സംഭവം മദ്യലഹരിയിൽ
വേഗതയെച്ചൊല്ലി ക്ലീനറുമായി തർക്കം; ബസ് റോഡിൽ നിർത്തി ഡ്രൈവർ ഇറങ്ങിപ്പോയി

കൊച്ചി
ക്ലീനറുമായി ട്രിപ്പിനിടെയുണ്ടായ തർക്കത്തിനിടെ ഡ്രൈവർ സ്വകാര്യ ബസ് നടുറോഡിൽ നിർത്തി ഇറങ്ങിപ്പോയി. ഇതോടെ ഗതാഗതക്കുരുക്കുമുണ്ടായി. ട്രാഫിക് പൊലീസ് സ്ഥലത്ത് എത്തി ബസ് നീക്കിയശേഷമാണ് ഗതാഗതം പൂർവസ്ഥിതിയിലായത്. തുടർന്ന് ഡ്രൈവർക്ക് എതിരെ കേസെടുക്കുകയും ബസ് കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തു.
ചൊവ്വ രാവിലെ ഇടപ്പള്ളി ജങ്‌ഷനിലാണ് സംഭവം. ആലുവ–തേവര റൂട്ടിൽ ഓടുന്ന കൃതിക ബസാണ് റോഡിൽ നിർത്തിയിട്ടത്. വേഗതയെ ചൊല്ലിയാണ് തർക്കമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ബസ് റോഡിൽ നിർത്തി ഡ്രൈവർ തൃശൂർ സ്വദേശി കെ എം രജീഷ് ഇറങ്ങി. ബസിലുണ്ടായിരുന്ന മറ്റുജീവനക്കാർക്ക് ഡ്രൈവിങ് അറിയുമായിരുന്നില്ല. വിവരമറിഞ്ഞ് ട്രാഫിക് പൊലീസ് എത്തി വാഹനം റോഡരികിലേക്ക് നീക്കി.
ഉടമയെ വിവരം അറിയിച്ചതിനെത്തുടർന്ന് മറ്റൊരു ഡ്രൈവർ എത്തി ട്രിപ്പ് പൂർത്തിയാക്കി. രജീഷിനെ സമീപത്തുനിന്നുതന്നെ കണ്ടെത്തി. പരിശോധിച്ചപ്പോൾ ഇയാൾ മദ്യം കഴിച്ചിരുന്നതായി വ്യക്തമായി. ബസ് പിന്നീട് പൊലീസ് കസ്‌റ്റഡിയിലെടുത്തു.










0 comments