപത്രി വികസനം തുടങ്ങി നിരവധി പദ്ധതികൾക്കായി കിഫ്‌ബി ഫണ്ടിൽനിന്ന് 389.42 കോടി രൂപയാണ് മണ്ഡലത്തിൽ സർക്കാർ ചെലവഴിച്ചത്. എന്നാൽ, നടപ്പായ സർക്കാർ പദ്ധതികളുടെ മേനിനടിക്കാൻ മാത്രമെ അൻവർ സാദത്തിനെക്കൊണ്ടാകൂ എന്ന വിമർശം ശക്തം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ചേർത്തുനിർത്തലിൽ, ഇടത്തേക്ക് നീങ്ങിത്തുടങ്ങിയ പൊതുജനമനസ്സാണ് മണ്ഡലത്തിന്റെ പൊതുചിത്രം.










0 comments