മോഹൻ കൃഷ്ണന് നാടകംതന്നെ ജീവിതം

വർഗീസ് പുതുശേരി
Published on Feb 21, 2026, 02:15 AM | 1 min read
അങ്കമാലി
നാലരപ്പതിറ്റാണ്ടായി അമച്വർ നാടകരംഗത്ത് സജീവസാന്നിധ്യമായ അങ്കമാലി മങ്ങാട്ടുകര സ്വദേശി മോഹൻ കൃഷ്ണന് കേരള സംഗീതനാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം. 1980 മുതൽ സ്കൂൾ നാടകവേദിയിൽനിന്ന് തുടങ്ങിയ നാടകയാത്ര നരിപ്പറ്റ രാജുവിന്റെ ‘ഞാൻ എവിടെയാണ്' എന്ന നാടകത്തിലൂടെ ഭാര്യ തങ്കവുമൊത്ത് വിവിധ വേദികളിൽ തുടരുന്നു.
ജോസ് ചിറമ്മലിന്റെ പരിശീലനക്കളരിയിലാണ് നാടകത്തെ ഗൗരവമായി സമീപിക്കാൻ തുടങ്ങുന്നത്. 1980-–90കളിൽ അമച്വർ നാടകരംഗത്ത് നൽകിയ സംഭാവന നിസ്തുലമാണ്.
കാടുകുറ്റി എം എസ് നമ്പൂതിരി നാടകശിൽപ്പശാലയിൽ പ്രധാന പരിശീലകനായി.
ഗൊഥോയെ കാത്ത്, സൂര്യവേട്ട എന്നീ നാടകങ്ങളിൽ ശ്രദ്ധേയവേഷം ചെയ്തു. നരിപ്പറ്റ രാജുവിന്റെ കിരാതവേദം, ആദ്യത്തെ രാജാവ്, ക്രൂശിതരായ പന്നികൾ, ഞാൻ എവിടെയാണ്, യാനം, പ്രവാചകൻമാരെ കല്ലെറിയുന്നവൾ എന്നീ നാടകങ്ങൾ നിരവധി വേദികളിൽ അവതരിപ്പിച്ചു.
സോപ്പ് ചീപ്പ് കണ്ണാടി, ആ മനുഷ്യൻ നീതന്നെ എന്നീ നാടകങ്ങൾ സംവിധാനം ചെയ്തു. ചിലപ്പതികാരം, പൂതപ്പാട്ട്, ചാവറ അച്ചന്റെ ജീവചരിത്രം എന്നിവയ്ക്ക് നൃത്തസംഗീത നാടകരൂപം നൽകി അവതരിപ്പിച്ചു.
ബാലസംഘം കലാജാഥയുടെ മുഖ്യസംഘാടകനും സംവിധായകനുമായിരുന്നു. സ്കൂൾ കലോത്സവങ്ങളിലും പോളിടെക്നിക്, സർവകലാശാല കലോത്സവങ്ങളിലും നിരവധി നാടകങ്ങൾക്ക് അണിയറയൊരുക്കി സമ്മാനങ്ങൾ വാരിക്കൂട്ടി. കോവിഡ് കാലത്ത് വീടുതന്നെ നാടകശാലയാക്കി. മാരിയോ ഫ്രറ്റിയുടെ പാബ്ലോ നെരൂദ എന്ന നാടകം സമൂഹമാധ്യമം വഴി പ്രചരിപ്പിച്ചു. ഭാര്യയും മക്കളുമായിരുന്നു സഹ അഭിനേതാക്കൾ. അന്ന് തുടങ്ങിയ ഹോം തിയറ്റർ റിയാലിറ്റീസ് എന്ന സംഘം ഇന്നും സജീവമാണ്. ചിത്രകാരൻ ബോസ് കൃഷ്ണമാചാരി മുതിർന്ന സഹോദരനാണ്. നാടകത്തെ മാറ്റിനിർത്തി അറുപത്തൊന്നുകാരനായ മോഹൻ കൃഷ്ണന് ഒരു ജീവിതമില്ല.










0 comments