എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷൻ നവീകരണം നീളും യാത്രക്കാര്‍ വലയും

എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിർമാണം പാതിവഴിയിലായ കെട്ടിടം
കൊച്ചി
എറണാകുളം ടൗണ്‍ റെയില്‍വേ സ്റ്റേഷന്റെ നവീകരണ കരാര്‍ റദ്ദാക്കിയതോടെ സ്റ്റേഷന്‍വികസനം ഇനിയും വൈകും. കരാര്‍ കമ്പനിയായ സേലം റാങ്ക് പ്രോജക്ട്‌സ് ആന്‍ഡ് ഡെവലപേഴ്സ്, നിര്‍മാണം മന്ദഗതിയിലാക്കിയതോടെയാണ് 150 കോടിയുടെ കരാര്‍ റദ്ദാക്കിയത്.
2022 ആഗസ്‌തിൽ കരാർ നൽകിയപ്പോൾ 2025 ആഗസ്‌തിൽ പണികൾ പൂർത്തിയാക്കണമെന്നായിരുന്നു വ്യവസ്ഥ. നിർദിഷ്ട സമയത്തിനുള്ളിൽ നിര്‍മാണം തീർക്കാൻ കമ്പനിക്ക് സാധിച്ചില്ല. പാര്‍ക്കിങ് ഏരിയമാത്രമാണ് നിര്‍മാണത്തിന്റെ അവസാനഘട്ടത്തിലെത്തിയത്. റെയില്‍വേതന്നെ കരാര്‍ അവസാനിപ്പിച്ചതിനാല്‍ അടുത്ത കമ്പനിയെ അതിവേഗം കണ്ടെത്തേണ്ടിവരും. നിർമാണം നീളുന്നതോടെ സ്റ്റേഷനില്‍ യാത്രക്കാര്‍ വലയും.
പുതിയ ടെന്‍ഡര്‍ വിളിച്ചാല്‍മാത്രമേ നിര്‍മാണം മുന്നോട്ടുകൊണ്ടുപോകാനാകൂ. ഇതുവരെ റാങ്ക് പ്രോജക്ട്‌സ് കമ്പനി പൂർത്തിയാക്കിയ നിര്‍മാണം എത്രയെന്ന് റെയിൽവേ എൻജിനീയറിങ് വിഭാഗം തിട്ടപ്പെടുത്തും. ബാക്കി പണി തീർക്കാൻ ആവശ്യമായ തുക കണക്കാക്കി പുതിയ ടെൻഡർ റെയിൽവേ ക്ഷണിക്കണം. ഇത്തരം സന്ദർഭങ്ങളിൽ സ്റ്റേഷൻ വികസനം വൈകാതിരിക്കാൻ അടിയന്തര ടെൻഡർ വിളിച്ചാലും നിശ്ചിത സമയത്തിനുശേഷംമാത്രമേ പുതിയ കമ്പനിക്ക് നിര്‍മാണകരാര്‍ കൈമാറാന്‍ കഴിയൂ.
2022 ആഗസ്‌തില്‍ തുടങ്ങിയ നവീകരണം 2026 അവസാനവും തീരാന്‍ സാധ്യതയില്ല. പുതിയ കരാര്‍ കമ്പനി നിര്‍മാണം ഏറ്റെടുത്താല്‍ത്തന്നെ ഇപ്പോഴുണ്ടായിരുന്നതിനേക്കാള്‍ നിര്‍മാണച്ചെലവ് ഏറാനാണ് സാധ്യത.








0 comments