ad
Deshabhimani

മുങ്ങിമരണം കൂടുന്നു

പൊലിഞ്ഞത് 52 ജീവൻ

Drowning
വെബ് ഡെസ്ക്

Published on May 12, 2026, 01:22 AM | 1 min read

കൊച്ചി

മുൻപരിചയമില്ലാത്ത ജലാശയത്തിലും കടവിലും ഇറങ്ങി അപകടത്തിൽപ്പെടുന്നവരുടെ എണ്ണം വർധിക്കുന്നു. അഗ്നിരക്ഷാസേനയുടെ കണക്കുപ്രകാരം ജില്ലയിൽ ഈ വർഷം ജലാശയത്തിൽ ജീവൻ പൊലിഞ്ഞവരുടെ എണ്ണം 52 ആയി. വേനൽ അവധിക്കാലത്താണ്‌ അപകടങ്ങൾ കൂടുതലും. അപകടത്തില്‍പ്പെട്ടവരില്‍ ഏറെയും വിദ്യാര്‍ഥികളും.


അവധി ആഘോഷിക്കാൻ ബന്ധുവീട്ടിലും മറ്റും എത്തി ജലാശയങ്ങളിൽ ഇറങ്ങുന്നവരും വെള്ളത്തിൽ വീഴുന്നവരെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നവരും അപകടത്തിൽപ്പെടുന്നുണ്ട്. കോതമംഗലം വടാട്ടുപാറ പലവൻപടി പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് ഡെന്റൽ കോളേജ്‌ വിദ്യാർഥികൾ ഞായറാഴ്‌ച മുങ്ങിമരിച്ചതാണ് ഒടുവിലത്തെ അപകടം.


ഏപ്രിൽ 28ന്‌ അശമന്നൂര്‍ പെരിയാർവാലി കനാലിൽ മൂന്ന്‌ നഴ്‌സിങ്‌ വിദ്യാർഥികൾ മുങ്ങിമരിച്ചതിന്റെ ഞെട്ടല്‍ മാറുംമുന്നേയായിരുന്നു കോതമംഗലത്തെ അപകടം. വേനൽക്കാലത്ത് ജലനിരപ്പ് കുറയുമെന്നതിനാലാണ് നീന്തലറിയാത്ത ആളുകളുൾപ്പെടെ ജലാശയങ്ങളിലേക്കിറങ്ങുന്നത്. താരതമ്യേന വെള്ളം കുറഞ്ഞ ജലാശയങ്ങളിൽ ചെളിയിൽ പൂണ്ടാണ് പലപ്പോഴും അപകടങ്ങൾ സംഭവിക്കുന്നതെന്നും ചുഴി, അടിയൊഴുക്ക്, പാറക്കെട്ടുകളിലെ വഴുക്കൽ എന്നിവയും അപകടങ്ങൾക്ക് കാരണമാകുമെന്നും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പറയുന്നു. നീ​ന്ത​ലി​​നെ​പ്പ​റ്റി​യും പു​ഴ​ക​ളെ​പ്പ​റ്റി​യും അ​വ​ബോ​ധം ഉ​ണ്ടാ​ക്കി​യെ​ടു​ക്കു​ക​യാ​ണ്​ അപകടങ്ങള്‍ കുറയ്ക്കാനുള്ള മാര്‍ഗം. അപകടം തുടരുന്ന സാഹചര്യത്തിൽ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അഗ്നിരക്ഷാസേന മുന്നറിയിപ്പ് നൽകി.


വേണം ജാഗ്രത

◆ നീന്തൽ വശമില്ലാത്തവർ ജലാശയങ്ങളിൽ ഇറങ്ങുന്നത് ഒഴിവാക്കണം

◆ നീന്തൽ അറിയുന്നവരാണെങ്കിലും പരിചയമില്ലാത്ത ജലാശയങ്ങളില്‍ ഇറങ്ങരുത്

◆ കുട്ടികളെ മുതിർന്നവരുടെ കൂടെയല്ലാതെ ജലാശയങ്ങളിൽ വിടരുത്

◆ അപസ്മാരം, ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവർ ജലാശയത്തിൽ ഇറങ്ങാതിരിക്കുക

◆ ആരെങ്കിലും വെള്ളത്തിൽ മുങ്ങിത്താഴുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അഗ്നിരക്ഷാസേനയില്‍ അറിയിക്കുക

◆ രക്ഷാപ്രവർത്തനത്തിന് പരിശീലനം ലഭിച്ചവർമാത്രം 
ഇറങ്ങുക


നീന്തല്‍ക്കുളം ഒരുങ്ങുന്നു

അഗ്നിരക്ഷാസേനാംഗങ്ങൾക്കും ജനങ്ങൾക്കും പരിശീലനത്തിനായി നീന്തൽക്കുളം ഒരുങ്ങുന്നു. 20 മീറ്റർ നീളവും 10 മീറ്റർ വീതിയുമുള്ള നീന്തൽക്കുളം ഗാന്ധിനഗറിലാണ് നിർമിക്കുന്നത്. എംഎൽഎ ഫണ്ടിൽനിന്ന്‌ രണ്ടുകോടി രൂപ മുടക്കിയാണ്‌ നിർമാണം. സ്പോർട്‌സ്‌ കേരളയ്‌ക്കാണ്‌ നിർമാണച്ചുമതല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home