ad
Deshabhimani

സംഭവം ഫിഷറീസ്‌ ഉദ്യോഗസ്ഥരുടെ പരിശോധനയ്‌ക്കിടെ

ബോട്ടിൽനിന്ന്‌ വീണ 
മത്സ്യത്തൊഴിലാളി മരിച്ചനിലയിൽ

Drowning death

ഡെന്നീസ്‌ 
സിൽവൈ

വെബ് ഡെസ്ക്

Published on Aug 14, 2026, 12:58 AM | 1 min read

വൈപ്പിൻ

ഫിഷറീസ്‌ ഉദ്യോഗസ്ഥരുടെ പരിശോധനയ്‌ക്കിടെ കടലിൽ വീണ മത്സ്യത്തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കുളച്ചൽ സ്വദേശിയായ ഡെന്നീസ്‌ സിൽവൈയാണ്‌ (65) മരിച്ചത്‌. ബുധനാഴ്‌ച രാത്രിയായിരുന്നു സംഭവം. ഫിഷറീസ് അഡീഷണൽ ഡയറക്ടറുടെ നേതൃത്വത്തിൽ ഫിഷറീസ്, മറൈൻ എൻഫോഴ്സ്‌മെന്റ്‌ ഉദ്യോഗസ്ഥർചേർന്ന് മുനന്പം ഹാർബറിലെ ബോട്ടുകളിൽ പരിശോധന നടത്തിയിരുന്നു. ഇ‍ൗ സമയം അമേലിയ മരിയ എന്ന ബോട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്നു ഡെന്നീസ്‌ സിൽവൈ.


പരിശോധനയ്‌ക്കിടെ എഴുന്നേറ്റ ഡെന്നീസ്‌ ഉദ്യോഗസ്ഥരെക്കണ്ട്‌ പേടിക്കുകയും വെപ്രാളത്തിൽ കടലിലേക്ക്‌ വീഴുകയുമായിരുന്നുവെന്നാണ്‌ പറയുന്നത്‌. വ്യാഴാഴ്‌ച മുനന്പം കടപ്പുറത്ത്‌ നിന്നാണ്‌ മൃതദേഹം ലഭിച്ചത്‌. അഴീക്കോട് സ്വദേശി ഡോണിയുടെ ഉടമസ്ഥതയിലുള്ളതാണ്‌ ബോട്ട്‌. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്‌റ്റുമോർട്ടത്തിനുശേഷം നാട്ടിലേക്ക്‌ കൊണ്ടുപോയി.

ഫിഷറീസ്‌ ഉദ്യോഗസ്ഥരാണ്‌ ഡെന്നീസ്‌ സിൽവൈയുടെ മരണത്തിനിടയാക്കിയതെന്ന്‌ ബോട്ടുടമ സംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


രാത്രിയിൽ ഹാർബറുകളിൽ എത്തി എല്ലാ ബോട്ടുകളും കൂട്ടമായി കെട്ടഴിച്ചുവിട്ട്‌ തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയാണ്‌ ഉദ്യോഗസ്ഥർ. ചെറുമീൻ പിടിക്കുന്നു എന്ന്‌ ആരോപിച്ചാണ്‌ ബോട്ടിലെ തൊഴിലാളികളെ പിടികൂടുന്നത്‌. പാതിരാത്രിയിൽ ഉറക്കത്തിൽനിന്ന്‌ വിളിച്ചുണർത്തിയപ്പോൾ ഉദ്യോഗസ്ഥരെക്കണ്ട്‌ പേടിച്ചാണ്‌ മത്സ്യത്തൊഴിലാളി ബോട്ടിൽനിന്ന്‌ വീണത്‌. മരണത്തിന് ഉത്തരവാദികളായ ഫിഷറീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നും നടപടിയുണ്ടായില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്നും പറഞ്ഞു.


ഫിഷിങ്‌ ബോട്ട് കോ–ഓർഡിനേഷൻ ചെയർമാൻ കെ ബി രാജീവ്, കൺവീനർ ഷെബീർ ബാവ, സൗത്ത് ഇന്ത്യൻ ബോട്ട് ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ്‌ സി എസ് ശൂലപാണി, മുനമ്പം മത്സ്യമേഖല സംരക്ഷണ സമിതി ചെയർമാൻ പി പി ഗിരീഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home