സുരക്ഷ ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ
കമ്പനിപ്പടിയിൽ അപകടം തുടർക്കഥ

ദേശീയപാതയിലെ ആലുവ കമ്പനിപ്പടിയിൽ നിരന്തരമായി നടക്കുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന് ട്രാഫിക് സംവിധാനം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ചൂർണിക്കര മേഖലയുടെ നേതൃത്വത്തിൽ ആലുവ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒയ്ക്ക് നിവേദനം നൽകുന്നു
ആലുവ
ദേശീയപാതയിൽ ആലുവ കമ്പനിപ്പടിയിൽ നിരന്തരമായി നടക്കുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന് ട്രാഫിക് സംവിധാനം ഏർപ്പെടുത്തണമെന്ന് ഡിവൈഎഫ്ഐ ചൂർണിക്കര മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് ആലുവ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ, ആലുവ ട്രാഫിക് പൊലീസ് എസ്ഐ എന്നിവർക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ നിവേദനം നൽകി.
ഡിവൈഎഫ്ഐ ചൂർണിക്കര മേഖലാ പ്രസിഡന്റ് പി എം അഫ്സൽ, വൈസ് പ്രസിഡന്റ് അനന്തു ഹരി, സിപിഐ എം ബ്രാഞ്ച് സെക്രട്ടറിമാരായ അജി ഐരാർ, സുനീർ അശോകപുരം, ജഗന്നാഥൻ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. കാൽനടക്കാർക്ക് സുരക്ഷിതമായി റോഡ് കുറുകെക്കടക്കാൻ നടപ്പാതയോ പെഡസ്ട്രിയൻ സിഗ്നൽ സംവിധാനമോ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.
ബസിറങ്ങി റോഡ് കുറുകെക്കടക്കുന്നതിനിടയിൽ കഴിഞ്ഞദിവസം ഒരാൾ ലോറിയിടിച്ച് മരിച്ചിരുന്നു. എറണാകുളത്തേക്കും ആലുവയിലേക്കുമുള്ള ബസ് സ്റ്റോപ്പുകളുള്ള കമ്പനിപ്പടി ഭാഗത്താണ് ഏറ്റവുമധികം ആളുകൾ റോഡ് മുറിച്ചുകടക്കുന്നത്. ഇവിടെ ദേശീയപാതയിലേക്ക് ഇടറോഡുകളും പ്രവേശിക്കുന്നുണ്ട്.
വാഹനങ്ങളുടെ അമിതവേഗവും അനുസ്യൂതപ്രവാഹവും ഒപ്പം കാൽനടക്കാരുടെ അശ്രദ്ധയുമാണ് അപകടത്തിന് കാരണം. വിദ്യാർഥികളും ജോലിക്കാരും നാട്ടുകാരുമുൾപ്പെടെ നൂറുകണക്കിനുപേർ ദിവസേന റോഡ് മുറിച്ചുകടക്കുന്ന ഇവിടെ നിരന്തരം അപകടങ്ങളും പതിവാണ്. എത്രയും പെട്ടെന്ന് ഈ പ്രദേശത്ത് സുരക്ഷാസംവിധാനം ഏർപ്പെടുത്തണമെന്നാണ് ആവശ്യം.








0 comments