Deshabhimani

ഡെങ്കിയും വയറിളക്കവും അഞ്ചാംപനിയും പടരുന്നു

പനിക്കിടക്കയിൽ ജില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 28, 2026, 02:29 AM | 1 min read

കോഴിക്കോട്

സാധാരണ പനിക്ക് പുറമെ ജില്ലയിൽ ഡെങ്കിപ്പനിയും വയറിളക്ക രോഗവും പടരുന്നു. തണുപ്പേറിയ കാലാവസ്ഥയും മഴയും വെയിലും ഇടവിട്ടെത്തുന്നതാണ്‌ രോഗികളുടെ എണ്ണം കൂടാൻ കാരണം. രോഗാവസ്ഥ കൈകാര്യം ചെയ്യുന്നതിലും ആവശ്യത്തിന്‌ മുന്നൊരുക്കം സ്വീകരിക്കുന്നതിലും ആരോഗ്യ വകുപ്പിനുണ്ടായ വീഴ്‌ച രോഗ വ്യാപനത്തിനിടയാക്കുമെന്ന ആശങ്ക ശക്തമാണ്‌. ഇ‍ൗ മാസം ഒന്ന്‌ മുതല്‍ 26വരെ 16,528 പേരാണ് പനി ബാധിതരായി വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ദിനംപ്രതിയെത്തുന്ന രോഗികളുടെ എണ്ണം ആയിരത്തിനടുത്താണ്‌. ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം ഈ മാസം 3306 പേരാണ് വയറിളക്ക രോഗത്തിന്‌ ചികിത്സ തേടിയത്. സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം മാത്രമാണിത്. നൂറ്റമ്പതോളം പേർക്ക്‌ ഈ മാസം ഡെങ്കിപ്പനി സ്ഥിരീകരിച്ചു. രോഗബാധ സംശയിച്ച് 385 പേർ ചികിത്സ തേടി. ഇടവിട്ടുള്ള മഴയ്ക്കുപിന്നാലെ കൊതുകുകൾ പെരുകാനുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ രോഗവ്യാപനം ആശങ്കയാകുകയാണ്. കോര്‍പറേഷന്‍ പരിധിയില്‍ കല്ലായി, പുതിയങ്ങാടി, പന്നിയങ്കര, വെസ്റ്റ്ഹില്‍, എലത്തൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തു. മെഡിക്കല്‍ കോളേജ് ഭാഗത്തുള്ള ഒരുഹോസ്റ്റലില്‍ രോഗം പടര്‍ന്നുപിടിച്ചതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 24ന് മാത്രം 12 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. ഇതിൽ അഞ്ചുപേരും ഒളവണ്ണ സ്വദേശികളാണ്. വേളം, കുണ്ടുതോട്, പെരുവയൽ, പെരുമണ്ണ, നരിക്കുനി, കക്കോടി, കല്ലായി എന്നിവിടങ്ങളിൽ ഇടക്കിടെ രോഗം സ്ഥിരീകരിക്കുന്നു. നഗരപ്രദേശങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ രോഗം റിപ്പോർട്ട് ചെയ്യുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സാധാരണനിലയില്‍ കാലവര്‍ഷം വിടപറയുന്നതോടെ ഡെങ്കിപ്പനി ബാധിതരുടെ തോത് കുറയുകയാണ് പതിവ്. എന്നാല്‍, ഇത്തവണ ആഗസ്‌തിലും സെപ്‌തംബറിലും ഒക്ടോബറിലും നവംബറിലും മഴ തുടരുന്നത് ഡെങ്കിപ്പനി സാധ്യത ഇനിയും വര്‍ധിപ്പിക്കുകയാണ്. ജില്ലയിൽ അഞ്ചാംപനി വ്യാപനവും ആശങ്കയുയർത്തുന്നുണ്ട്‌. ഒരുമാസത്തിനിടെ 105 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. ഇ‍ൗ മാസം ആദ്യ 15 ദിവസത്തിനിടെ 78 പേർക്കാണ്‌ അഞ്ചാംപനി (മീസിൽസ്‌). സംസ്ഥാനത്ത്‌ കോഴിക്കോട്ട്‌ ആണ്‌ ഏറ്റവും കൂടുതൽ പേർക്ക്‌ അസുഖമുള്ളത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home